22 December 2024, Sunday
KSFE Galaxy Chits Banner 2

ഋത്വിക് ഘട്ടക്കിനെ ഓര്‍ക്കുമ്പോള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
November 7, 2023 4:45 am

ജീവിച്ചിരുന്നെങ്കില്‍ നവംബര്‍ നാലിന് അദ്ദേഹത്തിന് 98 വയസ് പൂര്‍ത്തിയാവുമായിരുന്നു. എന്നാല്‍ കേവലം 50-ാം വയസില്‍ 1976 ഫെബ്രുവരി ആറിന് ഋത്വിക് ഘട്ടക്ക് ഓര്‍മ്മയായി; ബംഗാള്‍ ഗ്രാമങ്ങളില്‍ വിഭജനവും പട്ടിണിയും സൃഷ്ടിച്ച വിരഹത്തിന്റെ കഥകള്‍ ബാക്കിയാക്കിക്കൊണ്ട്. ഘട്ടക്കിന്റെ ഒരു ജന്മദിനം കൂടി കടന്നുപോവുമ്പോള്‍ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് നിസഹായരായ പിഞ്ചുകുഞ്ഞുങ്ങള്‍ക്കുമേല്‍ തീബോംബുകള്‍ വര്‍ഷിക്കപ്പെടുകയാണ്. പട്ടിണിയും അധിനിവേശവും നിര്‍ബാധം തുടരുന്നു. 1925ല്‍ ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലായിരുന്നു അദ്ദേഹം ജനിച്ചത്. 1947ലെ ബംഗാള്‍ വിഭജനം ഒരിക്കലും മനസുകൊണ്ട് ഘട്ടക് അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ബംഗാളിനെ വിഭജിച്ചുകൊണ്ടൊഴുകുന്ന പത്മാനദിയുടെ അക്കരെയുള്ള തങ്ങളുടെ ഗ്രാമങ്ങളെയും ജീവിതത്തെയും മറക്കാന്‍ വിസമ്മതിച്ചു. ഋത്വിക് ദായുടെ ഏറ്റവും ശക്തമായ സിനിമകള്‍ വിഭജനവുമായി ബന്ധപ്പെട്ടവയാണ്. മേഘേ ദഖാ താരാ (1960), കോമള്‍ ഗാന്ധാര്‍ (1961), സുബര്‍ണരേഖ (1962). മേഘേ ദഖാ താരാ അഥവാ മേഘത്താല്‍ മറഞ്ഞ നക്ഷത്രം, സ്ത്രീപക്ഷ സിനിമകളിലെ ഒരു നാഴികക്കല്ലാണ്. പിന്നീട് മലയാളമടക്കമുള്ള ഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ട, കുടുംബത്തിനായി ജീവിച്ച് ഉറ്റവരാല്‍ പൂര്‍ണമായും ത്യജിക്കപ്പെട്ട് തെരുവിലെറിയപ്പെടുന്ന സ്ത്രീകഥാപാത്രം (മലയാളത്തില്‍ ‘അധ്യാപിക’ എന്ന ചിത്രം നേരിട്ടുതന്നെ മേഘേ ദഖാ താരായോട് കടപ്പെട്ടിരിക്കുന്നു) ഈ ചിത്രത്തിലാണ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് (ബംഗ്ലാദേശ്) വിഭജനത്തിന്റെ ഫലമായി കല്‍ക്കത്തയിലെത്തപ്പെട്ട ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ നിത എന്ന പെണ്‍കുട്ടിയുടെ കഥയാണ്.

