ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ ഒരുപോലെ തിരിഞ്ഞപ്പോള്‍ ഇരട്ട തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ പുറത്തിറക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ താരപ്രചാരകരുടെ രണ്ടാം പട്ടികയിലും തരൂരിന് സ്ഥാനമില്ല. കേരളത്തില്‍ പിടിമുറുക്കാനുള്ള പുറപ്പാടോടെ കോഴിക്കോട് നിശ്ചയിച്ച സെമിനാറിന് സംസ്ഥാന നേതൃത്വത്തിന്റെയും വിലക്ക്.
പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും വിവാദങ്ങളിലൊന്നും ഉള്‍പ്പെടാതെ മൗനംതുടര്‍ന്ന ശശി തരൂര്‍, ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തഴയപ്പെട്ടതോടെ സംസ്ഥാനത്ത് സജീവമാകുവാന്‍ തീരുമാനിച്ചതാണ്. ഇതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം തരൂരിനെ മുഖ്യപ്രഭാഷകനാക്കി ’ സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സെമിനാറും ആലോചിച്ചു. ഇന്ന് കോഴിക്കോട് നടക്കേണ്ടിയിരുന്ന പരിപാടി തരൂര്‍ പങ്കെടുക്കുന്ന ഒറ്റക്കാരണത്താല്‍ ഉപേക്ഷിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ താരപ്രചാരകരില്‍ തരൂരിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കിയിട്ടും തരൂരിനെ ഉള്‍പ്പെടുത്തിയില്ല. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും തഴഞ്ഞിട്ടുണ്ട്. എന്നാല്‍ ആദ്യ പട്ടിക മുതല്‍ മുന്‍ പ്രതിപക്ഷനേതാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിശ്വസ്തനുമായ രമേശ് ചെന്നിത്തല താരപ്രചാരകരുടെ പട്ടികയിലുണ്ട്.
നാല്പത് പേരടങ്ങുന്ന ആദ്യ പട്ടികയിലെ ഏഴാം പേരുകാരനാണ് രമേശ് ചെന്നിത്തല എന്നതും ശ്രദ്ധേയമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ എന്നിവരാണ് പട്ടികയില്‍ ചെന്നിത്തലയ്ക്കും മുമ്പേയുള്ളത്. ശേഷമാണ് ദിഗ്‌വിജയ് സിങ്ങും കമല്‍ നാഥും ഉള്‍പ്പെടെയുള്ളവര്‍. ഒരു ഘട്ടത്തില്‍ രാജ്യത്തെ പൊതുസമ്മേളനങ്ങളില്‍ തിളങ്ങിനിന്ന കനയ്യകുമാര്‍ പോലും പട്ടികയിലെ 29-ാം പേരുകാരനാണ്. ആദ്യ പട്ടികയിലുണ്ടായിരുന്ന ഉദിത് രാജ്, നേറ്റ ഡിസൂസ, അജയ് യാദവ് എന്നിവരെ ഒഴിവാക്കി, റാംകിഷന്‍ ഓജ, ബി എം സന്ദീപ്, ഇന്ദ്രവിജയ് സിങ് ഗോഹില്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇന്നലെ രണ്ടാം പട്ടിക പുറത്തിറക്കിയത്.
ഖാര്‍ഗെയുടെ കീഴിലുള്ള കോണ്‍ഗ്രസ് നേതൃനിരയുടെ ഏകദേശരൂപം കൂടിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രചാരണത്തിനെത്തുന്നവരുടെ പട്ടിക. തരൂരിനൊപ്പം കെ സി വേണുഗോപാലിനും കേന്ദ്രത്തില്‍ സ്ഥിരതയുണ്ടാവില്ലെന്ന സൂചനയും ഇത് നല്‍കുന്നു.രണ്ട് പതിറ്റാണ്ടിനുശേഷം നടന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ ശശി തരൂര്‍ ദേശീയതലത്തില്‍ ഉന്നതപീഠത്തിലുണ്ടാവുമെന്നാണ് മാധ്യമങ്ങളടക്കം വിലയിരുത്തിയിരുന്നത്. ഗാന്ധി കുടുംബം കൈവിടില്ലെന്ന നിരീക്ഷണത്താലായിരുന്നു അതെല്ലാം. എന്നാല്‍ സോണിയാ ഗാന്ധിയും രാഹുലും ആരെയും സംരക്ഷിക്കാനോ കൂടെ നിര്‍ത്താനോ മുതിരില്ലെന്ന സൂചനയും തരൂരിന്റെയും വേണുഗോപാലിന്റെയും കാര്യത്തില്‍ നല്‍കുന്നു. ജി 23 നേതാക്കള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ തന്നെ തരൂരിനെ കൈവിട്ടിരുന്നു.
കോഴിക്കോട് സെമിനാര്‍ തടഞ്ഞതോടെ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സജീവമാക്കാനുള്ള ശശി തരൂരിന്റെ നീക്കവും അസ്തമിക്കുകയാണ്.
English Summary: setback to Shashi Tharoor; Congress forces with new moves
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.