8 November 2024, Friday
KSFE Galaxy Chits Banner 2

‘സുവർണ്ണ വെള്ളരികൾ’ വിരിയുന്ന ഗ്രീഷ്മ വെള്ളരിപ്പാടങ്ങൾ

ടി എം രജിന
August 28, 2022 12:05 pm

ഴിഞ്ഞുപോയ കാലത്തിലെ വിദൂര വീഥികളിലൂടെയുള്ള ഒരു മായികാ സഞ്ചാരമാണ് കെ ഇസ്മായിൽ എഴുതിയ ഷാനായ് പിഒ എന്ന നോവൽ. വായന പുരോഗമിക്കുമ്പോൾ നോവലിലെ ഒരു മുഖ്യ കഥാപാത്രമായ മാറോളിയെ പോലെ ഓരോ സാഹിത്യാസ്വാദകനും ചെകുത്താന്റെ വരവിൽപ്പെട്ട് ഷാനായ് ഭൂമികയിലൂടെ അപഥ സഞ്ചാരം നടത്തപ്പെടുന്നത് പോലുള്ള സാഹിത്യ അനുഭവം. അന്യദേശങ്ങളിൽ പ്രവാസികളായി അലയാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ ആദ്യ സംഘടിത പ്രവാസത്തിന്റെ (ബർമ്മാ പ്രവാസം) മഹാ ദുരിതപങ്കിലമായ അസ്തമയവും അനന്ത സാധ്യതകൾ തുറന്നിട്ട രണ്ടാം സംഘടിത പ്രവാസത്തിന്റെ (പേർഷ്യൻ പ്രവാസം) ഉദയവും, അതിന്റെ ചൂരും ചാമരവും വീശുന്ന കാലയളവുകൾക്കിടയിൽ ഒരു സമൂഹവും തലമുറകളും ഗ്രാമീണ ഇടവഴികളിലൂടെ പതിയെ കഥാവശേഷമാകുന്നു. തനത് വ്യക്തിത്വമുള്ള ചെറു ചെറു കഥകളിലൂടെ നോവലിസ്റ്റ് വരച്ചിടുന്നത് സവിശേഷമായ, വായനക്കാരുമായി അത്രമേൽ താദാത്മ്യം പ്രാപിക്കുന്ന ഷാനായ് ഗ്രാമത്തേയാണ്. തെല്ലൊരമ്പരപ്പും അവിശ്വസനീയതയും പകരുന്ന വിമോഹനമായ ആ ചാന്ദ്രരാത്രിയിൽ സൈഫു നിലാവിൽ വിരിഞ്ഞ സ്വർണ വെള്ളരികളുടെ പരാഗണത്തിനായി മാലാഖമാരോടൊപ്പം വെള്ളരിപ്പാടങ്ങളിൽ അലയുന്നതും മാറോളി ശല്യക്കാരായ പൂച്ചകളെ നാടുകടത്താനായി ഷാനായിലെ നീർത്തടങ്ങൾ തേടുന്നതും സുബ്ഹാൻ ബാലനായിരിക്കെ സംഭ്രമത്തോടെ പിടിവിട്ടുപോയ തന്റെ പട്ടത്തിന്റെ ചരടുകൾ തേടി ഷാനായിൽ വീണ്ടുമെത്തുന്നതുമെല്ലാം റിയലിസവും ഫാന്റസിയും സമാസമം ചേർത്ത് രാസ സംശ്ലേഷണം സംഭവിച്ച്, വായനയെ പുതിയ തലത്തിലേക്ക് മാറ്റുന്നു. യാഥാർത്ഥ്യങ്ങളിൽനിന്നകന്നും അടുത്തും വായനയുടെ ഗതിവേഗങ്ങളിൽ ഷാനായ് സമ്പൂർണ ഭാവനാ ദേശമായും യഥാർത്ഥ ഗ്രാമമായും മറ്റൊരു വിഭിന്ന ചാരുതയും നൽകുന്നുണ്ട്.
ഷാനായ് മാന്ത്രികമായ ഒരു സാഹിത്യ സമസ്യയാണ്.
എഴുത്തിന്റെ അയഞ്ഞ ഘടനയും നോവലാണോ കഥാസമാഹാരമാണോ അതോ ബാലസാഹിത്യമാണോ എന്ന ജിജ്ഞാസ വളർത്തും രീതിയിലുള്ള ക്രാഫ്റ്റും നോവലിനെ എവിടെവെച്ചും വായിച്ചുതുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യാവുന്ന ക്രമാനുഗതമല്ലാത്ത ആഖ്യാന രീതിയും സവിശേഷമായ ചാരുത പ്രദാനം ചെയ്യുന്നുണ്ട്. ലളിതവും കാല്പനികവുമായ സാഹിത്യ ഭാഷയും നോവലിൽ ഉടനീളം ഇളങ്കാറ്റായ് വീശുന്ന ഫാന്റസിയും മികച്ചൊരു സാഹിത്യാനുഭവമാക്കി നോവലിനെ മാറ്റിത്തീർക്കുന്നുണ്ട്. നോവലിന്റെ തുടക്കത്തിൽ തന്നെ വിത്തെറിഞ്ഞ നെൽപ്പാടങ്ങളിൽ പറവകളെ നോക്കാൻ നിയോഗിക്കപ്പെട്ട്, പക്ഷേ തന്റെ കടമ മറന്നു സ്വപ്നം കണ്ടു കിടന്നുറങ്ങിയ ബാലനായ സൈഫുവിനെയും പോസ്റ്റ് ഓഫീസിൽ ചുമതലയേറ്റെടുക്കാൻ വരുന്ന പോസ്റ്റുമാൻ നമ്പൂതിരിയേയും മരണമെന്ന ബിംബകല്പനയായ മരംകൊത്തി പക്ഷികളെ അന്വേഷിച്ചുവരുന്ന സുബ്ഹാനേയും വായനയിലേക്ക് കൊണ്ടുവരുമ്പോൾത്തന്നെ നോവൽ വേറിട്ട പാന്ഥാവിലൂടെ സഞ്ചാരം തുടരുന്നു.
