
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ സന്യാസിമാരെയും സന്യാസിമഠങ്ങളെയും രംഗത്തിറക്കി ഹെെന്ദവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് ബിജെപി-ആർഎസ്എസ് പരീക്ഷണം. ധർമ്മസന്ദേശ യാത്രയെന്ന പേരിലാണ് ഇത്തവണത്തെ വര്‍ഗീയ പ്രചരണം. നേരത്തെ ഹൈന്ദവം എന്ന പേരിൽ ഉൾപ്പെടെ നടത്തിയ നീക്കം കേരളത്തിൽ പരാജയപ്പെട്ടിരുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം സനാതന ധർമ്മ സംരക്ഷണമെന്ന പേരിൽ കേരളം വലിച്ചെറിഞ്ഞ അനാചാരങ്ങൾ ഉൾപ്പെടെ തിരിച്ചുകൊണ്ടുവരുവാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഇത്തവണത്തെ യാത്ര. നവകേരളം കെട്ടിപ്പെടുക്കാനുള്ള സർക്കാർ മുന്നേറ്റത്തിനിടെ നവകേരളമല്ല പഴയ കേരളമാണ് വേണ്ടതെന്ന മുദ്രാവാക്യമാണ് യാത്ര ഉയർത്തുന്നത്. കേരളത്തനിമയിലേക്ക് എന്ന പേരില്‍ ചിദാനന്ദപുരിയുടെ നേതൃത്വത്തിലാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. മംഗളൂരു കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ യാത്ര 21ന് തിരുവനന്തപുരത്ത് സമാപിക്കും.
നേരത്തെ ബിജെപി നേതാക്കൾ ഇത്തരം പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നുവെങ്കിൽ ഇത്തവണ തിരശീലയ്ക്ക് പുറകിൽ നിന്നാണ് പ്രവർത്തനം. സന്യാസിമാര്‍ നയിക്കുന്ന പരിപാടിയുടെ നേതൃത്വവും പ്രചരണ പരിപാടികളുമെല്ലാം ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ കൈകളിലാണ്.
കുമ്മനം രാജശേഖരൻ ഉൾപ്പെടെ മംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ധർമ്മ സന്ദേശയാത്രയുടെ രഥമെത്തിക്കുന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. കടുത്ത സംഘ്പരിവാർ അനുകൂലിയായ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി സംസ്ഥാന അധ്യക്ഷനായുള്ള മാർഗനിർദേശക മണ്ഡലമാണ് യാത്രയുടെ സംഘാടകർ. മാതാ അമൃതാനന്ദമയിയാണ് മുഖ്യരക്ഷാധികാരി.
മുമ്പും പലതവണ ചിദാനന്ദപുരി ബിജെപിക്ക് വേണ്ടി ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മതമേധാവിത്വ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ ശ്രീനാരായണഗുരുവിനെ സനാതന ധർമത്തിന്റെ വക്താവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഗുരു പ്രതിഷ്ഠാകർമം നിർവഹിച്ച കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രത്തിൽ നിന്ന് തന്നെ ഇത്തരമൊരു യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ആചാരങ്ങളിലേക്കും കേരളത്തനിമയിലേക്കും മടങ്ങാൻ സാധിക്കണമെന്നാണ് ചിദാനന്ദപുരിയുടെ വാദം. പലരും ഇവിടെ നവകേരളത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ നമുക്ക് വേണ്ടത് പഴയ സുന്ദര കേരളമാണെന്നായിരുന്നു ഇദ്ദേഹം കാസർകോട്ടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞത്. ചാതുർവർണ്യ വ്യവസ്ഥയും സ്ത്രീ പുരുഷ അസമത്വവുമെല്ലാം പുലർന്നിരുന്ന പഴയ കാലത്തേക്ക് മടങ്ങാനുള്ള ആഹ്വാനമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂല്യങ്ങൾ സംരക്ഷിക്കാനാണ് യാത്രയെന്ന് മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമൃതാനന്ദ പുരി പറഞ്ഞു.
ഹൈന്ദവം എന്ന പേരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യചുമതലക്കാരൻ ചിദാനന്ദപുരിയായിരുന്നു. രാഷ്ട്രീയമില്ലെന്നും ആധ്യാത്മിക സംഗമം മാത്രമാണെന്നും അവകാശപ്പെട്ടായിരുന്നു പരിപാടി നടത്തിയത്. എന്നാൽ ഉദ്ഘാടന ചടങ്ങിൽ തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെളിപ്പെട്ടിരുന്നു. രാഷ്ട്രീയ നേതാക്കൾ മതത്തിൽ ഇടപെടുകയാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ആത്മീയ നേതാക്കൾക്ക് രാഷ്ട്രീയത്തിൽ ഇടപെടൽ നടത്താമെന്നും സംഘാടകർ തുറന്നുപറഞ്ഞു. മുമ്പ് തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തസംഗമത്തിന്റെയും ചെയർമാൻ ചിദാനന്ദപുരിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.