
പ്രണയം അത് കൊതി തീരാത്ത കൊതിയാണെന്ന് അറിയണമെങ്കിൽ ഒരിക്കലെങ്കിലും പ്രണയിച്ചിരിക്കണം. ഭൂമിയിലെ ജീവിതത്തിൽ പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ കൈപ്പ് നിറഞ്ഞ ഇളം കാറ്റിന്റെ മർമ്മരവും ആസ്വദിക്കാത്ത ഏതെങ്കിലും ഒരത്മാവുണ്ടെങ്കിൽ അവരുടെ ആത്മാവിന് പോഷകാഹാരം കുറവായിരിക്കും. അതെ പണ്ടാരോ കുറിച്ചതുപോലെ പ്രണയം ആത്മാവിന്റെ പോഷകാ ഹാരമാണ്. ചുമന്ന പനിനീർ പുഷ്പത്തെ ചുംബിച്ചു ചുംബിച്ചു കമിതാക്കൾ കൈമാറിയിരുന്ന നിമിഷങ്ങളാണ് നാം ആസ്വദിച്ചത്. എന്നാൽ പൂത്തു പൂത്തു ചോന്ന ഉന്മാദ കാല കവിതകളിലൂടെ പ്രണയ ചെമ്പരത്തിയെ അനുവാചകരുടെ ഹൃദയത്തിൻ പൊത്തിൽ കുടിയിരുത്താൻ ശ്രമിച്ചിരിക്കുകയാണ് യുവ കവി സതീഷ്.
പ്രണയ ചെമ്പരത്തി എന്ന അദ്ദേഹത്തിന്റെ കവിതാ സമാഹാരത്തിന്റ തുടക്കത്തിൽ പ്രണയത്താൽ ഉടഞ്ഞുപോയ മനസ്സുകൾക്ക് എന്ന് കുറിച്ചിരിക്കുന്നുണ്ട്. ഒരുപക്ഷേ വിരഹത്തിന്റെ കൈപ്പുനീർ കയങ്ങളിൽ നിന്നും മോചനം ലഭിക്കാത്ത ഹൃദയങ്ങൾക്കായി അദ്ദേഹം ബോധപൂർവ്വം കുറിച്ചത് ആകാം ആ വരികൾ.
ബാല്യകാലത്ത് എനിക്ക് കത്ത് എഴുതാനായി അൽപം ഉപമയും ഉൽപ്രേക്ഷയും വേണമെന്നാവശ്യപെട്ട പിൽകാലത്തു പ്രണയത്തിന്റെ ലോക കവിയായി മാറിയ
പാബ്ലോ നെരൂദയുടെ വരികളും സതീഷിന്റ പുസ്തകത്തിന്റെ ഉമ്മറപ്പടിയിൽ കുറിക്കുന്നുണ്ട്. ” ഞാൻ ആർക്കു വേണ്ടി പാടുന്നുവോ അവർക്കതിറിഞ്ഞുകൂടാ. എങ്കിലും അതറിയുന്നവർ ജനിച്ചുകൊണ്ടേ യിരിക്കുകയാണ് ഈ ഭൂമി മുഴുവൻ അവരെ കൊണ്ട് നിറയും ” ഈ വരികൾ ഏതൊരു കാലഘട്ടത്തിലും ഹൃദയങ്ങളെ കീഴടക്കിയിട്ടേയുള്ളൂ. സതീഷിന്റെ കവിതകളിലും വായനക്കാരന്റെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന വരികൾ ചെറുതൊന്നുമല്ല.
ചില കവിതകൾ ഈരടികൾ ആയിരിക്കാം പക്ഷേ നൂറ് വാക്കിന് സമമായി മനസിനെ അടിമയാക്കി മാറ്റുന്ന പ്രണയത്തിന്റെ മെതിയടി ശബ്ദങ്ങൾ ധ്വനിക്കുന്നത് കേൾക്കാം.
യുവ കവി സതീഷ് കുറിച്ചത് പോലെ പ്രണയത്തിന്റെ പെരുങ്കടൽ കണ്ട് ഉന്മാദനായ ഒരു മനുഷ്യൻ കടൽ വരയ്ക്കാൻ ശ്രമിക്കുകയാണ് കടലാഴങ്ങളിലേക്ക് ക്ഷണിക്കുകയാണ് എന്ന് കവി ഈ പുസ്തകത്തിലൂടെ തെളിയിച്ചു കഴിഞ്ഞു. നമുക്കിടയിൽ പാതിരാക്കായൽ വെളിച്ചത്തിന്റെ മണം എന്ന തുടക്ക കവിതയിൽ ഇടവേളകൾക്ക് ശേഷം നീ വിളിച്ച മാമ്പഴ സന്ധ്യയിൽ എന്റെ നാട്ടിൽ തണുത്തതും കുളിർന്നതുമായ ഒരു ഇളം കാറ്റ് വീശി. അവിടെയും കൊണ്ടാവരി തീരുന്നില്ല ചെമ്പകം ഉടൽ പൂത്ത നിൻ മണമാർന്ന ഒരു പാതിരാ കായൽ കാറ്റ് ” ആദ്യത്തെ കവിത വായിക്കുമ്പോൾ തന്നെ അവസാന താള് വരെ നമ്മെ വായിക്കാൻ നിർബന്ധിക്കുന്ന ഒരു ആത്മാവ് എവിടെയോ ഈ പുസ്തകത്തിൽ ഒളിച്ചിരിപ്പുണ്ട് എന്നത് നിസ്സംശയം പറയാം. കാരണം എഴുത്തുകാരൻ പറയാതെ പറയുന്ന ഒരു അജ്ഞാത കാമുകി ഈ പുസ്തകത്താളുകളിൽ എല്ലാം ഉണർന്നിരിപ്പുണ്ട്.
