2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 28, 2025
March 24, 2025
March 23, 2025
March 20, 2025
March 19, 2025
March 19, 2025
March 19, 2025
March 12, 2025
March 8, 2025

കോണ്‍ഗ്രസില്‍ തരൂര്‍ ഗ്രൂപ്പ്: സ്ഥാനചലനം ഭയന്ന് സുധാകരനും സതീശനും

കെ കെ ജയേഷ്
കോഴിക്കോട്
November 21, 2022 10:46 pm

കെപിസിസിയുടെ വിലക്കിനിടയിലും പാർട്ടിയിൽ പിന്തുണയുറപ്പിച്ച് ശശി തരൂർ എംപി. ഇതോടെ എ, ഐ ഗ്രൂപ്പുകള്‍ക്കും കെ സുധാകരന്റെ ഗ്രൂപ്പിനുമപ്പുറം പുതിയൊരു ഗ്രൂപ്പ് കൂടി പിറവിയെടുത്തു. തരൂരിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതിന് പിന്നിൽ സംസ്ഥാന നേതൃത്വത്തിലെ ചിലരാണെന്ന് തുറന്നടിച്ച് കെ മുരളീധരൻ രംഗത്തെത്തിയതോടെ നേതൃത്വം തീർത്തും പ്രതിരോധത്തിലായി. തരൂർ ജനകീയനായ നേതാവാണെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസിലായ കെ സുധാകരൻ പാർട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനെയും ബാധിക്കുന്ന പരാമർശങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് നിർദ്ദേശം നൽകി. കൂടുതൽ പ്രകോപനമുണ്ടാക്കിയാൽ അത് തരൂരിന്റെ നീക്കങ്ങൾക്ക് ഗുണകരമാകുമെന്ന് നേതൃത്വത്തിന് ഭയമുണ്ട്.

തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയതിനെക്കുറിച്ചുള്ള അന്വേഷണ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന എം കെ രാഘവന്റെ പ്രതികരണവും നേതൃത്വത്തിന് തലവേദനയായി. എം കെ രാഘവൻ, കെ മുരളീധരൻ എന്നിവർക്കൊപ്പം യുവ നേതാക്കളും തരൂരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അർഹതയുണ്ടായിട്ടും തഴയപ്പെട്ട നേതാക്കൾ തരൂരിനൊപ്പം അണിനിരക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാണ് വിലക്കിന് പിന്നിലെന്ന് കെ മുരളീധരൻ തുറന്നടിച്ചത്. ഡൽഹിയിലെ സ്വാധീനം നഷ്ടമായിത്തുടങ്ങിയ കെ സി വേണുഗോപാലും കേരളത്തിൽ സജീവമാകാനാണ് ലക്ഷ്യമിടുന്നത്. ഈ നേതാക്കള്‍ക്കെല്ലാം തരൂരിന്റെ അപ്രതീക്ഷിത രംഗ പ്രവേശം വെല്ലുവിളിയായി മാറുകയാണ്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ വിലക്കിയതിൽ കെ സി വേണുഗോപാലിനോടും വലിയ എതിർപ്പ് പ്രവർത്തകരിലുണ്ട്. രണ്ടു ദിവസമായി കോഴിക്കോട്ടുള്ള തരൂരിനെ കാണാൻ കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന ആരും തയാറായിട്ടുമില്ല.

തരൂരിന്റെ നീക്കങ്ങളെ സംശയത്തോടെയാണ് രമേശ് ചെന്നിത്തല നോക്കിക്കാണുന്നത്. എന്നാൽ വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടുകളോട് കടുത്ത പ്രതിഷേധമുള്ള ലീഗ്, തരൂരിനെ സ്വാഗതം ചെയ്യുന്നു. തരൂരിനെ ശരിയായി ഉപയോഗപ്പെടുത്തേണ്ടത് കോൺഗ്രസ് ആണെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ നായക സ്ഥാനം തന്നെയാണ് ലീഗ് ആഗ്രഹിക്കുന്നതെന്ന് വ്യക്തം. അതേസമയം കോഴിക്കോട്ടെ പരിപാടിയിലെ വിലക്കിനെക്കുറിച്ചുള്ള എം കെ രാഘവൻ എം പിയുടെ പരാതിയിൽ അന്വേഷണം നടക്കട്ടെയെന്നാണ് തരൂരിന്റെ പ്രതികരണം. കോൺഗ്രസിനെ സ്നേഹിക്കുന്നവരാണ് തന്നെ കേൾക്കാനെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന തരൂരിന്റെ പരിപാടികളിലും കോൺഗ്രസ് പ്രവർത്തകരുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. അന്തരിച്ച എഴുത്തുകാരൻ ടി പി രാജീവന്റെ വീട്ടിലെത്തിയ തരൂർ മാഹി കലാഗ്രാമത്തിൽ നടന്ന ചടങ്ങിലും ബാർ അസോസിയേഷൻ, ഐഎംഎ എന്നിവയുടെ പരിപാടിയിലും പങ്കെടുത്തു. ഇന്ന് രാവിലെ പാണക്കാടെത്തുന്ന തരൂർ, സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെ കണ്ണൂരിലും വിവിധ പരിപാടികളിൽ സംബന്ധിക്കുന്നുണ്ട്.

പരസ്യപ്രതികരണം വിലക്കി കെപിസിസി

തിരുവനന്തപുരം: ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് നേതാക്കള്‍ പരസ്യപ്രതികരണത്തില്‍ നിന്ന് പിന്മാറണമെന്ന് കെപിസിസി. പൊതുജന മധ്യത്തിൽ കോൺഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവൃത്തികളിൽ നിന്നും നേതാക്കൾ പിന്തിരിയണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടത്. കോൺഗ്രസ് പാർട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രവർത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പ്രസിഡന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

Eng­lish Sum­ma­ry: shashi tha­roor  group in congress
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.