ക്ഷയരോഗം ബാധിച്ച് താന്‍ പോറ്റിയ കുടുംബവും കാമുകനുമുപേക്ഷിച്ച് നിരാലംബയായ നിത, സഹോദരന്റെ നെഞ്ചില്‍ തലവച്ച് അവസാനമായി പറയുന്ന വാക്കുകള്‍ “ജ്യേഷ്ഠാ എനിക്ക് ജീവിക്കണം” എന്നാണ്. ഈ കഥാപാത്രമാണ് പിന്നീട് അസംഖ്യം നായികാപ്രാധാന്യമുള്ള കച്ചവട ചിത്രങ്ങള്‍ക്ക് പ്രചോദനമായത്. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള മികച്ച ആദ്യകാല ചലച്ചിത്രവും മേഘേ ദഖാ താരാ തന്നെ. അടുത്ത ചിത്രമായ കോമള്‍ ഗാന്ധാറിലും വിഭജനവും അതിന്റെ ദുരന്തങ്ങളും തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അനസൂയ എന്ന പെണ്‍കുട്ടി, രണ്ട് വിപ്ലവ നാടകസംഘങ്ങള്‍ തമ്മിലുള്ള പകയില്‍, ഒരു ഗ്രൂപ്പിലെ പ്രധാനിയായ സ്വന്തം അമ്മാവന്‍ ശാന്തന്റെ താല്പര്യത്തിനെതിരെ ഭൃഗുവിന്റെ ട്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നതും ഭൃഗുവും തന്നെപ്പോലെ തന്നെ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുവന്ന അഭയാര്‍ത്ഥിയാണെന്ന് അനസൂയ തിരിച്ചറിയുന്നതും അവര്‍ തമ്മിലുള്ള പ്രണയവുമാണ് ഇതിവൃത്തം. ഈ സിനിമ യഥാര്‍ത്ഥത്തില്‍, ഇപ്റ്റയുടെ ബംഗാളിലെ പ്രധാന പ്രവര്‍ത്തകരിലൊരാളായിരുന്ന ഘട്ടക്കിനെ 1955ല്‍ സിപിഐയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ടും ഇപ്റ്റയിലെ പിണക്കങ്ങളെക്കുറിച്ചുമാണ്. 1955 ഒക്ടോബര്‍ 21 ന് സിപിഐ കല്‍ക്കത്ത ജില്ലാ കമ്മിറ്റി, ഘട്ടക്കിന് നല്‍കിയ കത്തില്‍ ഇത്രമാത്രമാണ് പറഞ്ഞിരുന്നത്. ‘പ്രിയ സഖാവേ, അന്വേഷണത്തില്‍ താങ്കള്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിച്ചത് ശരിയായ രീതിയിലല്ല. അതിനാല്‍ പാര്‍ട്ടി റോളില്‍ അബദ്ധവശാല്‍ ഉള്‍പ്പെടുത്തിയ താങ്കളുടെ പേര് നീക്കം ചെയ്യുന്നു.’ വിഭജനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ ചിത്രം, ഋത്വിക് ഘട്ടക്കിന്റെ ഏറ്റവും പ്രശസ്തമായ ‘സുബര്‍ണരേഖ’യാണ്. ഈശ്വര്‍ ചക്രവര്‍ത്തി എന്ന കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് ബംഗാളിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിപ്പെട്ടയാളുടെ കഥയാണ്. ഇളയ സഹോദരിയോടൊപ്പം ക്യാമ്പിലെത്തിയ ഈശ്വര്‍, താഴ്ന്ന ജാതിക്കാരി ഉപേക്ഷിച്ച ഒരു മകന്റെ കൂടി സംരക്ഷണം ഏറ്റെടുക്കുന്നു. സുബര്‍ണരേഖാ നദി (പത്മാനദി)യുടെ കരയിലെ ഒരു ഫാക്ടറിയില്‍ ജോലി കിട്ടുന്ന ഈശ്വര്‍ അഭിരാമിനെ ദൂരെ അയച്ച് പഠിപ്പിക്കുന്നു. അഭിരാം പഠനം പൂര്‍ത്തിയാക്കി തിരിച്ചുവരുമ്പോള്‍ ഈശ്വര്‍ കമ്പനിയുടെ മാനേജര്‍ ആയി ചുമതലയേറ്റിരുന്നു. ജീവിതം സന്തുഷ്ടമെന്ന് നോക്കിയ അതേ മുഹൂര്‍ത്തത്തില്‍ തന്നെ അഭിരാമിനെ ഉപേക്ഷിച്ചുപോയ അമ്മ മൃതപ്രായയായി തിരിച്ചെത്തുന്നു. അഭിരാമിന്റെ ജാതി വെളിപ്പെടുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുന്നു.


