19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 8, 2024

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് വെല്ലുവിളികള്‍ ഉയര്‍ത്തും, അധ്യാപകര്‍ അതിന് തയ്യാറെടുക്കണം; ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Janayugom Webdesk
കൊച്ചി
October 30, 2021 5:47 pm

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് അധ്യാപകര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അതിന് അവര്‍ തയ്യാറെടുക്കണം. ആദ്യദിവസങ്ങളില്‍ ഏറെ വിദ്യാര്‍ത്ഥികള്‍ എത്തിയെന്നു വരില്ല. രക്ഷാകര്‍ത്താക്കള്‍ക്ക് ഇക്കാര്യത്തില്‍ ഭയമുണ്ടാകും. എന്നാല്‍ അതില്‍ നിരാശപ്പെടരുതെന്നും കാര്യങ്ങള്‍ വേഗം പുരോഗമിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യകേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാരുടേയും മാനേജര്‍മാരുടേയും കൂട്ടായ്മയായ കൊച്ചി മെട്രോ സഹോദയയുടെ ഒന്നാം വാര്‍ഷിക സംഗമം കൊച്ചി റമദ റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമെന്നത് പുസ്തകം വായിക്കലോ കമ്പ്യൂട്ടര്‍ പറയുന്നത് കേള്‍ക്കലോ അല്ല. ഓരോ കുട്ടിയും പോകുന്ന സ്‌കൂളുകളാണ് ഭാവിയില്‍ അവര്‍ ആരായിത്തീരുമെന്ന് നിശ്ചയിക്കുന്നത്. എന്നാല്‍ ക്ലാസ്‌റൂമില്‍ ശ്രദ്ധിച്ചിരുന്നു കേള്‍ക്കുന്നതു മാത്രമല്ല വിദ്യാഭ്യാസം. അധ്യാപകരും സഹപാഠികളും എങ്ങനെ വിദ്യാര്‍ത്ഥികളോട് ഇടപഴകുന്നു എന്നതാണ് പ്രധാനം. 

ഏറ്റവും അടുത്ത കൂട്ടുകാരനോ കൂട്ടുകാരിയോ ആകും ചിലപ്പോള്‍ നമ്മുടെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുക. അതുകൊണ്ടു തന്നെ സംസ്‌കാരത്തിന്റെ സ്വാംശീകരണം സ്‌കൂളില്‍ നേരിട്ടു ചെന്നു പഠിച്ചാലേ ലഭ്യമാവുകയുള്ളു. നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള കൃത്രിമമാര്‍ഗങ്ങളിലൂടെ സ്വഭാവശുദ്ധിയും വ്യക്തിത്വവും ലഭിയ്ക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നിര്‍മിതബുദ്ധിക്ക് നമ്മെ സഹായിക്കാന്‍ മാത്രമേ കഴിയു. കോവിഡ് മൂലമുള്ള വീട്ടിലിരുപ്പ് കുട്ടികളെ കഷ്ടത്തിലാക്കി. അവരുടെ ബുദ്ധിപരവും ശാരീരകവുമായ വികാസം മുരടിച്ചു. വ്യായാമം കുറഞ്ഞു. എപ്പോഴും സ്‌ക്രീനില്‍ നോക്കുന്നതു മൂലം കാഴ്ചശക്തിക്കും വെല്ലുവിളിയായി. അവര്‍ യന്ത്രങ്ങളുമായി പൊരുത്തപ്പെട്ടു. യാഥാര്‍ത്ഥ്യത്തിലേയ്ക്ക് അവരെ തിരിച്ചു കൊണ്ടുവരുന്നത് വിഷമകരമായ കാര്യമാണ്. പ്രത്യേകിച്ചും സാധാരണ രീതിയിലുള്ള സ്‌കൂളില്‍ വന്നിട്ടില്ലാത്ത 5, 6, 7 വയസ്സുകളിലുള്ള കുട്ടികളുടെ കാര്യത്തിലൊക്കെ അധ്യാപകര്‍ക്ക് വലിയ പ്രയത്‌നം വേണ്ടി വരും. 

കഴിഞ്ഞ ഒന്നര വര്‍ഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രായോഗികമാക്കാന്‍ അധ്യാപകര്‍ അവരുടെ കഴിവതു ചെയ്തു. അവര്‍ എപ്പോഴും ചിരിച്ചു. പാട്ടുപാടി. നൃത്തം വെച്ചു. അതിനെല്ലാം അവരെ സല്യൂട്ട് ചെയ്യുന്നുവെന്നും വലിയ കരഘോഷങ്ങള്‍ക്കിടയില്‍ ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ നവംബര്‍ 1 പുതിയ അധ്യായം തുറക്കുകയാണ്. കൂടുതല്‍ വെല്ലുവിളിയാണ് വരാന്‍ പോകുന്നത്. സ്‌ക്രീനില്‍ കണ്ട കുട്ടികളല്ല അവരെന്ന് നമുക്ക് മനസ്സിലാകും. ജീവിതത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ അറിയാത്ത കുട്ടികള്‍ ഉണ്ടാകും. വ്യക്തിത വികസനത്തിലും അവര്‍ക്ക് കുറവുകളുണ്ടാകും. അതേ സമയം രോഗസാധ്യതകള്‍ കണക്കാക്കാതെ ചില കുട്ടികള്‍ അടുത്ത് ഇടപഴകുകയും ഭക്ഷണം പങ്കുവെയ്ക്കകുയം ഒരുമിച്ച് കളിയ്ക്കുകയും ചെയ്യും. 

നമ്മള്‍ മുതിര്‍ന്നവര്‍ ഭൂരിപക്ഷം പേരും വാക്‌സിനെടുത്തവരാണെന്നും കുട്ടികളില്‍ അധികം പേരും വാക്‌സിനെടുത്തവരല്ലെന്നും ഓര്‍ക്കണം. അതുകൊണ്ടു തന്നെ അവരുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സ്‌കൂളില്‍ വരാന്‍ ആരെയും നിര്‍ബന്ധിക്കരുത്. അവര്‍ ക്രമേണ വരുമെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് ഡോ. ദീപാ ചന്ദ്രന്‍,ഗോപിനാഥ് മുതുകാട്,പ്രശാന്ത് എം ജെ ‚വൈസ് പ്രസിഡന്റ്മാരായ എ. ചെന്താമരാക്ഷന്‍, ഫാദര്‍ വര്‍ഗീസ് കാച്ചപ്പള്ളി എന്നിവര്‍ പറഞ്ഞു. ജോയിന്റ് സെക്രട്ടറിമാരായ എം എം കബീര്‍, അനില്‍കുമാര്‍, അക്കാദമിക് കോഓര്‍ഡിനേറ്റര്‍ വിനോദ് നായര്‍, എക്‌സിക്യൂട്ടീവ് അംഗം ജയപ്രഭ, മേരി സാബു എന്നിവര്‍ പ്രസംഗിച്ചു.

ENGLISH SUMMARY: reopen­ing of schools will pose challenges;Justice Devan Ramachandran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.