19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 6, 2023
September 16, 2022
June 17, 2022
May 21, 2022
May 8, 2022
April 28, 2022
April 4, 2022
April 3, 2022
April 3, 2022
April 2, 2022

ഉയരുന്ന ഇന്ധനവിലയും സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങളും

ജയനാരായണന്‍
October 17, 2021 5:22 am

രാജ്യത്ത് ഇന്ധനവില കഴിഞ്ഞ ദിവസങ്ങളിൽ വർധിക്കുകയുണ്ടായി. കഴിഞ്ഞ ഒരാഴ്ചയിൽ പെട്രോളിന് ഒന്നര രൂപയിലധികവും ഡീസലിന് രണ്ട് രൂപയിലധികവും വർധിച്ചു. രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളിൽ പെട്രോളിന്റെയും ചില സംസ്ഥാനങ്ങളിൽ ഡീസലിന്റെയും വില നൂറിൽ അധികമായി. സാധാരണക്കാരന്റെ കുടുംബ ബജറ്റിന് വൻ പ്രഹരമേല്പിച്ചുകൊണ്ട് പാചകവാതകത്തിന്റെയും വില കൂട്ടുകയുണ്ടായി. ഗാർഹിക വാതക ഡിലിണ്ടറിന് 200 രൂപയിലധികവും വാണിജ്യ സിലിണ്ടറിന് 400 രൂപയിലധികവും വില വർധിക്കുകയുണ്ടായി. ഇതിന് കാരണമായി എണ്ണക്കമ്പനികൾ പറയുന്നത് രാജ്യാന്തര മാർക്കറ്റിൽ എണ്ണയുടെ വില ഉയർന്നതും ഡോളറിനെതിരെ രൂപയുടെ വില ഇടിഞ്ഞതുമാണ് എന്നാണ്. കോവിഡിനെ തുടർന്ന് വൻ പ്രതിസന്ധിയിലായ പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം കൂനിന്മേൽ കുരു എന്ന നിലയിൽ വിലവർധന മാറിയിട്ടുണ്ട്.

കഴിഞ്ഞ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഉയർന്നുവന്ന പ്രധാന ആവശ്യം പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്‌ടിയിൽ ഉൾപ്പെടുത്തി അവയുടെ വില താഴ്ത്താൻ കേന്ദ്രസർക്കാർ തയാറാകുമോ എന്നതായിരുന്നു. ഇവയെ ജിഎസ്‌ടിയിൽ തല്‍ക്കാലം ഉൾപ്പെടുത്തേണ്ട എന്നതായിരുന്നു കേരളത്തിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും പൊതു നിലപാട്. പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി ഘടനയിൽ നിലവിലെ സ്ഥിതി തുടരാനാണ് ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം. പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധിച്ചതിനെ തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. സേവന രംഗത്തും വലിയ ചെലവാണ് പൊതുവേ അനുഭവപ്പെടുന്നത്. പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്‌ടിയിൽ കൊണ്ടു വന്നാൽ വില കുറയുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. എന്നാൽ അതിന് സാധ്യത ഇല്ലെന്ന് തന്നെയാണ് കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളുടെയും അഭിപ്രായം. വില കുറയണമെങ്കിൽ കേന്ദ്രം ഇപ്പോൾ പിരിച്ചെടുത്ത് ഉയർന്ന സെസ് നിറുത്തലാക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

രാജ്യത്ത് കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടയിൽ ഇന്ധന വില കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസങ്ങളിൽ ഇന്ധന വില ഭൂരിഭാഗം സംസ്ഥാനങ്ങളിലും ആറ് രൂപയിൽ അധികമായി. ഇപ്പോൾ വീണ്ടും പെട്രോളിയും ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില വർധിച്ചിരിക്കുന്നു. കോവിഡ് വ്യാപനം നേരിടാനും വികസന പ്രവർത്തനങ്ങൾക്കും അധിക വരുമാനം ആവശ്യമാണെന്നും ഇത് പെട്രോളിയം ഉല്പന്നങ്ങൾക്ക് ചുമത്തുന്ന നികുതിയിൽ നിന്നുമാണ് കണ്ടെത്തുന്നതെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്.

