26 July 2024, Friday
KSFE Galaxy Chits Banner 2

ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയും നേടാനേറെയുള്ള കാർഷികമേഖലയും

ഡോ. സി പ്രദീപ്
പ്രോജക്ട് ഓഫീസര്‍, അഗ്രികൾച്ചർ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
August 29, 2021 7:07 pm

കേരളം അധികാര വികേന്ദ്രീകരണത്തിൽ മറ്റു സംസ്ഥാനങ്ങൾക്കു മുന്നിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്വാതന്ത്ര്യം ലഭിച്ചകാലം മുതൽ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. 73, 74 ഭരണഘടനാ ഭേദഗതികളെ തുടർന്ന് 1995 ഒക്ടോബറിൽ സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1996 ഓഗസ്റ്റിൽ ജനകീയാസൂത്രണ പ്രവർത്തനങ്ങളും ആരംഭിച്ചു. ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയാസൂത്രണം പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് പുനസംഘടിപ്പിച്ച് ‘കേരള വികസന പദ്ധതി’ (കെഡിപി) എന്ന പേരിലാണ് നടപ്പിലാക്കിയത്. വികേന്ദ്രീകരണ ഭരണസംവിധാനത്തിലെ സ്ഥാപനവല്ക്കരണ പ്രക്രിയ പൂർത്തിയാക്കുക എന്നതിനാണ് പതിനൊന്നാം പഞ്ചവത്സരപദ്ധതിയും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആസൂത്രണ പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയും പ്രാധാന്യം നല്കിയത്. സാമൂഹിക സാമ്പത്തിക രംഗത്ത് കേരളം അഭിമുഖീകരിക്കുന്ന രണ്ടാം തലമുറ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നുള്ളതായിരുന്നു പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്താദ്യമായി കേരളത്തിൽ ക്യാമ്പയിനിലൂടെ തുടക്കമിട്ട ജനകീയാസൂത്രണത്തിന് കാൽ നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷം കൊണ്ട് നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്കൊണ്ട് ഭവന നിർമ്മാണം, കുടിവെള്ളം, വിദ്യാഭ്യാസ സൗകര്യങ്ങൾ, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ, ദാരിദ്ര്യ നിർമാർജനം, റോഡ് നിർമ്മാണം തുടങ്ങിയ മേഖലകളിലെല്ലാം നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കൃഷി ഉൾപ്പെടെയുള്ള ഉല്പാദന മേഖലയിലും തൊഴിൽ മേഖലയിലും പ്രതീക്ഷിച്ച വിജയം കൈവരിക്കുവാൻ നമുക്കായില്ല. വർധിക്കുന്ന കാർഷീകേതര ഭൂമി ഉപയോഗം, കുറയുന്ന കൃഷിഭൂമിയുടെ വിസ്തീർണം, കുറയുന്ന കാർഷിക ഉല്പാദനം, ഉയരുന്ന ചെലവുകൾ, ലാഭകരമല്ലാതാകുന്ന കൃഷി തുടങ്ങിയ അടിസ്ഥാനപരമായ പ്രശ്നങ്ങളെ തരണം ചെയ്യുവാൻ ജനകീയാസൂത്രണത്തിന്റെ ഇടപെടലുകൾ വേണ്ടിയിരിക്കുന്നു.