അടുക്കാൻ താൻ ശ്രമിക്കുന്തോറും തന്നിൽ നിന്നും അകന്നകന്നു പോകുന്ന ഒരു തിര പോലെയാണ് അവൾ എന്ന് വായനക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നിയതിൽ തെറ്റുണ്ടോ? നിന്നിലേക്കുള്ള വഴിയിൽ ഞാൻ ഇപ്പോഴും ബ്ലോക്കിലാണ് എന്ന സൂചന അടുത്തെത്താൻ സാധിക്കാത്ത തീരത്തെ മണൽത്തരികൾ പോലെ തോന്നുന്നു. മൂക്കുത്തി എന്ന കവിതയിൽ സൂചിപ്പിച്ചതുപോലെ “ഇനിയൊരു ജന്മത്തിൽ നിന്റെ മൂക്കുത്തിയായി പിറക്കണം ഇളകിവീഴാത്ത വിധം നിന്നിൽ ചേർന്നിരിക്കാനായി” എന്തൊരു സങ്കല്പമാണ് ഇത്തരം വരികൾ കവിത മരിച്ചിട്ടില്ല പ്രണയ കവിതകൾക്ക് നാശവുമില്ല എന്ന് ഇതിലെ 101 കവിതകളും തെളിയിച്ചു കഴിഞ്ഞു. സുഗതകുമാരി ടീച്ചർ പണ്ട് പറഞ്ഞ കാര്യം മനസിൽ ഓടി കയറി വന്നു. നിങ്ങൾ കുട്ടികളെ സ്നേഹിക്കാൻ പഠിപ്പിക്കണം അതിനായി പ്രണയത്തിന്റെ പ്രണയം പഠിപ്പിക്കുന്ന ഒരു സർവ്വകലാശാല വരണമെന്ന് ഞാൻ വീണ്ടും ഓർത്തു പോയത് പ്രണയ ചെമ്പരത്തിയെടുത്ത് ഹൃദയത്തിൽ വച്ചപ്പോഴാണ്.
യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും തിരിഞ്ഞു നോക്കിയാൽ കാണാം നിന്നെ മാത്രം നോക്കിയിരിക്കുന്ന എന്നെ എന്ന് യാതൊരു മടിയുമില്ലാതെ കവിക്ക് വിളിച്ചു പറയാൻ സാധിക്കുന്നത് സ്നേഹിക്കുന്നവർ ധൈര്യം പാലിക്കുന്നത് കൊണ്ടാകാം. പി കേശവദേവ് മുൻപ് കുറിച്ചത് പോലെ ധീരന്മാർക്ക് മാത്രമേ എല്ലാവരെയും സ്നേഹിക്കാൻ കഴിയുള്ളു ഭീരുക്കൾ എല്ലാവരെയും കൊല്ലും. അതെ പ്രണയിക്കാൻ ധൈര്യം വേണം അത് തുറന്നു എഴുതാനും, അത് ഉള്ളവർ കവിഹൃദയങ്ങൾ ആയി മാറും. നീ വരുമ്പോൾ മാത്രം നിറഞ്ഞു പൂക്കുന്ന ചെമ്പരത്തികൾ എന്റെ കാട് ചുവപ്പിക്കുന്നു എന്ന് കവിക്കുറിച്ചപ്പോൾ ഒരുപക്ഷേ ഇതുവരെ ചെമ്പരത്തിയെ ശ്രദ്ധിക്കാത്തവർ പോലും ഉദ്യാനത്തിൽ ഒരിടം അതിനായി മാറ്റിവച്ചിരിക്കാം. ഇനി നീ എപ്പോഴാണ് വരിക എന്നൊരു ചോദ്യത്തിലൂടെയാണ് ഈ പുസ്തകത്തിലെ അവസാന കവിത കവി കുറിച്ചിരിക്കുന്നത്.
വർഷകാലങ്ങൾ കടന്നു പോവുകയാണ് മഞ്ഞമന്ദാരത്തിന്റെ മകരന്ദ തുള്ളികളാൽ മത്തു പിടിച്ച തളിർനീലികൾ പെരുമ്പുഴകളുടെ ആടിത്തിമി ർപ്പിലൂടെയാണ് ചോന്ന റോസാ മുള്ളുകൾ തേടി പോയിരിക്കുന്നത്. അവസാനത്തെ വരികൾ ഇങ്ങനെയായിരുന്നു “കാ ടകങ്ങളിൽ കവിത പൂക്കുമ്പോൾ കടൽ വിളിക്കുകയാണ് കൂട്ടുകാരി വർഷകാലങ്ങൾ കടന്നു പോവുകയാണ് ഇനി നീ എപ്പോഴാണ് വരിക “.…. ഇത് പ്രണയിനിക്ക് വേണ്ടിയാണ് എഴുതിയത് എങ്കിൽ മടങ്ങി വരാൻ ഒരാശംസ മാത്രം അനുവാചകനായ ഞാൻ അറിയിക്കുന്നു അതല്ല കവിത പിണങ്ങി പോയതായി ആണ് കവി സങ്കൽപ്പം എങ്കിൽ അവൾ മടങ്ങി വരും വരാതിരിക്കാൻ കഴിയില്ല. ചെമ്പരത്തിക്ക് പൂക്കാതിരിക്കാൻ കഴിയാത്ത പോലെ അവൾ ചോന്നു ചോന്നു പൂക്കും ഇനിയും പൂക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.