
താപസരായ ഋഷിമുനിമാരെ അനന്യമായ ഒരു വിശേഷണം കൊണ്ടാണ് വാല്മീകി ആരണ്യകാണ്ഡത്തിന്റെ ഒന്നാം സര്‍ഗത്തില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നത്. ‘രക്ഷണീയാസ്ത്വയാ ശശ്വദ് ഗര്‍ഭ ഭൂതാസ്തപോധനഃ — ഗര്‍ഭസ്ഥശിശുക്കള്‍ അമ്മയ്ക്കെന്ന പോലെ രക്ഷണീയരാണ് തപസ്വികള്‍’ (ശ്ലോകം 21). ഇവിടെ താപസ ജീവിതങ്ങളെ ഗര്‍ഭസ്ഥശിശുക്കള്‍ എന്നു വിശേഷിപ്പിച്ചത് വളരെ ആലോചനാമൃതമാണ്. തപസ് എന്നത് മാനസികമായി മറ്റൊരു ജന്മത്തിന് തയ്യാറെടുക്കുന്ന മനുഷ്യന്റെ നടപടിയാണല്ലോ.
ഹിറാ ഗുഹയില്‍ തപസ് ചെയ്ത മുഹമ്മദ് നബിയും ഗുരുവായൂരമ്പലത്തില്‍ തപസു ചെയ്ത പൂന്താനവും മേല്പത്തൂരും ദക്ഷിണേശ്വരം കാളീക്ഷേത്രത്തില്‍ തപസു ചെയ്ത ശ്രീരാമകൃഷ്ണപരമഹംസരും മരുത്വാമലയില്‍ തപസു ചെയ്ത നാരായണഗുരുവും തിരുവണ്ണാമലയില്‍ തപസു ചെയ്ത രമണമഹര്‍ഷിയും പോണ്ടിച്ചേരിയില്‍ തപസു ചെയ്ത അരബിന്ദോ ഘോഷും മറ്റുംമറ്റും തപസിനാല്‍ മറ്റൊരു മനുഷ്യനായി തന്നില്‍ത്തന്നെ വീണ്ടും ജനിച്ചവരാണ്. ഗൗതമ സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി മാറിയതും കാട്ടാളനായിരുന്ന രത്നാകരന്‍ വാല്മീകി മഹര്‍ഷിയും ആദികവിയും ആയിത്തീര്‍ന്നതും തപസിനാലാണെന്നു പ്രസിദ്ധമാണല്ലോ. തന്നില്‍ പുതിയതായി ജനിക്കാന്‍ അവനവന്‍ തന്നെ തയ്യാറാക്കുന്ന ഗര്‍ഭപാത്രമാണ് തപസ് എന്ന് നന്നായി മനസിലാക്കിയിരുന്ന വാല്മീകി താപസ ജനങ്ങളെ ഗര്‍ഭസ്ഥ ശിശുക്കള്‍ എന്നു വിശേഷിപ്പിച്ചതില്‍ അതിശയമില്ല.
സ്ത്രീപുരുഷ ഭേദമന്യേ എല്ലാ മനുഷ്യര്‍ക്കും സ്വായത്തമാക്കാവുന്ന സര്‍ഗാത്മക ഗര്‍ഭപാത്രമാണ് തപസ്. സാഹിത്യത്തിലും കലയിലും രാഷ്ട്രീയത്തിലും തത്വശാസ്ത്രത്തിലും സയന്‍സിലും ഒക്കെ തപസുചെയ്ത്, അതതുമേഖലകളില്‍ പുതുജന്മം നേടുകയും മേഖലകള്‍ക്ക് പുതുജന്മം നല്‍കുകയും ചെയ്ത അനേകം പ്രതിഭാശാലികളുണ്ട്. സ്പിനോസ, കാന്റ്, ഹെഗല്‍, മാര്‍ക്സ്, സിമോന്‍ദ ബുവ്വേ, സാര്‍ത്ര്, ഡെറിഡ എന്നിവര്‍ തത്വശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും മേഖലകളിലും ഡാര്‍വിനും ന്യൂട്ടണും ഐന്‍സ്റ്റെെനും മാക്സ് പ്ലാങ്കും മാഡം ക്യൂറിയും ലൂയിപാസ്ച്ചറും ശ്രീനിവാസ രാമാനുജനും സി വി രാമനും ഇ പി ജാനകിയമ്മാളും ഒക്കെ സയന്‍സിന്റെ മേഖലകളിലും ഫ്രോയിഡും യുങ്ങും ആഡ്‌ലറുമെല്ലാം മനഃശാസ്ത്രമേഖലയിലും വോള്‍ട്ടയര്‍, റൂസോ, എബ്രഹാം ലിങ്കണ്‍, ലെനിന്‍, മാവോ, ചെഗുവേര, കാസ്ട്രോ, ഹോചിമിന്‍, ഗാന്ധി, അംബേദ്കര്‍, തന്തൈപെരിയോര്‍, അയ്യന്‍കാളി, ഇഎംഎസ്, യാസര്‍ അറാഫത്ത്, നെല്‍സണ്‍മണ്ടേല തുടങ്ങി വി എസ് അച്യുതാനന്ദന്‍ വരെയുള്‍പ്പെടുന്നവര്‍ ആഗോള രാഷ്ട്രീയ മേഖലകളിലും നടത്തിയ തപസിന്റെ ഫലങ്ങള്‍ അവരുടെ ജീവിതത്തെയും ലോകജീവിതത്തെയും പുതിയതായി ജനിപ്പിച്ചു എന്നതും മനസിലാക്കണം.
