28 April 2024, Sunday

Related news

June 6, 2023
September 16, 2022
June 17, 2022
May 21, 2022
May 8, 2022
April 28, 2022
April 4, 2022
April 3, 2022
April 3, 2022
April 2, 2022

സ്വകാര്യകമ്പനികൾ ഇന്ധന വില കുറച്ചു; പൊതുമേഖലയ്ക്ക് അനക്കമില്ല

ബേബി ആലുവ
കൊച്ചി
June 6, 2023 7:45 pm

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടർന്ന് ഇന്ധന വിലയിൽ ചെറിയ ഇളവ് വരുത്താൻ സ്വകാര്യ എണ്ണക്കമ്പനികൾ തയ്യാറായിട്ടും അറിഞ്ഞ ഭാവം നടിക്കാതെ പൊതുമേഖലയിലെ കമ്പനികൾ. അവരെ അതിന് പ്രേരിപ്പിക്കാതെ മൗനത്തിലാണ് കേന്ദ്ര സർക്കാരും. ക്രൂഡ് ഓയിലിന്റെ വിലയിൽ അന്താരാഷ്ട്ര വിപണിയിൽ ഗണ്യമായ കുറവുണ്ടായിട്ടും അതിന്റെ ഗുണഫലം ജനങ്ങൾക്കു നൽകാതെ കൊള്ള തുടരുകയായിരുന്നു രാജ്യത്തെ സ്വകാര്യ‑പൊതു ഉടമയിലുള്ള എണ്ണക്കമ്പനികൾ. കഴിഞ്ഞ വർഷം ഏപ്രിലിനു ശേഷം രാജ്യത്ത് പെട്രോൾ — ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ആ അവസരത്തിൽ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ശരാശരി വില 100 ഡോളറായിരുന്നെങ്കിൽ ഇപ്പോൾ 75 ഡോളറാണ്. സ്വകാര്യ‑പൊതു ഉടമയിലുള്ള കമ്പനികളൊക്കെ വൻ ലാഭത്തിലുമാണ്.

കഴിഞ്ഞ വർഷം മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലാഭം 6021.88 കോടി രൂപയായിരുന്നെങ്കിൽ ഇക്കുറി ഇത് 10, 058.69 കോടിയായാണ് ഉയർന്നിട്ടുള്ളത്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലുണ്ടായ നഷ്ടം നികത്തി 8241 കോടി രൂപയുടെ ലാഭമുണ്ടാക്കാനും കമ്പനിക്കായി. റഷ്യ — ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആ സമയത്ത് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വല്ലാതെ ഉയർന്നിരുന്നു.

ഹിന്ദുസ്ഥാൻ പെട്രോളിയ(എച്ച്പി ) ത്തിന്റെ നാലാം പാദത്തിലെ ലാഭം 3608 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2018 കോടിയായിരുന്നു. രണ്ട് പൊതുമേഖലാ കമ്പനികളെയും മറികടന്ന് ലാഭത്തിൽ 201 ശതമാനം വർദ്ധനയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്( ബിപിസിഎൽ) നേടിയത്. ഇക്കുറി 7,187.70 കോടി രൂപയാണ് ലാഭം. മുൻ കാലയളവിൽ 2130. 50 കോടി രൂപയായിരുന്നു ലാഭം.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടാത്തതിനെച്ചൊല്ലി വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ഇതോടെയാണ് ഇന്ധന വിലയിൽ ഒരു രൂപയുടെ കുറവ് വരുത്താൻ റിലയൻസ്, നയാര എനർജി എന്നീ സ്വകാര്യ എണ്ണക്കമ്പനികൾ തീരുമാനിച്ചത്. പൊതു മേഖലയിൽ നിന്ന് ഉപഭോക്താക്കളെ തങ്ങളുടെ പമ്പുകളിലേക്ക് ആകർഷിക്കുക എന്ന എന്ന കച്ചവട തന്ത്രവും തീരുമാനത്തിന് പിന്നിലുണ്ട്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയർന്നു നിന്നപ്പോൾ സംഭവിച്ച നഷ്ടം നികത്തുന്നതിനായാണ്, ഇപ്പോൾ പെട്രോൾ — ഡിസൽ വില കുറയ്ക്കാത്തതെന്നാണ് പൊതുമേഖലാ കമ്പനികളുടെ ന്യായം.

കേന്ദ്ര സർക്കാരോ പെട്രോളിയം മന്ത്രാലയമോ ഇക്കാര്യത്തിൽ തൃപ്തികര മായ വിശദീകരണത്തിന് തയ്യാറായിട്ടില്ല. രാജ്യത്ത് ആകെയുള്ള 86,925 റീട്ടെയിൽ ഇന്ധന പമ്പുകളിൽ 78,567 എണ്ണവും പൊതുമേഖലാ എണ്ണക്കമ്പനികളുടെ കൈവശമാണ്.

Eng­lish Sum­ma­ry: Pub­lic sec­tor com­pa­nies are not ready to reduce fuel prices
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.