വയനാട് ജില്ലയിലെ അരിവാള്‍ രോഗം (സിക്കിൾ സെൽ അനീമിയ), തലാസീമിയ രോഗബാധിതരുള്ള കുടുംബങ്ങളുടെ വിവരം ആരോഗ്യ വകുപ്പിൽനിന്നു ശേഖരിച്ച് അവർക്ക് സമ്പുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി.
പൊതുവിതരണ സംവിധാനം വഴി വയനാട് ജില്ലയിൽ സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ലയിലെ എംഎൽഎമാരുമായി ഭക്ഷ്യ — സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ സമ്പുഷ്ടീകരണ പദ്ധതി ആരംഭിച്ചതെന്നും ആസ്പിരേഷണൽ ഡിസ്ട്രിക്ട് എന്ന നിലയിൽ സംസ്ഥാനത്ത് വയനാട്ടിലാണ് സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചതെന്നും മന്ത്രി യോഗത്തിൽ വിശദീകരിച്ചു.
ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി-12 എന്നിവ ഭക്ഷ്യധാന്യങ്ങളിൽ കൃത്രിമമായി ചേർക്കുന്ന പ്രക്രിയയാണു സമ്പുഷ്ടീകരണം. ഇതു സംബന്ധിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്ന ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.
സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യം അരിവാള്‍ രോഗം, തലാസീമിയ രോഗികളായ കുട്ടികൾക്ക് നൽകുന്നതിലെ ആശങ്കയറിയിച്ച്, ഉച്ചഭക്ഷണ പദ്ധതി, പ്രീ പ്രൈമറി പോഷകാഹാര പദ്ധതികൾ തുടങ്ങിയവ നടപ്പാക്കുന്ന ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകൾക്ക് മന്ത്രി കത്തു നൽകും. സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യത്തിന്റെ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യം പൊതുവിലോ ഏതെങ്കിലും രോഗാവസ്ഥയുള്ളവർക്ക് പ്രത്യേകമായോ ഉണ്ടോയെന്നു പരിശോധിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താൻ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു. എംഎൽഎമാരായ ഒ ആർ കേളു, ഐ സി ബാലകൃഷ്ണൻ, ടി സിദ്ദീഖ് തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
English Summary: Sickle disease: Decision to supply unfortified rice
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.