ഉല്പാദനമേഖലയിലെ കുറഞ്ഞ പദ്ധതി വിനിയോഗം കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ കാർഷിക മേഖലയിലെ മൈനസ് വളർച്ചനിരക്കും മുരടിച്ചുനിൽക്കുന്ന വ്യവസായ മേഖലയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിഭവ വിനിയോഗ രീതി സേവന മേഖലയുടെ ഉന്നമനത്തിനുവേണ്ടിയാണ്. കേരളത്തിന്റെ പദ്ധതി മാർഗരേഖ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉല്പാദനം, സേവനം, പശ്ചാത്തലം എന്നീ മൂന്ന് മേഖലകളിലായിട്ടാണ് ഫണ്ട് വകയിരുത്തുന്നത്. 2019–20 വാർഷിക പദ്ധതിക്ക് നിശ്ചയിച്ചിരുന്ന മേഖലാ മാനദണ്ഡങ്ങൾ അനുസരിച്ച് ഗ്രാമീണ തദ്ദേശഭരണ സ്ഥാപനങ്ങൾ അവരുടെ പൊതു വിഭാഗം (സാധാരണ വിഹിതം) ഫണ്ടിന്റെ 30 ശതമാനം ഉല്പാദന മേഖലയുടെ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കേണ്ടതുണ്ട്. നഗര തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 10 ശതമാനമാണ്. എന്നാൽ 2019 ‑20 ൽ എല്ലാ തലത്തിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉല്പാദന മേഖലയ്ക്ക് നിഷ്കർഷിച്ചിരുന്ന തുകയേക്കാൾ കുറവാണ് ചെലവഴിച്ചിട്ടുള്ളതെന്ന് കാണാവുന്നതാണ്. 2019–20 ൽ ഉല്പാദന മേഖലയിലെ ചെലവ് വെറും 12.64 ശതമാനം മാത്രമാണ്. എന്നാൽ സേവന മേഖലയിൽ 66.78 ശതമാനവും പശ്ചാത്തല മേഖലയിൽ 20.58 ശതമാനവും ചെലവഴിച്ചിട്ടുണ്ട്. 2018–19 ൽ ഉല്പാദന മേഖലയ്ക്കായി ചെലവഴിച്ച തുകയിൽ 36.78 ശതമാനവും കാർഷിക മേഖലയിൽ ചെലവഴിച്ചപ്പോൾ, മൃഗസംരക്ഷണത്തിന് 23.02 ശതമാനവും ക്ഷീരവികസനത്തിനു 16.36 ശതമാനവും ജലസേചനത്തിന് 9.15 ശതമാനവും വ്യവസായം, സ്വയംതൊഴിൽ എന്നീ മേഖലകൾക്ക് 6.78 ശതമാനവുമാണ് ചെലവഴിച്ചിരുന്നത്. 2006-07 ൽ 81 ശതമാനവും 2010- 11 ൽ 59.95 ശതമാനവും 2013–14ൽ 73.63 ശതമാനവും ആയിരുന്നു ഉല്പാദന മേഖലയുടെ ചെലവ്.

കേരളത്തിന്റെ വികസന പ്രക്രിയയിൽ കാർഷിക, കർഷക — അനുബന്ധ മേഖലകൾക്ക് ഒരു സുപ്രധാന സ്ഥാനം വഹിക്കുവാനുണ്ട് തൊഴിൽ, ഭക്ഷണം എന്നിവ പ്രദാനം ചെയ്യുന്നതിലും അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിലും കാർഷിക മേഖലയ്ക്ക് പ്രാധാന്യമുണ്ടു്. സുസ്ഥിര വികസന ലക്ഷ്യങ്ങളായ ദാരിദ്ര്യ നിർമാർജനം, പട്ടിണി നിർമാർജനം, മികച്ച ആരോഗ്യവും ക്ഷേമവും എന്നിവ കൈവരിക്കുന്നതിനും കാർഷിക മേഖല അവിഭാജ്യ ഘടകമാണ്. സംസ്ഥാന മൊത്ത വരുമാന വളർച്ചയും കാർഷിക മേഖല വളർച്ചയും തമ്മിലുള്ള അന്തരം വർധിച്ചുവരുകയാണ്. 25 വർഷം മുൻപുള്ള 1995–96 വർഷത്തെ സംസ്ഥാന മൊത്തവരുമാന വളർച്ചനിരക്ക് 6.2 ശതമാനമായിരുന്നപ്പോൾ കാർഷിക വളർച്ചനിരക്ക് 3.29 ആയിരുന്നു. എന്നാൽ 2019–20 ൽ സംസ്ഥാന മൊത്ത വരുമാന വളർച്ചനിരക്ക് 3.45 ശതമാനമായിരുന്നപ്പോൾ കാർഷീക വളർച്ചനിരക്ക് (-) 6.62 ശതമാനമായിരുന്നു. കേരളത്തിന്റെ മൊത്തം മൂല്യ വർധനവിൽ (ജിഎസ്‌വിഎ) വിളകൾ, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം, വനവിഭവം എന്നിവയുടെ 1995–96 ‑ൽ 29.72 ശതമാനമായിരുന്നങ്കിൽ ഇപ്പോൾ ഇത് 8.03 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ സുസ്ഥിര വികസനത്തിനും ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ജനകീയാസൂത്രണത്തിലധിഷ്ഠിത പതിനാലാം പഞ്ചവത്സര പദ്ധതിയിൽ മറ്റ് ഏതൊരു മേഖലയെക്കാളും പ്രാധാന്യം കാർഷിക മേഖലയ്ക്ക് നൽകേണ്ടിയിരിക്കുന്നു.