കേരളീയ സമൂഹത്തിലെ അവിഭാജ്യ ഘടകങ്ങളായ പ്രവാസം, തിരിച്ചുവരവ്, പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്രകൾ, പ്രവാസങ്ങൾക്കിടയിലുള്ള ഒലിച്ചുപോക്കും കാത്തിരിപ്പുകളും, സ്ത്രീകളുടെ ഒറ്റപ്പെടലുകളും ഏകാന്തതകളും, അതിജീവനത്തിന്റെ ഭാഗമായ അവരുടെ പ്രകൃതിയോടുള്ള സമരസപ്പെടലുകളും അഭിവാജ്ഞകളും ഈ നോവലിൽ ഉടനീളം വായിച്ചെടുക്കാനാവും.
നോവലിന്റെ അവസാനമെത്തുമ്പോൾ നെല്പ്പാടത്തിനടുത്തു പച്ചമരത്തണലിൽ കിടന്നുറങ്ങിയ ബാലൻ കൗമാരദശയിലെത്തി റെയിൽവേ സ്റ്റേഷനിൽ ഒരുപക്ഷെ ചാഞ്ചാടുന്ന പരുക്കൻ ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ചു വിഷാദവാനായി കാത്തിരിക്കുന്നതും റിട്ടയർ ചെയ്ത് സ്വദേശത്തേക്ക് മടങ്ങിപ്പോവുന്ന പോസ്റ്റ്മാനെയും മരംകൊത്തിപ്പക്ഷികളെ പിടികൂടി മരണത്തെ രുചിക്കുന്ന സുബ്ഹാനെയും മാറോളിയെയും കണ്ട് തെല്ലൊരന്ധാളിപ്പോടെ വായനയെ ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്തുന്നുണ്ട്. ഗ്രീഷ്മ വെള്ളരിപ്പാടങ്ങൾക്ക് ഇത്രയും സൗന്ദര്യമുണ്ടായിരുന്നുവോയെന്ന് ഈ നോവലിലൂടെ കടന്നുപോവുമ്പോൾ അനുവാചകർ തെല്ലൊന്നമ്പരപ്പെടാതിരിക്കില്ല.
കാച്ചിക്കുറുക്കിയെടുത്ത കഥാപാത്രീകരണമാണെങ്കിലും. ‘നിങ്ങളുടെ തിരുമുറ്റങ്ങളിൽ കണിക്കൊന്നകൾ വീണ്ടും പൂത്തുലയുംവരേയും ഞാൻ നിങ്ങളോടൊപ്പമുണ്ടാകും’ എന്ന് അഭയാർത്ഥികളായ ബർമ്മാപലായന സംഘത്തിന് വാഗ്ദാനം നൽകിയ ഷാനായിലെ അവസാന നാടുവാഴി കൊയിലോത്ത് ചെറിയകുറുപ്പ് ജ്ഞാനപ്രകാശം ലഭിച്ച ഭരണാധികാരിയുടെ മാതൃകയാണ്. ഭൂപരിഷ്കരണ നിയമങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ച ചരിത്രപരമായ ദൗത്യങ്ങളെ കാല്പനികവും സൗമ്യവുമായി പ്രതിനിധാനം ചെയ്യുന്ന ചെറിയകുറുപ്പ് വായനയ്ക്കിടയിലൂടെ മിന്നിമറയുമ്പോഴും അതിമനോഹരമായ പ്രകാശവലയം മഴവില്ലുപോലെ ആലേഖനം ചെയ്യപ്പെട്ട ചുവന്ന ചക്രവാളങ്ങൾ ഷാനായിൽ കാണാം. അവിടെ ഉദിച്ചുയർന്ന പൂനിലാവിന്റെ ഭംഗിയുള്ള ആ വാഗ്ദത്തവും.
നോവലിന്റെ ആമുഖത്തിൽ പ്രശസ്ത എഴുത്തുകാരൻ സതീഷ് കെ സതീഷ് കുറിച്ചുവെച്ചത് പോലെ ‘മഴ കഴുകിയെടുത്ത പച്ചിലകളുടെ തെളിച്ചവും സ്വച്ഛന്ദമായ ഗ്രാമീണതയുടെ താലോലവും ഷാനായ് പിഒ യിൽ സൂഫിസംഗീതംപോലെ പരന്നൊഴുകുന്നു’. വായന അവസാനിക്കുമ്പോൾ ഓരോ വായനക്കാരന്റേയും ആസ്വാദന ബോധത്തിൽ ഉരുത്തിരിയുന്ന തീവ്രമായ ഗൃഹാതുരത്വത്തിൽനിന്നും ഷാനായ് ദേശത്തോടുള്ള മമതയിൽനിന്നും ആ ഉപചാര വാക്യം പുറപ്പെടാതിരിക്കില്ല. 

ഷാനായ് പിഒ
(നോവൽ)
കെ ഇസ്മായിൽ
ഗ്രാന്മ ബുക്സ്, കോഴിക്കോട്.
വില: 225 രൂപ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.