രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ രൂപീകരിച്ച മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് സമസ്ത പിൻമാറിയത് ലീഗിന് കനത്ത തിരിച്ചടിയാകുന്നു. വഖഫ് വിഷയത്തിൽ പള്ളികളെ കേന്ദ്രമാക്കി സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കാനായിരുന്നു ലീഗ് ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ വർഗീയ സംഘടനയായ ജമാ അത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ളവരുമായി ചേർന്ന് ലീഗ് നടത്തുന്ന നീക്കങ്ങളെ ശക്തമായി എതിർത്ത സമസ്ത സര്‍ക്കാര്‍ വിരുദ്ധ സമരത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാടെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ സമസ്തയ്ക്കില്ലെന്നുമായിരുന്നു സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയത്.
വഖഫ് വിഷയത്തിൽ സമൂഹത്തിൽ മതപരവും വർഗീയവുമായ ധ്രുവീകരണമുണ്ടാക്കാനുള്ള മുസ്‌ലിം ലീഗിന്റെ നീക്കം തന്നെയാണ് സമസ്തയുടെ ശരിയായ നിലപാടിലൂടെ അന്ന് തകർന്നടിഞ്ഞത്. ഇതിന് പിന്നാലെയാണ് സ്ഥിരം കോഓർഡിനേഷൻ കമ്മിറ്റി ആവശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സമസ്തയുടെ പിന്മാറ്റം. വിഷയം അടിസ്ഥാനമാക്കി രൂപീകരിക്കുന്ന സമിതിയുമായി മാത്രം സഹകരിക്കാമെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) മുശാവറ യോഗത്തിലുണ്ടായ തീരുമാനം.
രാഷ്ട്രീയ ലക്ഷ്യത്തോടെ ലീഗ് നേതൃത്വത്തിൽ രൂപീകരിച്ച മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റിയുടെ മുന്നോട്ടുള്ള യാത്ര തന്നെ ഇതിലൂടെ ഇല്ലാതാവുകയാണ്. വഖഫ് വിഷയത്തിലുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് സമസ്ത പിന്മാറിയതോടെ മറ്റു സംഘടനകുളുമായി ചേർന്ന് മുന്നോട്ടുപോകാനും സമസ്തയിലെ ലീഗ് അണികളെ ഉപയോഗിച്ച് സംഘടനയിൽ വിള്ളൽ വീഴ്ത്താനുമായിരുന്നു ലീഗ് പിന്നീട് ശ്രമിച്ചത്.
ബഹാവുദ്ദീൻ നദ്‌വിയടക്കമുള്ള ചില നേതാക്കളെയും ലീഗ് ഇതിനായി ഉപയോഗപ്പെടുത്തി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവരെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ലീഗ് അണികൾ അവഹേളിക്കുകയും ചെയ്തു.
ഇതോടെയാണ് മുസ്‌ലിം കോഓർഡിനേഷനെന്ന സ്ഥിരം സംവിധാനവുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംഘടനയെ എത്തിച്ചത്. അടിയന്തിര ഘട്ടങ്ങളിൽ വിളിച്ചു ചേർക്കുന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ സഹകരിക്കാമെന്നാണ് സംഘടനയുടെ തീരുമാനം.
English Summary: Samastha withdrew from the Muslim Coordinating Committee
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.