8 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 16, 2023
October 27, 2023
September 22, 2023
September 21, 2023
September 20, 2023
September 18, 2023
September 17, 2023
September 15, 2023
September 14, 2023
September 6, 2023

ശാസ്ത്രവിജയം: ചന്ദ്രോപരിതലത്തിൽ സേഫ് ലാന്‍ഡിങ്

Janayugom Webdesk
ബംഗളൂരു
August 24, 2023 12:25 am

ശാസ്ത്രലോകം സാക്ഷി. 140 കോടി ജനങ്ങളുടെ പ്രതീക്ഷ സഫലം. ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ മുദ്ര പതിഞ്ഞു. രാജ്യത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തി ചന്ദ്രയാൻ 3 ദൗത്യം പൂര്‍ണ വിജയം.
40 ദിവസം നീണ്ട യാത്രയ്ക്കൊടുവില്‍ മുൻ നിശ്ചയിച്ച പ്രകാരം വൈകുന്നേരം 6.04 ന് സോഫ്റ്റ് ലാൻഡിങ് യാഥാര്‍ത്ഥ്യമായി. ഇതോടെ ചന്ദ്രന്റെ ​ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തേതും സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തേതുമായ രാജ്യമായി ഇന്ത്യ മാറി. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ ഇതിന് മുമ്പ് സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. 2019 സെപ്റ്റംബറിൽ ഇന്ത്യയുടെ ചന്ദ്രയാൻ‑2 ദൗത്യം ലാന്‍ഡിങ്ങില്‍ പരാജയപ്പെട്ടിരുന്നു. 

ജൂലൈ 14 നായിരുന്നു ചന്ദ്രയാന്റെ വിക്ഷേപണം. ലാൻഡിങ്ങിന് മുമ്പുള്ള നാല് ഘട്ടങ്ങളും പിഴവുകളില്ലാതെ ചന്ദ്രയാൻ 3 പൂര്‍ത്തിയാക്കി. ബംഗളൂരു പീനിയയിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപറേഷന്‍ കോംപ്ലക്‌സില്‍ നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. മണിക്കൂറിൽ 3600 കിലോമീറ്റര്‍ വേഗത്തിൽ ചന്ദ്രന്റെ അടുത്തെത്തിയപ്പോള്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള നടപടികൾ ആരംഭിച്ചു. രണ്ടുമണിക്കൂർ മുമ്പ് സാഹചര്യങ്ങളും പേടകത്തിന്റെ ആരോഗ്യവും വിലയിരുത്തി ലാന്‍ഡിങ്ങിന് അനുകൂലമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.
വൈകിട്ട് 5.47 മുതൽ ചന്ദ്രനിലേക്ക് ഇറങ്ങുന്നതിനുള്ള ജ്വലനം ആരംഭിച്ചു. ഏറെ സങ്കീര്‍ണവും ആശങ്ക നിറഞ്ഞതുമായിരുന്നു സോഫ്റ്റ് ലാൻ‍ഡിങ്ങിന്റെ നിർണായക നിമിഷങ്ങൾ. ഈ ഘട്ടത്തിലെ പ്രതിസന്ധികൾ മറികടന്നതും ​ഗതിനിർണയത്തിന് സഹായകമായതും മുൻ കൂട്ടി പ്രോ​ഗ്രാം ചെയ്ത് നൽകിയ നിർദേശങ്ങളായിരുന്നു. ഇവയെല്ലാം പിഴവുകളില്ലാതെ പ്രവര്‍ത്തിച്ചു.

രണ്ടു ദ്രവ എന്‍ജിന്‍ 11 മിനിറ്റ് തുടര്‍ച്ചയായി ജ്വലിപ്പിച്ചാണ് റഫ് ബ്രേക്കിങ് ഘട്ടം പൂര്‍ത്തീകരിച്ചത്. ഇതോടെ നിയന്ത്രണവിധേയമായി പേടകം 6–7 കിലോമീറ്റര്‍ അടുത്തെത്തി. തുടര്‍ന്ന് മൂന്നു മിനിറ്റുള്ള ഫൈന്‍ ബ്രേക്കിങ് ഘട്ടത്തിനൊടുവില്‍ ചരിഞ്ഞെത്തിയ പേടകത്തെ കുത്തനെയാക്കി. 800 മീറ്റര്‍ മുകളില്‍നിന്ന് അവസാനവട്ട നിരീക്ഷണത്തിന് ശേഷം പേടകം ചന്ദ്രോപരിതലത്തിലിറങ്ങി. പേടകം സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങിയെന്ന് സ്ഥിരീകരിച്ചത് ലാന്‍‍ഡറിന്റെ കാലുകളിലെ സെന്‍സറുകള്‍ നൽകിയ സിഗ്നലുകളാണ്. ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ലാന്‍ഡര്‍ ഇറങ്ങിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 

