26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 21, 2025
April 18, 2025
April 16, 2025
April 16, 2025
April 15, 2025
April 14, 2025
April 12, 2025
April 12, 2025
April 7, 2025

കേന്ദ്രത്തിന് തിരിച്ചടി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 15, 2024 11:04 am

സുതാര്യതയില്ലാത്തതും അഴിമതിയുടെ കൂടെപ്പിറപ്പുമായ ഇലക്ടറല്‍ ബോണ്ട് വിലക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇലക്ടറല്‍ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന സുപ്രധാന വിധി പ്രസ്താവിച്ചത്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടി നല്‍കുന്നതാണ് സുപ്രീം കോടതി വിധി. ഇലക്ടറല്‍ ബോണ്ടിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു മറ്റംഗങ്ങള്‍.
മൂന്നു ദിവസം വാദം കേട്ട ബെഞ്ച് നവംബറില്‍ കേസ് വിധിപറയാനായി മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇലക്ടറല്‍ ബോണ്ട് നിരോധിച്ചുള്ള ഉത്തരവ് ബിജെപിക്ക് തിരിച്ചടിയായി.

കേസില്‍ രണ്ട് സുപ്രധാന ചോദ്യങ്ങള്‍ക്കാണ് സുപ്രീം കോടതി ഉത്തരം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വമേധയാ നല്‍കുന്ന സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ ഇലക്ടറല്‍ ബോണ്ട് സംവിധാനം ബാധിക്കും എന്ന വിഷയങ്ങള്‍ക്കാണ് ഉത്തരവിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് ഭരണഘടനയുടെ അനുച്ഛേദം 19 ഉപ വകുപ്പ് ഒന്ന് എ പ്രകാരം ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമെന്നാണ് വിധിയില്‍ പറയുന്നത്.

ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കാന്‍ ജനപ്രാതിനിധ്യ നിയമം 29 സി, കമ്പനീസ് ആക്ട് 183 (3), ഇന്‍കം ടാക്‌സ് ആക്ട് 13 എ (ബി) എന്നീ ഭേദഗതികള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ലംഘനമാണ്. ഇതിനു പുറമെ കമ്പനീസ് ആക്ട് 182 (1) ഭേദഗതി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തത്വങ്ങള്‍ക്ക് എതിരെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനായി വിവിധ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഭരണഘടനാ വിരുദ്ധമെന്നും വിധിയിലുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, സിപിഐ (എം), കോണ്‍ഗ്രസ് നേതാവ് ജയാ ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം

ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്ന എസ്ബിഐ അത് നിര്‍ത്തി വയ്ക്കണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി ഇടക്കാല ഉത്തരവുണ്ടായ 2019 ഏപ്രില്‍ 12ന് ശേഷം ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കണമെന്നും ആവശ്യപ്പെട്ടു. വാങ്ങിയവരുടെ പേരു വിവരങ്ങള്‍, തീയതി, എത്ര തുകയുടേതെന്നതും കമ്മിഷന് സമര്‍പ്പിക്കണം. ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടിലൂടെ എത്ര തുക ലഭിച്ചു, എന്നാണ് ഈ ബോണ്ടുകള്‍ പാര്‍ട്ടികള്‍ പണമാക്കി മാറ്റിയത് ഉള്‍പ്പെടെ ബാങ്ക് എല്ലാ വിവരങ്ങളും കമ്മിഷന് സമര്‍പ്പിക്കണം.

മൂന്നാഴ്ചയ്ക്കുള്ളില്‍ ബോണ്ട് വിവരങ്ങള്‍ ബാങ്ക് കൈമാറുകയും മാര്‍ച്ച് 13 ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 15 ദിവസത്തെ കാലാവധിയില്‍ വിറ്റ ബോണ്ടുകളില്‍, കാലാവധി കഴിഞ്ഞതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി മാറ്റാത്ത ബോണ്ടുകള്‍ വാങ്ങിയ ആള്‍ക്കു തന്നെ അതിന്റെ പണം മടക്കി നല്‍കണമെന്നും ഉത്തരവിലുണ്ട്.

വിധി സ്വാഗതാര്‍ഹം, കാലതാമസം ദൗര്‍ഭാഗ്യകരമെന്ന് സിപിഐ

ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് നീണ്ട ഏഴുവർഷമെടുത്തുവെന്നത് ദൗർഭാഗ്യകരമാണെന്നും ഭാവിയിൽ ഇത്തരം കാലതാമസം ഒഴിവാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് ബോണ്ടുകളിലും കോർപറേറ്റുകളുടെ സ്വാധീനത്തെ എല്ലാ കാലത്തും സിപിഐ എതിർത്തിരുന്നു. ഇപ്പോഴത്തെ വിധിപ്രഖ്യാപനം ഇന്ദ്രജിത് ഗുപ്ത സമിതി ശുപാർശ ചെയ്തതനുസരിച്ചുള്ള സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കരണം, തെരഞ്ഞെടുപ്പിനുള്ള സർക്കാർ ഫണ്ടിങ് എന്നിവ സംബന്ധിച്ച ചർച്ചകൾ ശക്തിപ്പെടുത്തുമെന്ന് കരുതുന്നതായി സെക്രട്ടേറിയറ്റ് പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തുല്യത നിഷേധിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി ഇല്ലാതാക്കാനും കഴിഞ്ഞ പത്ത് വർഷത്തിനിടെ ബിജെപി നിരവധി ശ്രമങ്ങൾ നടത്തുകയുണ്ടായി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനും നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് കമ്മിഷനുമുള്ള പ്രതിബദ്ധതയിൽ സിപിഐ ഉറച്ചുനിൽക്കുന്നു. ഇലക്ടറൽ ബോണ്ട് പദ്ധതിക്ക് കീഴിലുള്ള ഫണ്ടിന്റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്നും ഇലക്ടറൽ ബോണ്ടുകളുടെ രൂപത്തിൽ നിയമവിധേയമാക്കിയ അഴിമതിയിൽ നിന്ന് ആർക്കാണ് നേട്ടമുണ്ടായതെന്ന് രാജ്യത്തെ ജനങ്ങളെ അറിയിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

എന്താണ് ഇലക്ടറല്‍ ബോണ്ട്

വിദേശത്തു നിന്നുള്‍പ്പെടെ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. 1000 മുതല്‍ ഒരുകോടി രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതിലൂടെ സംഭാവന സ്വീകരിക്കാം. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. ഇവ അംഗീകൃത ബാങ്കുകളിലെ അവരവരുടെ അക്കൗണ്ടുകള്‍ മുഖേന പണമാക്കി മാറ്റാം.

1000, 10000, ഒരുലക്ഷം, 10 ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളും വാങ്ങാം. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്ന 10 ദിവസങ്ങളിലായിരിക്കും ബോണ്ട് വിതരണം.

Eng­lish Sum­ma­ry: Set­back to Cen­tre: Supreme Court to can­cel elec­toral bonds

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.