ജൂലൈ മാസത്തെ വിലസൂചികയെ അടിസ്ഥാനമാക്കി 37.29 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാന വില. ഇതിന്മേൽ ചുമത്തുന്ന കേന്ദ്ര നികുതി 32.90 രൂപയാണ്. സംസ്ഥാന നികുതി 25.13 രൂപയുമാണ്.

ഡീസലിന്റെ കാര്യത്തിൽ അടിസ്ഥാന വില 39.90 രൂപയും കേന്ദ്ര നികുതി 31.80 രൂപയാണ്. സംസ്ഥാന നികുതി 20. 12 രൂപയുമാണ്. ഡീലർ കമ്മീഷൻ പെട്രോളിന് 3.80 രൂപയും, ഡീസലിന് 2.59 രൂപയുമാണ്. കേന്ദ്ര നികുതിയിൽ സ്പെഷ്യൽ, അധിക എക്സൈസ് ഡ്യൂട്ടികളും, കേന്ദ്ര സെസും ഉൾപ്പെടുന്നു. കേന്ദ്ര നികുതിയുടെ 41 ശതമാനവും ലഭിക്കുന്നത് സംസ്ഥാന സർക്കാരുകൾക്കാണെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ വാദം ശരിയല്ലെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. സംസ്ഥാനങ്ങൾക്കായി വീതിക്കുന്ന എക്സൈസ് തീരുവ പെട്രോളിന് 1.40 രൂപയും ഡീസലിന് 1.80 രൂപയുമാണ്. ഇവയുടെ 41 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. പെട്രോളിന്റെ കാര്യത്തിൽ ഇത് വെറും 57 പൈസ മാത്രമാണ്. ജനസംഖ്യാനുപാതത്തിൽ പുനർ നിർണയിക്കുമ്പോൾ പെ­ട്രോൾ ഒരു ലിറ്ററിന് കേരളത്തിന് ലഭിക്കുന്നതും ഒരു രൂപ മാത്രമാണ്. പ്രത്യക്ഷ നികുതിയെക്കാളധികം പരോക്ഷ നികുതിയെ ആശ്രയിച്ചാണ് ഭരണ നിർവഹണത്തിനും, വികസന പ്രവർത്തനങ്ങൾക്കും ഉള്ള വരുമാനം കണ്ടെത്തുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും വീതിച്ചെടുക്കുന്ന ജിഎസ്‌ടിയിലേക്ക് മാറ്റുമ്പോൾ ജിഎസ്‌ടി നിരക്കനുസരിച്ച് പരമാവധി 28 ശതമാനം നികുതിമാത്രമാണ് ചുമത്താൻ കഴിയുക. റോഡ് നികുതിയും മറ്റു വേറെ നികുതികളും ചുമത്തിയാലും വിലയിൽ 30 ശതമാനമെങ്കിലും കുറയ്ക്കാൻ കഴിയുമെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. കേന്ദ്രം ചുമത്തുന്ന നികുതികളധികവും അധികസെസുകളുടെ രൂപത്തിലാണ്. ജിഎസ്‌ടിയിലേക്ക് മാറിയാലും കേന്ദ്രം പിരിക്കുന്ന സ്പെഷ്യൽ, അധിക സെസുകളും ഒഴിവാക്കാൻ കേന്ദ്രം ഇന്നത്തെ സ്ഥിതിയിൽ തയാറാകില്ല. ജിഎസ്‌ടിയിൽ പെട്രോളിയം ഉല്പന്നങ്ങൾക്ക് 28 ശതമാനം നികുതി ചുമത്തിയാലും സംസ്ഥാനങ്ങൾക്ക് ലഭിക്കുക പരമാവധി 14 ശതമാനം മാത്രമാണ്. ഇതുവഴി സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ കേന്ദ്രം തയാറാകുകയില്ല. ഇക്കാരണങ്ങളാലാണ് പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവന്നാലും വിലകുറയുകയില്ല എന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെടുന്നത്.

