20 April 2024, Saturday

റബ്ബര്‍ വിലയിടിവ് തുടരുന്നു

എവിൻ പോൾ
തൊടുപുഴ
November 24, 2022 1:14 am

റബ്ബർ കർഷകരെ പ്രതിസന്ധിയിലാക്കി വിലയിടിവ് മാറ്റമില്ലാതെ തുടരുന്നു. റബ്ബർ ഷീറ്റിന് ഇന്നലെ വിപണിയിൽ 144 രൂപയും ഒട്ടുപാലിന് 82 രൂപയുമാണ് ശരാശരി വില ലഭിച്ചത്. സബ്സിഡിയുള്ള കർഷകർക്ക് നിലവിൽ റബ്ബർ ബോർഡ് വില നിശ്ചയിച്ചിരികോ്കുന്നത് പ്രകാരം 170 രൂപ വരെ ലഭിക്കും.
റബ്ബറിന് വിലയില്ലാത്തതിനാൽ മിക്ക തോട്ടങ്ങളിലും ടാപ്പിങ് നിർത്തി മരങ്ങള്‍ വെട്ടിനീക്കി മറ്റ് കൃഷികളിലേക്ക് തിരിയുന്ന സാഹചര്യമുണ്ട്. ടാപ്പിങ് തൊഴിലാളികൾക്ക് അർഹിച്ച കൂലി ലഭിക്കാതെ മറ്റ് ജീവിത മാർഗങ്ങളിലേക്ക് തിരിയുന്നതിനാൽ തൊഴിലാളിക്ഷാമം മൂലം വൻതോട്ടങ്ങളിലും വെട്ട് നിർത്തേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ട്. എസ്റ്റേറ്റുകളിൽ 20 ശതമാനം ബോണസ് കിട്ടിയിരുന്നിടത്ത് 11.33 ശതമാനം വരെയായി കുറഞ്ഞതും മറ്റൊരു കാരണമാണ്. 

റബ്ബർ ബോർഡ് ആർഎസ്എസ് 4 ന് (റബ്ബർ ഷീറ്റിന് )148 രൂപ വരെയും ഒട്ടുപാലിന് 90 രൂപ വരെയും വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും വ്യാപാരികൾ ഈ വില കർഷകർക്ക് നൽകുന്നില്ലെന്ന ആക്ഷേപമുണ്ട്. മഴ മാറി നിൽക്കുന്ന സാഹചര്യമായതിനാലും ഉല്പാദനം വർധിച്ചിരിക്കുന്നതിനാലും വിപണിയിലേക്ക് കൂടുതൽ റബ്ബർ എത്തിയതാണ് വിലയിടിവിന് ആധാരം. നേരത്തെ ചില ടയർ കമ്പനികൾ മാർക്കറ്റിൽ നിന്ന് വിട്ടുനിന്നിരുന്നു.
വിലയിടിവ് തുടരുന്നതിനാൽ പലരും റബ്ബർ ഷീറ്റിന്റെ ഉല്പാദനം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ മാസത്തിൽ 180 രൂപ മുതൽ 190 രൂപ വരെ വില ഉയർന്നത് കർഷകർക്ക് ആശ്വാസമായിരുന്നു. ഇതോടെ കൂടുതൽ പേർ റബ്ബർ കൃഷിയിലേക്ക് മടങ്ങിയെത്തുകയും തോട്ടങ്ങൾ പാട്ടത്തിനെടുക്കുകയും ചെയ്തിരുന്നു. ഈ കർഷകരെല്ലാം നിലവിൽ വിലയിടിവിൽ നട്ടം തിരിയുകയാണ്. ലാറ്റക്സിന് 185 രൂപ വരെ വില നിന്നിരുന്ന സമയത്ത് പാട്ടം എടുത്തവർക്ക് 90 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. വില പകുതിയിലേക്ക് കൂപ്പുകുത്തിയതിനൊപ്പം പ്രതികൂല കാലാവസ്ഥ മൂലം ഉല്പാദനവും കുറഞ്ഞു. 

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന റബ്ബർ പ്രോസസിങ് യൂണിറ്റുകളും തകർച്ചയുടെ വക്കിലാണ്. കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ പൊതുവിപണിയിൽ ഇടപെട്ട് കർഷകർക്ക് സബ്സിഡി ഇരുന്നൂറ് രൂപയാക്കി ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം. ഇറക്കുമാതി നിയന്ത്രിക്കാൻ വിപണിയിൽ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം റബ്ബർ കർഷകർക്ക് വിപണി വിലയിൽ വലിയ തിരിച്ചടി നേരിടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് റബ്ബർ ബോർഡ് അധികൃതർ പറയുന്നത്. 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.