28 March 2024, Thursday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

റഷ്യ‑ഉക്രെയ്‌ന്‍ യുദ്ധം ആശങ്ക

Janayugom Webdesk
വിജയവാഡ
October 18, 2022 11:30 pm

റഷ്യയും ഉക്രെയ്‌നും തമ്മിൽ തുടരുന്ന യുദ്ധത്തെ അതീവ ആശങ്കയോടെ വീക്ഷിക്കുന്നതായി സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്. യുദ്ധം മനുഷ്യജീവിതത്തിനും വിഭവങ്ങൾക്കും ഭക്ഷ്യസുരക്ഷയ്ക്കും വലിയ നാശം വരുത്തുന്നു. യുദ്ധം തീവ്രവും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അത്തരം സാഹചര്യത്തിൽ ആണവായുധങ്ങളുടെ ഉപയോഗം തള്ളിക്കളയാനാവില്ല. നാറ്റോയും റഷ്യയും ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്.
സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനുപകരം നാറ്റോ ഉക്രെയ്‌നിന് വൻതോതിൽ ആയുധങ്ങൾ വിതരണം ചെയ്യുന്നു. ഇത് റഷ്യയെ കൂടുതൽ ആക്രമണോത്സുകമായി യുദ്ധം തുടരാൻ പ്രേരിപ്പിക്കുന്നു. ദുരന്തത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാനും ഈ സ്തംഭനാവസ്ഥയ്ക്ക് അറുതി വരുത്താനും ആഗോള സമൂഹം ആത്മാർത്ഥമായ പരിശ്രമം നടത്തണം.
ആണവ വിനിമയം ഗുരുതരമായ കാലാവസ്ഥാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 100 ഹിരോഷിമ വലിപ്പമുള്ള ആണവായുധങ്ങൾ ഉപയോഗിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരിമിതമായ സമയത്തേക്ക് ആണവ യുദ്ധം നടത്തിയാല്‍ പോലും രണ്ടു ദശലക്ഷം മനുഷ്യജീവന്‍ അപകടത്തിലാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആണവായുധ പ്രയോഗം ആധുനിക നാഗരികതയ്ക്ക് വിരാമമിടും. ഇത് മനസിലാക്കി യുഎൻ ജനറൽ അസംബ്ലി 2017ൽ ആണവായുധ നിരോധന ഉടമ്പടി പാസാക്കി. ഇത് പ്രയോജനപ്പെടുത്തേണ്ട അവസരമാണിത്. ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ചേരുകയും ആണവായുധങ്ങൾ നിർത്തലാക്കുന്നതിന് പ്രതിജ്ഞാബദ്ധരാകുകയും വേണം. തങ്ങളുടെ ഉത്തരവാദിത്തം പൂർണമായി നിറവേറ്റാനുള്ള പ്രധാന ആണവശക്തി രാജ്യങ്ങളുടെ താല്പര്യമില്ലായ്മ അടുത്തിടെ നടന്ന ആണവനിർവ്യാപന ഉടമ്പടി സമ്മേളനത്തെ പരാജയപ്പെടുത്തി.
ലോകം സൈനിക ബജറ്റ് ഗണ്യമായി കുറയ്ക്കേണ്ടതുണ്ട്. എന്നാൽ ലാഭം നേടാനുള്ള കുറുക്കുവഴിയായി പല രാജ്യങ്ങളും സൈനിക പ്രതിരോധ വ്യവസായ‍ത്തെ കാണുകയാണ്. ഇതിന്റെ ഭാഗമായി അമേരിക്കയുടെ സൈനിക ബജറ്റ് 2021ൽ 2113 ബില്യൺ യുഎസ് ഡോളറിലെത്തി. ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നായ ദക്ഷിണേഷ്യയും ആണവായുധ മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നത് ദൗർഭാഗ്യകരമാണ്. രണ്ട് ആണവായുധ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ശാശ്വതമായ പിരിമുറുക്കത്തിലാണ്. പരസ്പരം നാല് വലിയ യുദ്ധങ്ങൾ നടന്ന ഒരേയൊരു പ്രദേശമാണിത്. അതിനാൽ, ആണവായുധങ്ങളുടെ അപകടം കണ്‍മുന്നിലുണ്ട്. ദക്ഷിണേഷ്യയെ ആണവായുധ വിമുക്ത മേഖലയായി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്. ആണവായുധങ്ങൾ ആദ്യം ഉപയോഗിക്കില്ലെന്ന ഉറപ്പ് ഇന്ത്യയും പാകിസ്ഥാനും ദൃഢമായി ആവര്‍ത്തിച്ചു സ്ഥിരീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Rus­sia-Ukraine war wor­ries: CPI

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.