കൃഷി ചെയ്യുന്ന സ്ഥലം വർധിപ്പിക്കുവാൻ ജനകീയാസൂത്രണത്തിന് വേണ്ടത്ര കഴിഞ്ഞിരുന്നില്ല. 1995–96 ൽ ആകെ ഭൂമിയുടെ 58.29 ശതമാനം ആയിരുന്നത് 2019–20 ൽ 52.13 ശതമാനമായി കുറഞ്ഞു. അതായത് 2,38,778 ഹെക്ടർ ഭൂമി നമുക്ക് നഷ്ടപ്പെട്ടു. കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമി വർധിച്ചുവരികയാണ്. 1995–96 ൽ ആകെ ഭൂമിയുടെ 8.06 ശതമാനം ആയിരുന്നത് 2019–20 ൽ 11.73 ശതമാനമായി വർധിച്ചു. കുറഞ്ഞു വരുന്ന ഭൂമിയുടെ ലഭ്യത കാർഷിക ഉല്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്തതക്ക് ഭക്ഷ്യോല്പാദനം വർധിപ്പിക്കേണ്ടതുള്ളതുകൊണ്ട് ജനകീയാസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഭക്ഷ്യോല്പാദനം വർധിപ്പിക്കുക എന്നുള്ളതായിരുന്നു. 1995–96 ൽ 4,95,719 ഹെക്ടറിൽ ഭക്ഷ്യ വിളകൾ കൃഷി ചെയ്തിരുന്നെങ്കിൽ 2018–19 ൽ 1,98,026 ഹെക്ടറായി ഭക്ഷ്യവിളകളുടെ കൃഷി കുറഞ്ഞു. അതായത് ഭക്ഷ്യ വിളകളുടെ വിസ്തീർണം 8.45 ശതമാനം കുറഞ്ഞു.

പ്രധാന വിളകളുടെ ഉല്പാദനം (ഉല്പാദനം മെട്രിക് ടണ്ണിൽ )

ഉല്പാദനം

1971–72

1995–96

2019–20

വ്യത്യാസം

നെല്ല്

1351738

953026

587078

(-)365948

തുവരപ്പരിപ്പ്

13011

15420

2103

(-)13317

കുരുമുളക്

25097

59934

34545

(-)25389

ഇഞ്ചി

23313

39827

11917

(-)27910

മഞ്ഞൾ

4394

6103

6653

550

ഏലം

1519

4514

10076

5562

നേന്ത്രവാഴയും വാഴയിനങ്ങളും

362267

596775

955327

358552

കശുഅണ്ടി

112943

96778

19444

(-)77334

മരച്ചീനി

5429281

2406036

2592633

186597

നാളീകേരം

4054

5906

4814

1092

തേയില

42802

64794

59260

5534

കാപ്പി

14106

42600

65459

22859

റബ്ബർ

88929

474555

533500

58945

കഴിഞ്ഞ 25 വർഷത്തെ കൃഷി ഉല്പാദന കണക്കുകൾ പരിശോധിച്ചാൽ മനസിലാകുന്നത് നെല്ല്, തുവരപ്പരിപ്പ്, കുരുമുളക്, ഇഞ്ചി, കശുഅണ്ടി തുടങ്ങിയ വിളകളിലെല്ലാം ഉല്പാദന കുറവ് ഉണ്ടായപ്പോൾ നേന്ത്രവാഴ, മരച്ചീനി, കാപ്പി, റബ്ബർ, തേയില തുടങ്ങിയ വിളകളിൽ മാത്രമാണ് ഉല്പാദന നേട്ടം ഉണ്ടായത്. നെല്ലിന്റെ കാര്യത്തിൽ 3,65,948 ടൺ കുറവാണ് ഉണ്ടായത്.

