2 May 2024, Thursday

ഉള്ളതെല്ലാം നാടിന് നല്കി സരസ്വതി മുത്തശ്ശി യാത്രയായി

ഷാജി ദേവദാസ്
വിളപ്പിൽ
September 2, 2021 10:05 am

നാടിന് വിലമതിക്കാനാവാത്ത ദാനം നൽകിയ നാടിന്റെ നന്മ മുത്തശ്ശി യാത്രയായി. കോടികള്‍ വിലവരുന്ന ഭൂസ്വത്ത് വിളപ്പിൽ സര്‍ക്കാര്‍ ആശുപത്രിക്ക് ദാനം നല്‍കിയ വിളപ്പിൽശാല അമ്പലത്തുംവിള ജെ സരസ്വതി ഭായി (96) യുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഏറെനാളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11 ന് ആയിരുന്നു അന്ത്യം.

കുടുംബ ഓഹരിയായി കിട്ടിയ ഒന്നേകാൽ ഏക്കര്‍ ഭൂമിയിൽ ഒരേക്കർ 1957 ലാണ് സരസ്വതി ഭായി വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. ഇന്ന് ഈ ഭൂമിക്ക് പത്ത് കോടിയോളം രൂപ വിലവരും. ശേഷിച്ച 25 സെൻ്റ് പാവങ്ങൾക്ക് വീടുവയ്ക്കാൻ നൽകി. മക്കള്‍ക്കുപോലും ഓഹരി നല്‍കാതെയാണ് സരസ്വതീഭായി ഈ പുണ്യകർമ്മം ചെയ്തത്.

1961 ല്‍ വിളപ്പില്‍ശാല ആശുപത്രി സരസ്വതീഭായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി നല്‍കിയതിനു പകരമായി മക്കൾക്കോ കൊച്ചു മക്കൾക്കോ സര്‍ക്കാര്‍ ജോലിയും അന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സമ്പന്നതയിൽ കഴിഞ്ഞിരുന്ന അമ്പലത്തുംവിള കുടുംബം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്ഷയിച്ചു. സരസ്വതീ ഭായി പേരക്കുട്ടിക്ക് ഒരു ജോലിയെന്ന ആവശ്യവുമായി പലവട്ടം മന്ത്രിമന്ദിരങ്ങൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

2013 ല്‍ വിളപ്പില്‍ശാല ആശുപത്രി സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയര്‍ത്തിയതിനൊപ്പം പുതിയ ബഹുനില മന്ദിരവും വന്നു. വിളപ്പിൽശാല ആശുപത്രിയുടെ പുതിയ മന്ദിരത്തിന് സരസ്വതിഭായിയുടെ പേര് നൽകണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടില്ല. ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ 2017ൽ ആശുപത്രി ഹാളിന് സരസ്വതീഭായിയുടെ പേര് നൽകി. ആശുപത്രിയിൽ അവരുടെ ഛായാചിത്രവും സ്ഥാപിച്ചു. അന്നതുകണ്ട് ആ അമ്മയുടെ മനസ് സന്തോഷിച്ചു. നന്മ മുത്തശ്ശിക്ക് നാട് പകരം നൽകിയത് അത്ര മാത്രം.

ഉള്ളതെല്ലാം നാടിന് ദാനം നൽകിക്കഴിഞ്ഞ്, ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാതെയാണ് സരസ്വതിഭായി ലോകത്തോട് വിടപറഞ്ഞത്. മകൻ റിട്ട. എസ് ഐ ഭദ്രകുമാറിന്റെയും മരുമകൾ ശാന്തയുടേയും സംരക്ഷണത്തിലും പരിചരണത്തിലുമായിരുന്നു അമ്മ കഴിഞ്ഞിരുന്നത്. വിളപ്പിൽശാല ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. അഡ്വ. ഐ ബി സതീഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് എസ് കെ പ്രീജ, വൈസ് പ്രസിഡന്റ് ചന്ദ്രൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, വൈസ് പ്രസിഡന്റ് ഡി ഷാജി, ബിജെപി ദക്ഷിണമേഖലാ ഉപാധ്യക്ഷൻ മുക്കംപാലമൂട് ബിജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് രാജ്, സിപിഐ നേതാവ് സതീഷ് കുമാർ, സിപിഐ (എം) ലോക്കൽ സെക്രട്ടറി ഷൺമുഖൻ, മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് ചീരൻ, സെക്യുരിറ്റി വിഭാഗം എസ് പി വിജയകുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തി. ഇന്നലെ 11 മണിക്ക് തയ്ക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു.

അവസാന നാളുകളിൽ ആ മനസു നിറയെ തന്റെ കൊച്ചുകൾ പ്രസീദയ്ക്ക് ഒരു സർക്കാർ ജോലിയെന്ന സ്വപ്നം ബാക്കിയുണ്ടായിരുന്നു. രോഗകിടക്കയിൽ കഴിയുമ്പോൾ തന്നെ കാണാനെത്തുന്ന രാഷ്ട്രീയ നേതാക്കളോട് അമ്പലത്തുംവിള അമ്മയുടെ യാചനയും അതുമാത്രമായിരുന്നു. നാടിന് നന്മ മാത്രം നൽകിയ ഈ അമ്മയ്ക്ക് നാടെന്ത് നൽകിയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.