20 May 2024, Monday

Related news

May 8, 2024
April 22, 2024
February 21, 2024
February 6, 2024
December 12, 2023
December 7, 2023
December 6, 2023
November 22, 2023
October 31, 2023
October 21, 2023

അനന്തമായ സാധ്യതകളും വിസ്മയങ്ങളുമായി പൊതുവിദ്യാലയങ്ങളിൽ ഇനി എഐ പരിശീലനം

സുരേഷ് എടപ്പാൾ
മലപ്പുറം
May 8, 2024 10:20 pm

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തമായ സാധ്യതകളും വിസ്മയങ്ങളും ഇനി കേരളത്തിലെ ക്ലാസ് മുറികളിലേക്ക്. രാജ്യത്തു തന്നെ എഐ സാങ്കേതികവിദ്യ പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഏതാനും മാസങ്ങൾക്കുള്ളിൽ കേരളത്തെ മാറ്റുന്നതിനുള്ള പരിശ്രമങ്ങളാണ് കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്നത്. സെക്കന്‍ഡറി തലം തൊട്ടുള്ള 80,000 അധ്യാപകര്‍ക്ക് മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ഈ മാസം രണ്ടുമുതൽ എല്ലാ ജില്ലകളിലും ആരംഭിച്ചു. സംസ്ഥാനത്തെ എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് 2024 ഓഗസ്റ്റ് മാസത്തോടെ എഐ പരിശീലനം പൂർത്തിയാക്കും. അധ്യാപകർ ലാപ‌്ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി പരിശീലനത്തിൽ പങ്കെടുക്കുന്നത്. എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ അധ്യാപകർക്ക് കൈറ്റ് നൽകിയ ജി-സ്യൂട്ട് അക്കൗണ്ടുകൾ ഉപയോഗിക്കും. കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിർദേശിക്കുന്ന എഐ ടൂളുകളായിരിക്കും അതത് സമയങ്ങളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തിൽ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകൾ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകർക്ക് അവസരം നൽകും. 

പരമ്പരാഗത ഐടി പരിശീലനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നടന്നു വരുന്ന എഐ പരിശീലനം തികച്ചും വേറിട്ട ഒരു അനുഭവമാണ് നൽകി വരുന്നതെന്ന് അധ്യാപകർ പറയുന്നു. ചാറ്റ് ജിപിടി പോലുള്ള ഏതാനും ചില എഐ സാങ്കേതികവിദ്യകളെ മാത്രമാണ് മുമ്പ് അധ്യാപകർക്ക് പരിചിതമായിരുന്നത്. എന്നാൽ ചാറ്റ് ജിപിടിയെ പോലും അതിന്റെ നൂതന സാധ്യതകളെ ക്ലാസ് റൂം പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ രീതിയിൽ എങ്ങനെ സമീപിക്കാം എന്നത് ഈ പരിശീലനം സാധ്യമാക്കി തരുന്നുണ്ട്. പഠനപ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുന്നതിനായി എഐ സാങ്കേതികവിദ്യകൾ എങ്ങനെ കൂടുതലായി പ്രയോജനപ്പെടുത്താം എന്നതാണ് മൂന്നുദിവസം കൊണ്ട് നടക്കുന്ന പരിശീലന ക്യാമ്പിൽ ചർച്ച ചെയ്യപ്പെട്ടത്. അതുപോലെ നിർമ്മിത ബുദ്ധി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ പരിമിതികളെയും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അതിന്റെ വരുംവരായ്കകളേക്കുറിച്ചുമെല്ലാം പരിശീലനത്തിൽ തുറന്ന ചർച്ച നടക്കുന്നു. മാറിയ കാലഘട്ടത്തിൽ എഐയുടെ സാന്നിധ്യം അധ്യാപകരെ കൂടുതൽ സ്മാർട്ടാക്കുമെന്നുറപ്പാണ്.

മെഷീൻ ലേണിങ് മുതൽ അവതാർ വരെ

ഇപ്പോൾ നടക്കുന്ന അധ്യാപകർക്കായുള്ള പരിശീലന പരിപാടിയിൽ ഏഴുഭാഗങ്ങളാണ് ഉള്ളത്. എഐ ഉപയോഗിച്ച് ഡോക്യുമെന്റുകളെ (പിഡിഎഫ്, ചിത്രം, വീഡിയോ ഉൾപ്പെടെ) ലളിതമായ ഭാഷയിൽ മാറ്റാനും ആശയം ചോരാതെ ഉള്ളടക്കം സംഗ്രഹിക്കാനും പുതിയവ തയ്യാറാക്കാനും സഹായകമാകുന്ന ‘സമ്മറൈസേഷൻ’ സങ്കേതങ്ങളാണ് ആദ്യഭാഗത്ത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും അവയെ കാർട്ടൂണുകൾ, പെയിന്റിങ്ങുകൾ എന്നിങ്ങനെ മാറ്റാനും ചിത്രങ്ങളോടൊപ്പം ഉള്ളടക്കം കൂട്ടിച്ചേർക്കാനും കഴിയുന്ന ഇമേജ് ജനറേഷൻ ആണ് രണ്ടാം ഭാഗം. എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട പ്രോംപ്റ്റുകൾ കൃത്യമായി നൽകാൻ സഹായിക്കുന്ന പ്രോംപ്റ്റ് എന്‍ജിനീയറിങ് ആണ് പരിശീലനത്തിന്റെ മൂന്നാം ഭാഗം. നിർമ്മിത ബുദ്ധിയുടെ ഉപയോക്താക്കൾ മാത്രമല്ല അവ പ്രോഗ്രാം വഴി എങ്ങനെ തയ്യാറാക്കുന്നു എന്ന് സ്വയം പരിശീലിക്കാൻ അധ്യാപകർക്ക് അവസരം നൽകുന്ന മെഷീൻ ലേണിങ് ആണ് പരിശീലനത്തിന്റെ നാലാം ഭാഗം. എഐ ഉപയോഗിച്ച് പ്രസന്റേഷനുകൾ, അനിമേഷനുകൾ തുടങ്ങിയവ തയ്യാറാക്കാനും പട്ടികകൾ, ഗ്രാഫുകൾ, ചാർട്ടുകൾ തുടങ്ങിയവ ആവശ്യത്തിനനുസരിച്ച് നിർമ്മിക്കാനും കസ്റ്റമൈസ് ചെയ്യാനും അഞ്ചാംഭാഗത്തും പരിചയപ്പെടുന്നു.
ആറാം ഭാഗം മൂല്യനിർണയത്തിന് എ ഐ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്. അധ്യാപകർക്ക് യൂണിറ്റ് ടെസ്റ്റുകൾ മുതൽ വിവിധ ചോദ്യമാതൃകകൾ തയ്യാറാക്കാനും അവസരം ലഭിക്കും. നിർമ്മിതബുദ്ധിയുടെ അപകടങ്ങൾ തിരിച്ചറിയാനും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗം തിരിച്ചറിയാനും അധ്യാപകരെ പര്യാപ്തമാക്കിക്കൊണ്ട് നടത്തുന്ന പരിശീലനത്തിന്റെ അവസാന ഭാഗത്ത് സ്വന്തം അവതാർ നിർമ്മിച്ച് ഡീപ് ഫേക്ക് എന്താണെന്നും സ്വകാര്യത, അൽഗോരിതം തുടങ്ങിയവയും മനസിലാക്കാന്‍ അധ്യാപകർക്ക് അവസരം ലഭിക്കുന്നുണ്ട്.

Eng­lish Summary:AI train­ing in pub­lic schools now with end­less pos­si­bil­i­ties and surprises
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.