17 November 2024, Sunday
KSFE Galaxy Chits Banner 2

ചില്ലറ പണപ്പെരുപ്പം വർധിച്ചു

Janayugom Webdesk
ന്യൂഡൽഹി
December 13, 2021 10:35 pm

രാജ്യത്ത് ചില്ലറ പണപ്പെരുപ്പം ഉയരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം നവംബറിൽ 4.91 ശതമാനം രേഖപ്പെടുത്തി. ഒക്ടോബറിൽ ഇത് 4.48 ശതമാനമായിരുന്നു. കഴിഞ്ഞവർഷം നവംബറിൽ 6.93 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് പണപ്പെരുപ്പ നിരക്ക് തിങ്കളാഴ്ച പുറത്തുവിട്ടത്. നടപ്പു സാമ്പത്തിക വർഷം തുടർച്ചയായി അഞ്ചാം മാസമാണ് ചില്ലറ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിന് താഴെ രേഖപ്പെടുത്തുന്നത്. 

ഒക്ടോബറിലേതിനെക്കാള്‍ പണപ്പെരുപ്പം ഉയർന്നെങ്കിലും വാർഷികാടിസ്ഥാനത്തിൽ ചില്ലറ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. റിസർവ് ബാങ്കിന്റെ ധനനയ രൂപീകരണത്തിൽ ഉപഭോക്തൃ വില സൂചികയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സൂചിക ആധാരമാക്കി നടപ്പു സാമ്പത്തിക വർഷം 5.3 ശതമാനം പണപ്പെരുപ്പമാണ് റിസർവ് ബാങ്ക് പ്രവചിക്കുന്നത്. രണ്ടാം പാദത്തിൽ 5.1 ശതമാനവും മൂന്നാം പാദത്തിൽ 4.5 ശതമാനവും നാലാം പാദത്തിൽ 5.8 ശതമാനവും വീതം ചില്ലറ പണപ്പെരുപ്പം കണക്കുകൂട്ടുന്നു. 2022–23 സാമ്പത്തിക വർഷം ആദ്യ പാദം ചില്ലറ പണപ്പെരുപ്പം 5.2 ശതമാനമായിരിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ നിരീക്ഷണം. 

ആറ് ശതമാനത്തിൽ താഴെയായി പണപ്പെരുപ്പം പിടിച്ചുനിർത്തുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഈ മാസം ചേർന്ന ബാങ്കിന്റെ ധനനയ സമിതി വായ്പാ നയം മാറ്റിയിരുന്നില്ല. റീപോ നിരക്ക് നാല് ശതമാനത്തിൽ തുടരുകയാണ്. തുടർച്ചയായി ഒമ്പതാം തവണയാണ് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നത്.
eng­lish summary;Retail infla­tion ris­es in the country
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.