ഇതുകൂടി വായിക്കൂ:നൊബേല്‍ സമ്മാനം നോര്‍വെയിലെത്തുമ്പോള്‍… 


ദാരുണമായ ദുരന്തത്തിലേക്ക് നീങ്ങിയ കഥയുടെ അവസാനം, ഭാഗികമായി അന്ധനായ ഈശ്വര്‍, ആകെ അവശേഷിക്കുന്ന സഹോദരീപുത്രനോടൊപ്പം സുബര്‍ണരേഖാ നദിതിരികെ കടക്കാന്‍ പോവുകയാണ്. പക്ഷെ അക്കരയില്‍ ഉണ്ടായിരുന്ന സമൃദ്ധി, അന്ധനായ വൃദ്ധന്റെ മനസില്‍ മാത്രം. ഈ മൂന്നു ചിത്രങ്ങളിലും സ്വന്തം നാടുവിട്ട് അഭയാര്‍ത്ഥികളാകേണ്ടിവന്ന മനുഷ്യരുടെ, അവരനുഭവിക്കുന്ന മാനസിക വ്യഥയുടെ, ദുരന്തങ്ങളുടെ ജന്മനാട്ടിലേക്കുള്ള തിരിച്ചുപോക്കിന്റെ പ്രതീക്ഷകളെയാണ് പ്രമേയമാക്കിയിരിക്കുന്നത്. 1948ല്‍ കാലോ സയാര്‍ എന്ന നാടകം അവതരിപ്പിച്ചുകൊണ്ടാണ് ഘട്ടക്കിന്റെ അരങ്ങിലെ ജീവിതം ആരംഭിക്കുന്നത്. 1952ല്‍ നാഗരിക് എന്നൊരു ചിത്രം സംവിധാനം ചെയ്തു. എന്നാല്‍ സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലിക്ക് രണ്ടു വര്‍ഷം മുമ്പ് പൂര്‍ത്തിയായ സിനിമയുടെ പ്രിന്റ് ഡാക്കയില്‍ നഷ്ടപ്പെട്ടിടത്ത് നിന്ന് തിരികെക്കിട്ടി 24 വര്‍ഷം കഴിഞ്ഞാണ് റിലീസ് ചെയ്യുന്നത്. അതും ഘട്ടക്കിന്റെ മരണശേഷം. യഥാര്‍ത്ഥത്തില്‍ ബംഗാളില്‍ നിന്നു വരുന്ന ആദ്യ ആര്‍ട്ട് സിനിമ നാഗരിക് ആയിരുന്നു. ഘട്ടക് തിരക്കഥ എഴുതിയ ‘മധുമതി’ എന്ന ഹിന്ദി സിനിമ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നെങ്കിലും ഘട്ടക്ക് കച്ചവടസിനിമയുടെ പാത പിന്തുടര്‍ന്നില്ല. തിയേറ്ററുമായി ജീവിതകാലം മുഴുവന്‍ അഭിനേതാവായും നാടകകൃത്തായും സംവിധായകനായും ഘട്ടക്ക് ബന്ധപ്പെട്ടിരുന്നു. സ്വന്തമായി എഴുതിയ കാലോ സയാര്‍, ഡോളി, ജലോനോ, ജ്വാല തുടങ്ങിയ അനേകം നാടകങ്ങളോടൊപ്പം ടാഗോര്‍ കഥകള്‍, മറ്റു പ്രധാന ബംഗാളി എഴുത്തുകാരുടെ നാടകങ്ങള്‍ ഇവയോടെല്ലാം ഘട്ടക് സഹകരിച്ചു. ഇപ്റ്റയുടെ ബംഗാളിലെ ഏറ്റവും കരുത്തുറ്റ എഴുത്തുകാരനായിരുന്നു ഘട്ടക്.