ഉല്പാദന ക്ഷമത ( കി. ഗ്രാം/ ഹെക്ടർ)

ഉല്പാദനം

1995–96

2019–20

വ്യത്യാസം

നെല്ല്

2023

3073

1050

തുവരപ്പരിപ്പ്

901

930

29

കുരുമുളക്

314

412

98

ഇഞ്ചി

3554

4227

673

മഞ്ഞൾ

1914

2922

1008

ഏലം

103

254

151

നേന്ത്രവാഴയും വാഴയിനങ്ങളും

14216

9038

(-)5178

കശുഅണ്ടി

843

487

(-)356

മരച്ചീനി

20263

41770

(-)21507

നാളീകേരം

6014

6328

314

തേയില

1847

1652

(-)195

കാപ്പി

517

762

245

റബ്ബർ

1057

1559

502

എന്നാൽ ഇക്കഴിഞ്ഞ 25 വർഷത്തെ ശ്രമഫലമായി ബഹുഭൂരിപക്ഷം വിളകളുടെയും ഉല്പാദന ക്ഷമത വർധിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നെല്ലിന്റെ ഉല്പാദന ക്ഷമത 1050 കി. ഗ്രാം/ ഹെക്ടർ വർധിച്ചപ്പോൾ ഇഞ്ചിയുടേത് 673 ഉം, റബ്ബറിന്റേത് 502 ഉം, നാളീകേരത്തിന്റേത് 314 ഉം കാപ്പിയുടേത് 245 ഉം വർധിപ്പിക്കുവാൻ കഴിഞ്ഞു. എന്നാൽ നേന്ത്രവാഴയുടേതും കശുഅണ്ടിയുടേതും മരച്ചീനിയുടേതും ഉല്പാദന ക്ഷമത ഇക്കാലത്ത് കുറഞ്ഞു.

ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങൾ

SI

no.

ജില്ല

ജലസേചന

സൗകര്യം

ജലസേചന

സൗകര്യം ഇല്ലാത്തത്

ആകെ

1

കാസർകോട്

46.90

53.10

100.00

2

കണ്ണൂർ

14.93

85.07

100.00

3

വയനാട്

26.89

73.11

100.00

4

കോഴിക്കോട്

7.67

92.33

100.00

5

മലപ്പുറം

23.92

76.08

100.00

6

പാലക്കാട്

40.29

59.71

100.00

7

തൃശൂർ

51.53

48.47

100.00

8

എറണാകുളം

22.09

77.91

100. 00

9

ഇടുക്കി

19.60

80.40

100.00

10

കോട്ടയം

15.44

84.56

100.00

11

ആലപ്പുഴ

53.08

46.92

100.00

12

പത്തനംതിട്ട

7.59

92.41

100.00

13

കൊല്ലം

6.89

93.11

100.00

14

തിരുവനന്തപുരം

13.61

86.39

100.00

കേരളം

25.00

75.00

100.00

ഇന്ത്യയിലെ കർഷകരിൽ ബഹുഭൂരിപക്ഷം പേരും ചെറുകിടകർഷകരാണ്. 12 കോടിക്ക് അടുത്ത് വരുന്ന ചെറുകിട കർഷകർ കൃഷി ചെയ്യുന്ന ഭൂമി ചെറിയ തുണ്ടുകളും പലഭാഗങ്ങളിലായി ചിന്നിചിതറി കിടക്കുന്നതുമാണ്. ചെറിയ കൃഷിഭൂമിയിൽ യന്ത്രവൽക്കരണം നടപ്പിലാക്കുവാനോ ആധുനിക കൃഷിരീതികൾ നടപ്പിലാക്കുവാനോ ഒറ്റയ്ക്ക് കഴിയുകയില്ല. ചെറുകിട ഉല്പാദകരുടെ ഉല്പന്നങ്ങൾ മൊത്തം ഉല്പന്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളു എന്നതുകൊണ്ട് വിലപേശൽ ശേഷിയും അവർക്ക് ഉണ്ടാകുന്നില്ല. നിലവിലുള്ള ഒട്ടനവധി സർക്കാർ പദ്ധതികളുടെ ആനുകൂല്യം കൂടുതലായി ലഭിക്കുന്നത് വൻ കിട കർഷകർക്കാണ്. ചെറുകിട കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിഞ്ഞാൽ ഇന്ത്യൻ കാർഷിക മേഖല ഇന്ന് നേരിടുന്ന പല പ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കുവാനും ചെറുകിട കർഷകരെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായി മാറ്റുവാനും കഴിയും.

