22 November 2024, Friday
KSFE Galaxy Chits Banner 2

വിദ്വേഷകരുടെ ചുടലനൃത്തവും അധികാരികളുടെ മഹാമൗനവും

Janayugom Webdesk
April 19, 2022 5:16 am

വിദ്വേഷകരുടെ ചുടലനൃത്തവും അധികാരികളുടെ മഹാമൗനവും ഇന്ത്യയിലെ പല പ്രദേശങ്ങളിലും കലാപങ്ങള്‍ പടരുകയാണ്. ഒരാഴ്ച മുമ്പ് മധ്യപ്രദേശിലെ ഖര്‍ഗാവില്‍, ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ കംഭാത് നഗരത്തില്‍, സബർകന്ത് ജില്ലയിലെ ഹിമ്മത്‌നഗർ നഗരത്തിൽ, ഗോവയില്‍ വാസ്കോയിലെ ബെയ്ന മേഖലയില്‍, ഝാര്‍ഖണ്ഡിലെ ലോഹാര്‍ദഹ, ബൊക്കാറോ ജില്ലകളില്‍, കര്‍ണാടക കോലാര്‍ ജില്ലയിലെ മുല്‍ബാഗലില്‍, മഹാരാഷ്ട്രയില്‍ മുംബൈയിലെ മാന്‍കുന്ദില്‍. രാമനവമി ദിനത്തില്‍ നടന്ന ഘോഷയാത്രകളാണ് സംഘര്‍ഷമായി പരിണമിച്ചത്. ആഗോള ശ്രദ്ധേയ വിജ്ഞാനകേന്ദ്രമായ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ കയറി രാമനവമിദിനത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. മാംസാഹാരം പാകം ചെയ്തെന്നാരോപിച്ച് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ കയറി ആക്രമിക്കുകയായിരുന്നു. അന്നത് രാമന്റെ പേരിലായിരുന്നു. പിന്നീടത് ഹനുമാന്റെ പേരിലായി. രാജ്യതലസ്ഥാനത്ത് ജഹാംഗീര്‍പുരില്‍, ഹരിദ്വാറിലെ ഭഗവന്‍പുര്‍ മേഖലയില്‍, ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയില്‍ ശോഭായാത്രകള്‍ വിദ്വേഷത്തിന്റെ വിഷംചീറ്റിയാണ് കടന്നുപോയത്.


ഇതുകൂടി വായിക്കൂ: രാഷ്ട്രനിലനില്പിനെ വെല്ലുവിളിക്കുന്ന വര്‍ഗീയ രാഷ്ട്രീയം


ഏപ്രില്‍ രണ്ടിന് രാജസ്ഥാനിലെ കരോലി നഗരത്തിലും ശോഭായാത്രയാണ് കലാപമായി മാറിയത്. തീയിട്ടും കല്ലെറിഞ്ഞും വീടുകളും കടകളും തകര്‍ത്തും പരസ്പരം പോരടിച്ചു. കൊള്ളയും കൊള്ളിവയ്പുകളും പലയിടങ്ങളില്‍ നിന്നും വാര്‍ത്തകളായി. കര്‍ണാടകയിലെ ധാര്‍വാഡില്‍ സംഘര്‍ഷത്തിനു കാരണമായത് സമൂഹമാധ്യമങ്ങളിലെ കുപ്രചാരണമാണ്. ബോധപൂര്‍വമായ സംഘര്‍ഷ നീക്കമാണ് എല്ലായിടങ്ങളിലുമുണ്ടായതെന്ന് സംഭവങ്ങളുടെ വസ്തുതാപരമായ വിലയിരുത്തലില്‍ നിന്ന് വ്യക്തമാണ്. ഘോഷയാത്രകള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചെന്ന് പ്രകോപനമുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. പകരം വീട്ടാന്‍ കല്ലും വടികളുമായി മു‌സ്‌ലിം തീവ്രവാദ സംഘടനകളും രംഗത്തിറങ്ങി. അതാതിടങ്ങളിലെ പൊലീസിന്റെ നിസംഗാവസ്ഥ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാക്കി. എല്ലായിടങ്ങളിലെയും സംഭവങ്ങള്‍ പരിശോധിച്ചാല്‍ ആത്യന്തികമായി എത്തിച്ചേരാവുന്ന നിഗമനം അധികാരത്തിന്റെ അന്തപ്പുരങ്ങളിലൊ ഹൈന്ദവ തീവ്ര സംഘടനകളുടെ ആസ്ഥാനങ്ങളിലൊ രൂപപ്പെട്ട തിരക്കഥയാണ് നടപ്പിലാക്കപ്പെടുന്നത് എന്നാണ്. അതിന്റെ ലക്ഷ്യം മറ്റൊന്നുമല്ല, വംശഹത്യയോ വംശങ്ങളെ ഭീതിപ്പെടുത്തുകയോ തന്നെയാണ്. അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകളും ബിജെപിക്ക് നല്കിയത് ആഹ്ലാദപ്രദമായ ഫലങ്ങളായിരുന്നില്ല. അഞ്ചില്‍ നാല് നിയമസഭകളിലും അധികാരത്തിലെത്തിയെങ്കിലും സാങ്കേതികമായിരുന്നു വിജയങ്ങള്‍.