സിനിമയെക്കുറിച്ചുള്ള ഘട്ടക്കിന്റെ പുസ്തകത്തെക്കുറിച്ച് സത്യജിത് റായ് പറഞ്ഞത് സിനിമയുടെ എല്ലാ മേഖലകളും സമഗ്രമായി ഇതില്‍ പ്രതിപാദിക്കുന്നു എന്നാണ്. ഘട്ടക്ക് സ്വന്തം ചിത്രങ്ങള്‍ക്കായി തിരഞ്ഞെടുത്ത പ്രമേയങ്ങള്‍ പലപ്പോഴും മറ്റൊരാള്‍ക്കും ചിന്തിക്കാന്‍ പോലുമാവാത്തവയാണ്. അജാന്ത്രിക് (1958) എന്ന ചിത്രം ഒരു കാറുമായുള്ള അതിന്റെ ഉടമയായ ടാക്സി ഡ്രൈവറുടെ ആത്മബന്ധത്തിന്റെ കഥയാണ്. തികച്ചും വ്യത്യസ്തമായ സിനിമ. അതുപോലെ തന്നെ തിതാഷ് എക്‌തി നദീര്‍നാം ‘(1973). തിതാഷ് നദിക്കരയിലെ മീന്‍പിടിത്തക്കാരുടെ ജീവിതം പറയുന്ന സിനിമ. 1952ല്‍ നിര്‍മ്മിച്ച നാഗരിക് 77ലാണ് റിലീസായത്. 1977ല്‍ സംവിധാനം ചെയ്ത ജുക്തി താക്കോ ഔര്‍ ഗാപ്പോ (റീസന്‍ ഡിബേറ്റ് ആന്റ് എ സ്റ്റോറി) എന്ന അവസാന ചിത്രത്തില്‍ മദ്യാസക്തനായ, ശിഥിലചിത്തനായ ബുദ്ധിജീവിയെ ഘട്ടക് തന്നെയാണ് അവതരിപ്പിച്ചത്. അനേകം ചിത്രങ്ങള്‍ക്ക് ഘട്ടക് തിരക്കഥ എഴുതുകയും ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ധാരാളം ഡോക്യുമെന്ററികളും ലഘുചിത്രങ്ങളും ഘട്ടക് സംവിധാനം ചെയ്തിട്ടുണ്ട്. എന്റെ ലെനിന്‍ (1970), ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ (1963), യെ ക്യോം (1970) തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടവയാണ്. ചില ഡോക്യുമെന്ററികള്‍ പൂര്‍ത്തിയാകാതെയും വിട്ടു. ഘട്ടക് പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു, ചുരുങ്ങിയ കാലഘട്ടത്തില്‍. 80 കളിലെ നവസിനിമയുടെ വക്താക്കളായി മാറിയ കുമാര്‍ സാഹ്നി, മണികൗള്‍, ജോണ്‍ അബ്രഹാം, സുഭാഷ് ഗായ്, അസ്രാണി തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അധ്യാപകനായി തുടരുമ്പോഴാണ് കാരണമൊന്നുമില്ലാതെ രാജിവച്ച് പിരിയുന്നത്. ഘട്ടക്കിന്റെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളെയും പോലെ, അഭയാര്‍ത്ഥിയുടെ സ്വത്വം ഘട്ടക്കിന്റെയും വ്യക്തിജീവിതം ഒരു ദുരന്തമാക്കി എന്നും പറയാം. കല്‍ക്കത്തയിലെ നിലാ ആശുപത്രിയില്‍ 50-ാം വയസില്‍ ആ അഭയാര്‍ത്ഥി വിടപറയുമ്പോള്‍ പൂര്‍ത്തിയാവാത്ത അനേകം ചിത്രങ്ങള്‍ ബാക്കിയായിരുന്നു. ഇന്ന് കൂടുതല്‍ അശാന്തമായ, അഭയാര്‍ത്ഥി പ്രവാഹം നടക്കുന്ന ലോകത്ത് ഘട്ടക്കിന്റെ ചലച്ചിത്രങ്ങള്‍ കൂടുതല്‍ പ്രസക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.