കേരളത്തിലെ കൃഷിയിടങ്ങളുടെ വിസ്തീർണം (ഹെക്ടറിൽ)

ജില്ല

95–96

00–01

05–06

10–11

15–16

കാസർകോട്

0.49

0.42

0.39

0.38

0.29

കണ്ണൂർ

0.38

0.32

0.28

0.26

0.20

വയനാട്

0.61

0.58

0.55

0.52

0.46

കോഴിക്കോട്

0.21

0.19

0.18

0.17

0.14

മലപ്പുറം

0.26

0.22

0.21

0.19

0.16

പാലക്കാട്

0.40

0.31

0.31

0.29

0.23

തൃശൂർ

0.23

0.18

0.15

0.15

0.14

എറണാകുളം

0.22

0.18

0.17

0.19

0.15

ഇടുക്കി

0.48

0.56

0.60

0.63

0.54

കോട്ടയം

0.36

0.30

0.30

0.30

0.26

ആലപ്പുഴ

0.19

0.15

0.15

0.14

0.13

പത്തനംതിട്ട

0.31

0.24

0.24

0.22

0.21

കൊല്ലം

0.17

0.15

0.14

0.16

0.12

തിരുവനന്തപുരം

0.12

0.11

0.10

0.11

0.10

കേരളം

0.27

0.14

0.23

0.21

0.18

2015 ലെ അഗ്രികൾച്ചർ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കേരളത്തിലെ 96.7 ശതമാനം കൃഷിപാടങ്ങൾ ഒരു ഹെക്ടറിനു താഴെയുള്ള നാമമാത്ര കൃഷിപാടങ്ങളും 2.39 ശതമാനം ഒരു ഹെക്ടറിനും രണ്ടു ഹെക്ടറിനും ഇടയിലുള്ള ചെറുകിട കൃഷി സ്ഥലങ്ങളുമാണ്. കേരളത്തിലെ കൃഷിയിടങ്ങളുടെ ശരാശരി വിസ്തീർണം വളരെ കുറവാണെന്നുമാത്രമല്ല അത് കുറഞ്ഞുവരുകയുമാണ്. 1995–96 ൽ കേരളത്തിലെ കൃഷിയിടങ്ങളുടെ ശരാശരി വിസ്തീർണം 0.27 ഹെക്ടർ ആയിരുന്നെങ്കിൽ 2015–16 ൽ ഇത് 0.18 ഹെക്ടർ അതായത് അര ഏക്കറിന് താഴെയാണ്. നാമമാത്ര‑ചെറുകിട കർഷകർക്ക് വിപണിയിൽ സ്വാധീനം ചെലുത്തുവാനും ഉല്പാദന ചെലവ് കുറയ്ക്കുവാനും വരുമാനം വർധിപ്പിക്കുവാനും ഉല്പാദനന്തര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും ഗ്രാമ പഞ്ചായത്തുതലത്തിൽ കാർഷിക സ്ഥാപനങ്ങൾ അത്യന്താപേക്ഷിതമാണ്.

കേരളത്തിലെ കാർഷീക വിളകളുടെ കാര്യത്തിൽ ഉല്പാദനം വർധിച്ചിട്ടുണ്ട്. ഉയർന്ന കാർഷിക ഉല്പാദനത്തിലും നിർഭാഗ്യവശാൽ ചെറുകിട നാമമാത്ര കർഷകരുടെ വരുമാനത്തിൽ വലിയ വർധനവ് ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല. കർഷകർക്ക് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ന്യായമായ വില ലഭിക്കായ്മ. കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ല. വില ലഭിക്കാത്തതിന്റെ ഒരു കാരണം കൃഷിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ ഇല്ലാത്തതാണ്. കാർഷിക ഉല്പാദനത്തിൽ ഇന്ത്യ മുൻപന്തിയിൽ ആണെങ്കിലും കൃഷിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായത്തിൽ ഇന്ത്യയും കേരളവും പിന്നിലാണ്.

