ഇന്നത്തെ വിജയം ആര്‍ക്ക് സ്വന്തമാകും? കേരളത്തിന്റെ നായകനും മധ്യനിര താരവുമായ ജിജോ ജോസഫോ കര്‍ണാടകയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ സുധീര്‍ കൊടികേലയോ..ആരായിരിക്കും ഇന്ന് ജയിക്കുക. കേരളവും കര്‍ണാടകയും തമ്മില്‍ സന്തോഷ് ട്രോഫി സെമിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഇവരുടെ പ്രകടനത്തിനാണ്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളുമായി ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതാണ് ജിജോ ജോസഫ്.
രാജസ്ഥാനെതിരെ ഹാട്രിക്കും പഞ്ചാബിനെതിരെ രണ്ട് ഗോളുകളുമാണ് ജിജോയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. മറുവശത്ത് കര്‍ണാടകയുടെ സുധീര്‍ കൊടികേല നാല് ഗോളുകളുമായി തകര്‍പ്പന്‍ ഫോമിലാണ്. രണ്ട് ടീമുകളും ആക്രമണ ഫുട്ബോളിന്റെ വക്താക്കളാണ്. 4–4‑2 ശൈലിയില്‍ രണ്ട് ടീമുകളും കളത്തിലിറങ്ങുന്നതോടെ വാശിയേറിയ കളിക്കായിരിക്കും പയ്യനാട് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ഗ്രൂപ്പ് എയില്‍ പശ്ചിമബംഗാളും പഞ്ചാബും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്ന് ജയവും ഒരു സമനിലയുമായി തോല്‍വി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് മത്സരത്തില്‍ രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ ടീമുകളെ തോല്‍പ്പിച്ചപ്പോള്‍ മേഘാലയയോട് സമനില വഴങ്ങി. ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനക്കാരായാണ് കര്‍ണാടക സെമിക്ക് യോഗ്യത നേടിയത്. രണ്ട് ടീമുകളുടെയും കരുത്ത് മധ്യനിരയാണ്.
കേരളത്തിനായി നായകന്‍ ജിജോ ജോസഫും മുന്‍ ബ്ലാസ്റ്റേഴ്സ് താരം അര്‍ജുന്‍ ജയരാജും മുഹമ്മദ് റാഷിദും നിജോ ഗില്‍ബര്‍ട്ടും തന്നെയായിരിക്കും ആദ്യ ഇലവനില്‍ ഇടംപിടിക്കുക. മറുവശത്ത് സൊലൈമലൈ, അരുണ്‍കുമാര്‍, പ്രശാന്ത് കലിങ്ക എന്നിവരായിരിക്കും കമലേഷിനൊപ്പം ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യത. മധ്യനിരയിലെ കളിമികവിനനുസരിച്ചായിരിക്കും ഇന്നത്തെ കളിയില്‍ ടീമുകളുടെ വിജയസാധ്യത. കൊടികേല ഉള്‍പ്പെടുന്ന കര്‍ണാടക മുന്നേറ്റനിരയെ പിടിച്ചുകെട്ടുക എന്നതാണ് സഞ്ജുവും അജയ് അലക്സും ഉള്‍പ്പെടുന്ന കേരള പ്രതിരോധത്തിന്റെ തലവേദന.
കര്‍ണാടക മുന്നേറ്റനിരയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ഫൈനല്‍ സ്വപ്നം പൂവണിയും. ഇവര്‍ക്കൊപ്പം മുഹമ്മദ് സഹീഫ്, സോയല്‍ ജോഷി എന്നിവരും ഇറങ്ങുമ്പോള്‍ പ്രതിരോധത്തില്‍ ഏറെ ആശങ്കപ്പെടേണ്ടതില്ല. ഗോള്‍ വലയ്ക്കു മുന്നില്‍ പരിചയസമ്പന്നനായ മിഥുനും ഇറങ്ങുമ്പോള്‍ സെമിയില്‍ മുന്‍തൂക്കം കേരളത്തിനുതന്നെ.
മറുവശത്ത് വിഘ്നേഷിനെയും ജിജോയെയും പൂട്ടുന്നതാണ് കര്‍ണാടക പ്രതിരോധത്തിന്റെ വെല്ലുവിളി. ഇവരെ പിടിച്ചുകെട്ടാന്‍ കര്‍ണാടകയുടെ നായകന്‍ എം സുനില്‍കുമാര്‍, മലയാളി താരം സിജു. എസ്, ദര്‍ശന്‍ തുടങ്ങിയവര്‍ക്ക് കഴിഞ്ഞാല്‍ അവരുടെ ഫൈനല്‍ സ്വപ്നങ്ങളും പൂവണിയും. കര്‍ണാടകയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ ജയന്ത്കുമാര്‍ ചക്രവര്‍ത്തിതന്നെയാകും ഇറങ്ങുക.
English summary; santosh trophy; The match is tonight at 8:30 p.m
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.