സോഫ്റ്റ് ലാൻഡിങ്ങിന്റെ തത്സമയ സംപ്രേഷണം വൈകുന്നേരം 5.20ന് ആരംഭിച്ചിരുന്നു. വീക്ഷിക്കാൻ കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഐഎസ്ആർഒ മുൻ ചെയർമാൻമാർ ഉൾപ്പെടെ പ്രമുഖർ ഇസ്ട്രാക്കില്‍ എത്തിയിരുന്നു. ദൗത്യം വിജയത്തിലെത്തിയതോടെ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരും ഇന്ത്യന്‍ ജനതയൊന്നാകെയും ആഹ്ലാദ പ്രകടനങ്ങളിൽ മുഴുകി.
ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിനന്ദിച്ചു. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല ഭൂമിശാസ്ത്രം എന്ന ആശയം പുനർനിർമ്മിക്കുകയും ചെയ്തതായി രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ദക്ഷിണാഫ്രിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറൻസിങ്ങിലൂടെ ദൃശ്യങ്ങള്‍ ദര്‍ശിച്ചു. രാജ്യം പുതുചരിത്രം സൃഷ്ടിച്ചതായും ഐതിഹാസിക നിമിഷമാണെന്നും മോഡി അഭിപ്രായപ്പെട്ടു. 

പഠനം 14 ദിവസം 

ലാൻഡറിനും റോവറിനും ഒരു ചന്ദ്ര ദിവസം അതായത് ഭൂമിയിലെ 14 ദിവസമാണ് ആയുസ്. ഈ സമയ പരിധിക്കുള്ളില്‍ പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ആറുചക്രങ്ങളുള്ള റോവർ ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തി ശേഖരിക്കുന്ന വിവരങ്ങൾ വിക്രം ലാൻഡറിലേക്കാണ് കൈമാറുക. അവിടെനിന്ന് ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്കും. റോവറിന് നേരിട്ട് ഭൂമിയിലേക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കില്ല.
ചന്ദ്രനിൽ സൂര്യൻ അസ്തമിക്കുന്നതോടെ രാത്രി താപനില പൂജ്യത്തിനു താഴെ 238 ഡിഗ്രി വരെ താഴും. ഈ ഘട്ടം അതിജീവിക്കാൻ ലാൻഡറിനും റോവറിനും സാധിക്കുമെന്ന് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നില്ല. ചന്ദ്രന്റെ ഉള്ളിലെ രഹസ്യങ്ങൾ അറിയാൻ റോവറിൽ നിന്നുള്ള വിവരങ്ങൾക്കായി ആകാംക്ഷാ പൂര്‍വം കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം. 

കൂട്ടായ നേട്ടം: ഐഎസ്ആര്‍ഒ

ബംഗളുരു: ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായി ഐഎസ് ആർഒ ചെയർമാൻ എസ് സോമനാഥ്. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ദൗത്യത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ വെല്ലുവിളി ലാന്‍ഡിങ് ആയിരുന്നില്ല, വിക്ഷേപണമായിരുന്നു. ജിഎസ്എല്‍വി മാര്‍ക് 3 യുടെ വിജയകരമായ സേവനം വിസ്മരിക്കാനാകില്ല. കൃത്യമായ ഭ്രമണപഥത്തില്‍ പേടകം എത്തിക്കാനായത് പിന്നീടുള്ള വിജയങ്ങള്‍ക്ക് കരുത്തായി. 36,500 കീലോമിറ്റര്‍ ഉയര്‍ന്ന് പൊങ്ങി പേടകം വേര്‍പ്പെട്ട ശേഷമുള്ള ഘട്ടവും പ്രയാസമേറിയതായിരുന്നു. ലാന്‍ഡിങ്ങും ചിത്രം പകര്‍ത്തലും മറ്റൊരു ശ്രമകരമായ ദൗത്യമായി. ലാന്‍ഡറും ഓര്‍ബിറ്ററുമായുള്ള വേര്‍പെടലും ദൗത്യത്തിന്റെ നിര്‍ണായകഘട്ടങ്ങളില്‍ ഒന്നായിരുന്നു.
കൃത്യസമയത്ത് ലാന്‍ഡറും ഓര്‍ബിറ്ററും തമ്മിലുള്ള വേര്‍പെടല്‍ കാര്യങ്ങള്‍ ശരിയായ ദിശയില്‍ അവസാനിപ്പിക്കാന്‍ ഇടവരുത്തിയെന്നും അദ്ദേഹം പറഞ്ഞു. 