കൂട്ടുകൃഷി കേരളത്തിന്റെ തനത് സംസ്കാരത്തിന്റെ ഭാഗമായിരുന്നു. വലിയ പാടശേഖരങ്ങളിൽ നൂറുകണക്കിനാളുകൾ ഒന്നിച്ചു കൃഷിയിറക്കിയിരുന്നവർ നഷ്ടം വരാൻ തുടങ്ങിയതോടെ പലരും കൃഷി തരിശിടാനും കൃഷിഭൂമി കൃഷിയേതര പ്രവർത്തനങ്ങൾക്ക് നൽകുവാനും തുടങ്ങി. അതോടെ കാർഷിക ഉല്പന്നങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടതായും വന്നു. കോവിഡെന്ന മഹാമാരിയും ഭക്ഷ്യ ഉല്പാദനത്തിൽ കുറവും സർക്കാരും പൊതുസമൂഹവും നൽകുന്ന പ്രോത്സാഹനവും കൃഷിയുടെ പ്രാധാന്യം വർധിപ്പിച്ചിരിക്കുകയാണ്.

ബഹുഭൂരിപക്ഷം കർഷകരും നാമമാത്ര ചെറുകിട കർഷകർ ആയതുകൊണ്ട് അവരെ ജനകീയാസൂത്രത്തിന്റെ ഭാഗമായി സംഘകൃഷി മാതൃകയിൽ സംഘടിപ്പിക്കുകയും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയും ഉല്പന്നങ്ങൾക്ക് നല്ല വില ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. വിപണി കണ്ടുപിടിക്കുന്നതിലും, സംസ്കരിക്കുന്നതിനും മൂല്യ വർധക വസ്തുക്കൾ ഉണ്ടാക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും കഴിയുന്ന സംഘടനകളാണ് കർഷകർക്ക് ആവശ്യം.

