23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

സതീശനും ഐഎൻടിയുസിയും നേർക്കുനേർ; കോൺഗ്രസിൽ പുതിയ പോർമുഖം

ബേബി ആലുവ
കൊച്ചി
April 2, 2022 9:29 pm

കേരളത്തിലെ കോൺഗ്രസിൽ പുതിയൊരു പോർമുഖം കൂടി തുറന്നു. പ്രതിപക്ഷ നേതാവും പോഷക സംഘടനയായ ഐഎൻടിയുസിയുമാണ് പ്രതിയോഗികൾ. സംഘടനാ കാര്യങ്ങളിൽ കുത്തഴിഞ്ഞ പുസ്തകമാണെങ്കിലും നിരന്തരം സംഭവിക്കുന്ന പോരും ഒളിപ്പോരും വിഴുപ്പലക്കലും എല്ലാം ചേർന്ന് കോൺഗ്രസ് സദാ ചലിക്കുന്നൊരു പാർട്ടിയായി മാറിയിട്ടുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലടക്കം നിറഞ്ഞ പരിഹാസം.

പരസ്പരമുള്ള പാരവയ്പിന്റെ ഫലമായി പാതിവഴിയിൽ നിലച്ച പുനഃസംഘടന, ദേശീയ നേതൃത്വം നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാതെ പോയ അംഗത്വ വിതരണം, രാജ്യസഭാ സീറ്റ് കാക്ക കൊത്തിപ്പോയതിൽ നിരാശയും അമർഷവുമുള്ള ഭൈമീകാമുകരുടെ അപശബ്ദങ്ങൾ, ചെന്നിത്തല-സതീശൻ പക്ഷപാതികളുടെ സൈബർ യുദ്ധം. അങ്ങനെ, ഒന്നു കഴിയുമ്പോൾ മറ്റൊന്ന് എന്ന കൃത്യമായ ക്രമത്തിൽ കോൺഗ്രസിനെ ചലിപ്പിക്കുന്ന വിഷയങ്ങളെത്രയെന്നാണ് അണികളുടെ ചോദ്യം.

ഇപ്പോൾ, പുതുതായി മറ്റൊന്നും. ദേശീയ പണിമുടക്കിലെ കേരള ഐഎൻടിയുസിയുടെ പ്രകടനം പ്രകോപിപ്പിച്ചപ്പോഴാണ്, ഐ­എൻ­ടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്നു പരസ്യമായി പ്രതികരിച്ച് സതീശൻ അരിശം തീർത്തത്. എഐസിസിയുടെ സർക്കുലറുകളിലൊക്കെ ഐഎൻടിയുസിയുമായുള്ള ബ­ന്ധം കൃത്യമായി നിർവചിച്ചിട്ടുണ്ടെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മയത്തിൽ സതീശനെ ഓർമ്മിപ്പിക്കാനേ മുതിർന്നുള്ളുവെങ്കിലും ചങ്ങനാശേരിയിൽ ഐഎൻടിയുസി പ്രതിഷേധവുമായി തെരുവിലിറങ്ങുകതന്നെ ചെയ്തു.

ഇതിനിടെ, ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയാണെന്ന് ഉറപ്പിച്ച്, സതീശനെ തള്ളി പഴയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റുമായി വിഷയത്തിൽ കക്ഷി ചേർന്നു.

സമൂഹ മാധ്യമങ്ങളിൽ അനുയായികൾ ചേരിതിരിഞ്ഞ് പോർവിളി നടത്തുന്നതിനിടയിൽ, കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന അഞ്ചാം പത്തികൾ പാർട്ടിയിൽത്തന്നെയുണ്ടെന്ന വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി. സ്വന്തം നേതാക്കളെയല്ലാതെ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് കോൺഗ്രസ് അണികൾ സോഷ്യൽ മീഡിയയിൽ ഒരക്ഷരം പറയാത്തതിൽ തിരുവഞ്ചൂരിനു സങ്കടമുണ്ട്.

സതീശനും ഐഎൻടിയുസിയും തമ്മിലുള്ള കൊമ്പുകോർക്കലിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പോലും സതീശന്റെ രക്ഷയ്ക്കെത്തിയിട്ടില്ല എന്നതാണ് പൊറാട്ട് നാടകത്തിലെ മുഖ്യ തമാശ. പ്രതിപക്ഷ നേതാവിന്റെ അവസ്ഥ കണ്ട് രസിക്കുകയാണ് ഉമ്മൻ ചാണ്ടി ‑ചെന്നിത്തല ദ്വയവും അനുചരന്മാരും. കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും ദേശീയ നേതൃത്വങ്ങളിൽ ആരെങ്കിലും ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയില്ലെങ്കിൽ സംഗതി ഇനിയും വഷളാകും. അവരാണെങ്കിൽ, വിഷയം നന്നായി മൂക്കാനായി കാക്കുകയാണുതാനും.

Eng­lish Sum­ma­ry: Satheesan and INTUC face to face; New front in Congress

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.