കോവിഡ് വ്യാപനം മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ദുരിതമാണ് പെട്രോളിന്റെയും പാചക വാതകത്തിന്റെയും വില വർധന അടിച്ചേല്പിക്കുന്നത്. സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം ഏറ്റവും വലിയ മാന്ദ്യത്തെയാണ് നേരിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 7.3 ശതമാനത്തിന്റെ റെക്കാർഡ് മാന്ദ്യത്തിലേക്കാണ് രാജ്യം കൂപ്പ് കുത്തിയത്. ഇത് രാജ്യത്തെ കോടിക്കണക്കിനാളുകളെ തൊഴിൽ രഹിതരാക്കുകയും ദാരിദ്രത്തിലേക്കും കടക്തെണിയിലേക്കും തള്ളിവിടുകയും ഉണ്ടായി.

കേന്ദ്രസർക്കാർ പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി പറയുന്നത് ആഗോള വിപണിയിലെ ക്രൂഡോയിലിന്റെ വിലക്കയറ്റവും, മുൻ യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധന വില കുറക്കാനായി 1.34 ലക്ഷം കോടിയുടെ ഓയിൽ ബോണ്ടുകൾ ഇറക്കിയതും ആയിരുന്നു. ഈ ബോണ്ടുകൾ തിരിച്ച് കൊടുക്കേണ്ട സമയമാണിപ്പോളെന്നും ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ചെന്നും ആണ് കേന്ദ്രസർക്കാർ പറയുന്നത്. ആയതിനാൽ എക്സൈസ് തീരുവകൾ കുറയ്ക്കാൻ കഴിയില്ല എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. കഴിഞ്ഞ സാമ്പത്തിക വർഷം എക്സൈസ് തീരുവയിലൂടെ 3.35 ലക്ഷം കോടി റെക്കോഡ് വരുമാനം ഉണ്ടാക്കിയെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷം ആദ്യത്തെ പാദത്തിൽ ഓയിൽ ബോണ്ട് ബാധ്യതയുടെ മൂന്നിരട്ടിയോളം തുക എക്സൈസ് തീരുവയിനത്തിൽ കേന്ദ്രസർക്കാർ പിരിച്ചെടുത്തിട്ടുണ്ട്. ഒന്നാം മോഡിസർക്കാർ കേന്ദ്ര ഭരണം ഏറ്റെടുക്കുന്ന വേളയിൽ ഒരു ബാരൽ ക്രൂഡോയിലിന്റെ വില 110 ഡോളറായിരുന്നു. ഇതിൽ 50 ശതമാനം കുറവ് വന്ന വേളയിലും പെട്രോളിയം ഉല്പന്നങ്ങളും വിലയിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തയാറായില്ല. പകരം അവയിന്മേലുള്ള കേന്ദ്ര നികുതികൾ വർധിപ്പിച്ചുകൊണ്ടേയിരുന്നു. 2014 ഏപ്രിൽ മാസത്തിൽ പെട്രോളിന്മേലുള്ള കേന്ദ്ര നികുതി 9.48 രൂപയായിരുന്നതിപ്പോൾ 32.90 രൂപയായി ഉയർന്ന കഴിഞ്ഞിരിക്കുന്നു. ഇതുവഴി 300 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഡീസലിന്റെ കാര്യത്തിൽ ഈ കാലയളവിൽ 3.56 രൂപയായിരുന്നത് 31.80 രൂപയായി ഉയർത്തിയിരിക്കുന്നു. ഏകദേശം 800 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്. ചുരുക്കത്തിൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന വിലയുടെ പകുതിയിലധികമാണ് നികുതിയിനത്തിൽ പിരിക്കുന്നത്. ഈ നികുതിയുടെ സിംഹഭാഗവും കേന്ദ്ര സർക്കാർ കൈയ്ക്കലാക്കുകയാണ്. പെട്രോളിയം ഇനങ്ങളിൽ നിന്നുള്ള നികുതിയിനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 46 ശതമാനത്തിന്റെ വർധനവ് കേന്ദ്ര സർക്കാരിന് ഉണ്ടായപ്പോൾ സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 1.7 ശതമാനത്തിന്റെ ഇടിവുണ്ടായി.

പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർധന വിവിധങ്ങളായ സാമ്പത്തിക മേഖലകളെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ഏകദേശം 120 ദശലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നല്കുന്നതും രാജ്യത്തെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായതും ആയ ട്രാന്‍സ്പോർട്ടേഷൻ മേഖല തകർച്ച നേരിടുകയാണ്. ചരക്ക് കടത്തുന്നതിനുപയോഗിക്കുന്ന ഒരു ട്രക്കിന്റെ ചെലവിന്റെ 70 ശതമാനത്തോളം വരുന്നത് ഇന്ധനത്തിനാണ്. ചെറുകിട ട്രക്കുകളിൽ ഭൂരിഭാഗവും ഈ മേഖലയിൽ നിന്നും നഷ്ടം കാരണം പിൻവലിക്കുകയുണ്ടായി. നമ്മുടെ രാജ്യത്തെ തൊഴിൽ മേഖലയുടെ 85 ശതമാനവും കൈയാളുന്ന ചെറുകിട ഇടത്തര വ്യാപാര മേഖലയും ഇന്ധന വിലകയറ്റം മൂലമുള്ള വൻ തൊഴിലില്ലായ്മ നേരിടുകയാണ്. ചുരുക്കത്തിൽ കോവിഡ വ്യാപനം മൂലം പ്രതിസന്ധിയിലായ ട്രാൻസ് പോർട്ടേഷൻ, കൃഷി, ചെറുകിട ഇടത്തരം വ്യവസായങ്ങൾ വീണ്ടും തകർച്ചയിലേക്ക് എത്തിയിരിക്കുന്നു. ഇന്ധന വിലവർധന പണപ്പെരുപ്പത്തിന് കാരണമാകുന്നതിനാൽ നികുതികളിൽ കുറവ് വരുത്തണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി ഉയർത്താനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടികാണിക്കപ്പെടുന്നത് കോർപറേറ്റ് ടാക്സ് വരുമാനത്തിലെ ഇടിവാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈയിനത്തിൽ അതിന് മുമ്പുള്ള വർഷത്തെക്കാൾ 20 ശതമാനത്തിന്റെ കുറവ് ഉണ്ടായി. കോർപറേറ്റ് ടാക്സ് വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറാകുകയില്ല. കാരണം ബിജെപിയെ അന്നമൂട്ടുന്നത് കോർപറേറ്റുകളാണ്. പിന്നെ എളുപ്പമുള്ള മാർഗം പെട്രോളിയം ഉല്പന്നങ്ങളുടെ വില കൂട്ടി പൊതുജനങ്ങളെ പിഴിയുകയാണ്. ഇതിനായി വിവിധങ്ങളായ കാരണങ്ങൾ പറയാമല്ലോ. ഒ എൻജിസിക്ക് പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റംമൂലം രണ്ട് ലക്ഷം കോടിയുടെ വിപണി മൂലധനം സമാഹരിക്കാൻ കഴിഞ്ഞു. ഇതിന്റെ പത്ത് ഇരട്ടിയെങ്കിലും റിലയൻസ് കൈവശപ്പെടുത്തിയിട്ടുണ്ടാകും. ഒരു ചരക്കിന്മേലുള്ള പരോക്ഷ നികുതി പാവപ്പെട്ടവരിൽ നിന്നും പണക്കാരിൽ നിന്നും ഒരുപോലെയാണ് പിരിച്ചെടുക്കുന്നത്. ഇത് കൂടുതലായി ബാധിക്കുക പാവപ്പെട്ടവരെയാണ് എന്ന് മാത്രം. ഇതിന്റെ പരിണിതഫലമോ ഭക്ഷണസാധനങ്ങൾ മുതൽ സ്റ്റീൽ വരെയും, സിമന്റ് മുതൽ വളം വരെയും ഉള്ള സാധനങ്ങളിൽ വിലക്കയറ്റം ഉണ്ടാകുന്നു. കാരണം കടത്ത് കൂലി വർധിക്കുമെന്നതാണ്. ഇത് പൊതുവിൽ വലിയ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ എത്തിക്കുന്നത്. കൂടാതെ വലിയ തൊഴിൽ നഷ്ടത്തിലേക്കും, ദാരിദ്ര്യത്തിലേക്കും രാജ്യത്തെ നയിക്കും. ഇതൊന്നും കോർപ്പറേറ്റ് ചങ്ങാതിമാരായ കേന്ദ്രഭരണക്കാർക്ക് പ്രശ്നമല്ല എന്നത് ദൗർഭാഗ്യകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.