ആഹ്ലാദത്തില്‍ ഒപ്പംചേര്‍ന്ന് നാസ, എസ 

ന്യൂഡല്‍ഹി: ഇന്ത്യയുടെ യശസുയര്‍ത്തി ചന്ദ്രയാൻ 3 ചന്ദ്രോപരിതലം തൊട്ടപ്പോള്‍ ഐഎസ്ആര്‍ഒക്ക് ഒപ്പം ചന്ദ്രയാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനും നാസ, യൂറോപ്യൻ സ്പേസ് ഏജൻസി(എസ), സ്വീഡിഷ് സ്പേസ് കോര്‍പറേഷന്‍ എന്നിവ ഒപ്പമുണ്ടായിരുന്നു.
ബംഗളൂരുവിലെ ബയാലുവിലെ 32 മീറ്റര്‍ ഡിഷ് ആന്റിനയാണ് ചന്ദ്രയാൻ 3നെ നിരീക്ഷിക്കുന്നത്. എന്നാല്‍ ലാൻഡര്‍ നിരീക്ഷണ പാതയില്‍ നിന്ന് മാറിപ്പോകുന്ന അവസരങ്ങളിലാണ് നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും സഹായമായി മാറിയത്. എന്നാല്‍ സേവനങ്ങള്‍ സൗജന്യമല്ല. ലാൻഡറിനെ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ആന്റിനകളുടെ എണ്ണവും സമയവുമനുസരിച്ച് തുകയിലും വ്യത്യാസമുണ്ടാകും.
ലാൻഡര്‍ ഇന്ത്യയുടെ ആന്റിനയുടെ പരിധിയില്‍ വരാത്ത അവസരങ്ങളില്‍ വിദേശ ബഹിരാകാശ ഏജൻസികള്‍ ലാൻഡറുമായി ആശയവിനിമയം നടത്തി വിവരം ബംഗളൂരുവിലെ സംഘത്തിന് കൈമാറും. എന്നാല്‍ ലാൻഡറിനോട് എന്ത് ആശയവിനിമയം നടത്തണമെന്നോ എന്ത് ചെയ്യണമെന്ന് നിര്‍ദേശിക്കാനോ വിദേശ ബഹിരാകാശ കേന്ദ്രങ്ങള്‍ക്കാകില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുന്നത് ഐഎസ്ആര്‍ഒയുടെ ബംഗളൂരുവിലെ സംഘമാണ്. ലാൻഡറുമായുള്ള ആശയവിനിമയത്തിന് ഇടനിലക്കാരായി നില്‍ക്കാൻ മാത്രമാണ് ഈ കേന്ദ്രങ്ങളെ ഉപയോഗിച്ചിരുന്നത്. 

അഭിനന്ദിച്ച് റോ‌‌‌സ്‌കോസ‌്മോസ്

ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ‌്റ്റ് ലാന്‍ഡ് ചെയ്തതിന് പിന്നാലെ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ഐഎസ്ആര്‍ഒയെ അഭിനന്ദനം അറിയിച്ചു. ചന്ദ്രനിലെ പര്യവേക്ഷണം മുഴുവൻ മനുഷ്യരാശിക്കും പ്രധാനമാണ്, ഭാവിയിൽ ഇത് ബഹിരാകാശത്തെ ആഴത്തിൽ പഠിക്കുന്നതിനുള്ള ഒരു വേദിയായി മാറിയേക്കാമെന്ന് റോസ്‌കോസ്‌മോസ് ഇന്ത്യയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 കഴിഞ്ഞ ദിവസം സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്ന് വീണിരുന്നു. 

Eng­lish Sum­ma­ry: Sci­en­tif­ic break­through: Safe land­ing on lunar surface

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.