എല്ലാം മറന്ന് ഒരുകാര്യത്തില്‍ ലക്ഷ്യബോധത്തോടെ ആണ്ടുമുഴുകി തന്നെ സമര്‍പ്പിക്കലാണ് തപസ്യ. ഇത് ആതുരശുശ്രൂഷയുടെ മേഖലയില്‍ ഫാദര്‍ ഡാമിയനും മദര്‍ തെരേസയും ഭാഷാഗവേഷണ മേഖലയില്‍ ഫാദര്‍ ഗുണ്ടര്‍ട്ടും വിദ്യാഭ്യാസ മേഖലയില്‍ ചാവറയച്ചനും രാമകഥാപഠന രംഗത്ത് ഫാദര്‍ കാമില്‍ ബുല്‍ക്കേയും ഒക്കെ നിര്‍വഹണം ചെയ്തു കാണിച്ചുതന്ന മാതൃകകളാണ്. ഇങ്ങനെ തന്റെയും ആകാവുന്നത്ര ലോകത്തിന്റെയും ജീവിതത്തെ പുതുക്കിപ്പണിയാന്‍ ജീവിതം തപസ്യയാക്കി കഴിയുന്നവരെ ഗര്‍ഭസ്ഥ ശിശുക്കളെപ്പോലെ ഭരണാധികാരികള്‍ പരിരക്ഷിക്കണം എന്നാണ് വാല്മീകി രാമായണം ആഹ്വാനം ചെയ്യുന്നതും ശ്രീരാമന്റെ നടപടികളിലൂടെ വരച്ചുകാട്ടുന്നതും.
ശാപവാക്കുകൊണ്ടുപോലും ആരെയും ദ്രോഹിക്കാതെ കഴിയുന്ന ശബരിയെയും സുതീക്ഷ്ണനെയും പോലുള്ള താപസജനങ്ങളെയാണ് കൊലവിളിച്ചും കൊന്നും രക്താദികളാല്‍ അഭിഷേകം ചെയ്തും രാവണാനുയായികളും ബന്ധുക്കളുമായ രാക്ഷസ ഭീകരര്‍ ഉപദ്രവിച്ചുകൊണ്ടിരുന്നത്.
ഇന്ദ്രാദിദേവകളെയും വസിഷ്ഠനെപ്പോലുള്ള ബ്രാഹ്മണഗുരുക്കന്മാരായ ഋഷികളെയും വെല്ലുവിളിച്ച് ത്രിശങ്കു സ്വര്‍ഗം തീര്‍ക്കാന്‍ കഴിവുണ്ടെന്നു തെളിയിച്ച ക്ഷത്രിയ കുലജാതനായ താപസഋഷിയാണ് വിശ്വാമിത്രന്‍. അദ്ദേഹം യാഗരക്ഷയ്ക്ക് സഹായം തേടി രാമലക്ഷ്മണന്മാരെ കൂടെകൂട്ടി കാട്ടിലേക്ക് വന്നത് സ്വയം രാക്ഷസരെ പ്രതിരോധിക്കാന്‍ കഴിവില്ലാത്തതുകൊണ്ടല്ല. വ്രതനിഷ്ഠനായ ഋഷി ആരെയും മനോവാക്‌കര്‍മ്മങ്ങളാല്‍ ഉപദ്രവിക്കാന്‍ പാടില്ല എന്നതുകൊണ്ടും അക്രമം ആരില്‍ നിന്നുണ്ടായാലും എവിടെയുണ്ടായാലും അതിന് അറുതി വരുത്തേണ്ടത് രാജ്യം ഭരിക്കുന്നവരുടെ കടമയാണ് എന്നതിനാലുമാണ്.
നിയമം കയ്യിലെടുക്കാതെ താപസരെ രാക്ഷസരില്‍ നിന്നു രക്ഷിക്കാന്‍ ഭരണകര്‍ത്താക്കളുടെ സഹായം തേടുകയാണ് വിശ്വമിത്ര മഹര്‍ഷി ചെയ്തത്. ഇത് മാതൃകാപരമായ ഋഷിചര്യയാണ്. താപസരെ ഉപദ്രവിക്കുന്ന രാക്ഷസരുടെ ക്രൂരവൃത്തികള്‍ കാണാതെ രാക്ഷസരുടെ വംശം ഉന്മൂലനം ചെയ്ത് ബ്രാഹ്മണാധിപത്യം സ്ഥാപിക്കുകയാണ് ശ്രീരാമന്‍ ചെയ്തത് എന്നൊക്കെ എഴുതുന്നതും പറയുന്നതും അലസമായ വിപ്ലവവായാടിത്തം മാത്രമാണ് — കഥയറിയാതെ ആട്ടം കാണല്‍ എന്നും പറയാം.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.