ഇതുകൂടി വായിക്കൂ: വര്‍ഗീയ വിദ്വേഷത്തിന്റെ വിഷത്തൈ നടുന്നവര്‍


പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍. ഗുജറാത്ത് പോലെ യുപിയിലും ആദിത്യനാഥിന്റെ നേതൃത്വത്തില്‍ വംശഹത്യാ പരീക്ഷണവും സാമുദായിക ധ്രുവീകരണ ശ്രമങ്ങളും ശക്തമായി നടത്തിയെങ്കിലും അതിനനുസൃതമായി മെച്ചപ്പെട്ടതായിരുന്നില്ല തെരഞ്ഞെടുപ്പ് വിധിയെഴുത്ത്. പ്രതിപക്ഷത്തിന്റെ വേറിട്ടുള്ള മത്സരത്തിന്റെ മാത്രം വിജയമായിരുന്നു അത്. അതുകൊണ്ടിനി വംശഹത്യാശ്രമം മാത്രം മതിയാകില്ലെന്നും വിദ്വേഷവും ഭീതിപ്പെടുത്തലും കൂടി വേണമെന്നും ബോധ്യപ്പെട്ടതുപോലെയാണ് ഘോഷയാത്രകളെ കലാപയാത്രകളാക്കുന്ന പുതിയ പരീക്ഷണങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്. രാജസ്ഥാനിലെ കരോലിയില്‍ മുസ്‍‌ലിം വിഭാഗത്തിന്റെ വീടുകളും കടകളും തകര്‍ത്ത വകയില്‍ അഞ്ചുകോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇവിടെ നശിപ്പിച്ച 62 വസ്തുവകകളിൽ 59 ഉം മുസ്‍ലിങ്ങളുടേതായിരുന്നു. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണാധികാരികള്‍ കുറ്റവാളികളുടേതെന്നാരോപിച്ച് 16 വീടുകളും 29 കടകളും തകര്‍ത്തതില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തിന്റേതായിരുന്നു. അതുതന്നെയാണ് ലക്ഷ്യം, വംശഹത്യയും വസ്തുനാശവും. അതുവഴി ഭീഷണിപ്പെടുത്തി അകറ്റലും. ചരിത്രം ആവര്‍ത്തിക്കുകയാണ്. എല്ലായിടത്തും ബിജെപി സര്‍ക്കാരുകളും പൊലീസും നഗ്നമായി പക്ഷംചേരുകയും പ്രത്യേക വിഭാഗം അക്രമികളെ മാത്രം പിടികൂടുകയും യഥാര്‍ത്ഥ കുറ്റവാളികളെ വെള്ളപൂശുകയും ചെയ്യുന്നു.


ഇതുകൂടി വായിക്കൂ:രാഷ്ട്രനിലനില്പിനെ വെല്ലുവിളിക്കുന്ന വര്‍ഗീയ രാഷ്ട്രീയം


മധ്യപ്രദേശിലും ഗുജറാത്തിലും സംഘര്‍ഷങ്ങളുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക മതവിഭാഗത്തെ മാത്രം കുറ്റക്കാരായി ചിത്രീകരിച്ച് അവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇടിച്ചുനിരത്തുകയാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ ധാര്‍വാഡില്‍ ഹുബ്ലി എന്ന പ്രദേശത്തെ സംഘര്‍ഷത്തിനു കാരണമായതുതന്നെ പൊലീസിന്റെ അനാസ്ഥയായിരുന്നു. മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ആളെ പരാതി നല്‍കിയിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും പിന്നീട് സംഘര്‍ഷവുമുണ്ടായത്. ഇത്രയധികം അക്രമ സംഭവങ്ങളുണ്ടായിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയും മറ്റ് ഭരണാധികാരികളും കാത്തുസൂക്ഷിക്കുന്ന മഹാമൗനം ഭയപ്പെടുത്തുന്നതാണ്. 13 പ്രതിപക്ഷ പാര്‍ട്ടികള്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നതുപോലെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഞെട്ടല്‍ ഉളവാക്കുന്നതും ഈ വിഭാഗത്തിന് ഔദ്യോഗിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതുമാണ്. ഉറപ്പായും അങ്ങനെ വിശ്വസിക്കാവുന്നതുപോലെയാണ് കാര്യങ്ങളുടെ ഗതി. ഈ വര്‍ഷം ഗുജറാത്തിലും 2024ല്‍ ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പുകളാണ്. ചോരയും ജഡങ്ങളും ചവിട്ടിയായാലും അധികാരം നിലനിര്‍ത്തിയേ മതിയാകൂ എന്ന അധമ ചിന്തയുള്ളവരുടെ ചുടലനൃത്തവും അതിന് ഒത്താശ ചെയ്യുന്നവരുടെ മഹാമൗനവുമാണ് നാമിപ്പോള്‍ കാണുന്നത്. കരുതിയിരുന്നില്ലെങ്കില്‍ നഷ്ടമാവുക നമ്മളെ തന്നെയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.