നാമമാത്ര, ചെറുകിട കർഷകരെ സംഘടിപ്പിക്കുവാൻ നടത്തിയ ഒരു ഇടപെടലായിരുന്നു ഗ്രൂപ്പ് ഫാമിംഗ്. രണ്ടാം നായനാർ മന്ത്രിസഭയിലെ കൃഷിമന്ത്രിയായിരുന്ന വി വി രാഘവൻ 1989 ൽ ആവിഷ്കരിച്ച പദ്ധതിയാണ് ഗ്രൂപ്പ് ഫാമിങ്. പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്നതും ചാരിറ്റബിൾ സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും നെൽകൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂട്ടായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഗ്രൂപ്പ് ഫാമിങ് നടപ്പിലാക്കിയത്. 2011 ലെ കണക്കുകളനുസരിച്ച് ഒരു ഹെക്ടർ നെൽ കൃഷി ചെയ്യുന്നതിന് 40,000 രൂപ വരെ കൃഷി ചെലവ് ഉണ്ടായിരുന്നപ്പോൾ ഗ്രൂപ്പ് ഫാമിങ് പദ്ധതിപ്രകാരം കർഷകർക്ക് ലഭ്യമാക്കിയ സഹായം 1,500 രൂപ മാത്രമായിരുന്നു. കേരളത്തിൽ നടപ്പിലാക്കിയ സഹകരണകൃഷി, കൂട്ടുകൃഷി തുടങ്ങിയവ വിചാരിച്ച പ്രയോജനം ലഭിക്കാത്തതുകൊണ്ട് രണ്ടിന്റെയും സവിശേഷതകൾ സംയോജിപ്പിച്ചുകൊണ്ട് ചെറുതുണ്ടം ഭൂമികളിലെ കൃഷിയെ ഏകോപിപ്പിക്കുന്നതിനാണ് ഗ്രൂപ്പ് ഫാമിങ് സംവിധാനത്തിന് രൂപം നല്കിയത്. ഭൂമിയുടെ ഉടമസ്ഥത പട്ടയമുള്ളവരുടെ കൈയിൽതന്നെ നിലനിർത്തികൊണ്ട് കാർഷിക പ്രവർത്തനങ്ങൾ ഓരോ പാടശേഖരത്തിലും ഏകോപിപ്പിക്കാനാണ് ഗ്രൂപ്പ് ഫാമിങ് സംവിധാനത്തിലൂടെ ലക്ഷ്യമിട്ടത്. കൂട്ടായ പ്രയത്നത്തിലൂടെ ശാസ്ത്രീയ രീതിയിൽ കൃഷി ചെയ്യുകവഴി കൃഷി ചെലവ് കുറക്കുകയും യന്ത്രവല്കരണം പ്രോത്സാഹിപ്പിക്കുകയും ഒരേ ഇനം വിത്ത് കൃഷി ചെയ്യുകയും പൊതു ഞാറ്റടി തയ്യാറാക്കുകയും ജലപരിപാലനം കളനിയന്ത്രണം, വളപ്രയോഗം, സസ്യ സംരക്ഷണം, വിളവെടുപ്പ് എന്നിവ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തുകയും ചെയ്യുകയായിരുന്നു ഗ്രൂപ്പ് ഫാമിങ്ങിന്റെ ലക്ഷ്യങ്ങൾ. നെൽകൃഷി നിലനിർത്തുകയും ഉല്പാദനക്ഷമത ഹെക്ടറിന് മൂന്ന് ടണ്ണിൽ കൂടുതൽ കൈവരിക്കുകയും ചെയ്യുന്നതിനാണ് ഗ്രൂപ്പ് ഫാമിംഗ് ലക്ഷ്യമിട്ടത്. 1996 ൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഗ്രൂപ്പ് ഫാമിങ് പദ്ധതിയിൽ ശാസ്ത്രസാങ്കേതിക മികവുകൂടി സംഘടനാരീതിയിൽ ഉറപ്പുവരുത്തി ഗാലാസ (ഗ്രൂപ്പ് അപ്രോച്ച് ഫോര്‍ ലോക്കലി അഡോപ്റ്റഡ് ആന്റ് സസ്റ്റെയ്നബിള്‍ അഗ്രികള്‍ച്ചര്‍) (ജിഎഎല്‍എഎസ്എ) രീതി നടപ്പിലാക്കി. പിൽക്കാലത് ഗ്രൂപ്പ് ഫാമിങ് കേരകൃഷിയിലേക്കും പച്ചക്കറി കൃഷിയിലേക്കും വ്യാപിപ്പിച്ചെങ്കിലും അവിടെ വിചാരിച്ചരീതിയിൽ ഗ്രൂപ്പ് ഫാമിങ് വിജയിച്ചില്ല. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സ്വയം സഹായ സംഘങ്ങളും (എസ്എച്ച്ജി) ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളും (ജെഎൽജി) നെല്ല്, പച്ചക്കറി എന്നീ വിളകൾ ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്തു വരുന്നു. കുടുംബശ്രീ ഇപ്പോൾ സ്ഥലം പാട്ടത്തിനെടുത്തു ചില പ്രദേശങ്ങളിൽ ഗ്രൂപ്പ് ഫാമിങ് നടത്തിവരുന്നുണ്ട്. കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ളതിനാൽ എഫ്‌പിഒ കൾക്ക് നല്ലരീതിയിൽ പ്രവർത്തിക്കുവാൻ കഴിയും. കേരളത്തിൽ വളരെ ഫലപ്രദമായി നടപ്പിലാക്കിയ ഗ്രൂപ്പ് ഫാമിങ് മാതൃകയിൽ ആവശ്യമായ മാറ്റങ്ങളോടെയാണ് സർക്കാർ കർഷക ഉല്പാദക സംഘടനകൾക്ക് രൂപം നല്കിയിരിക്കുന്നത്. കർഷകർ ഇന്ന് നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എഫ്‌പിഒകൾക്ക് കഴിയും.

കേരളത്തിന്റെ വികസന പ്രക്രിയയിൽ കാർഷിക, കർഷക — അനുബന്ധ മേഖലകൾക്ക് ഒരു സുപ്രധാന സ്ഥാനം വഹിക്കുവാനുണ്ട്. ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്തേക്കാളും കേരളത്തിന്റെ കാലാവസ്ഥ കൃഷിക്ക് അനുയോജ്യമാണ്. തൊഴിൽ, ഭക്ഷണം എന്നിവ പ്രദാനം ചെയ്യുന്നതിലും അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിലും ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിലും കാർഷിക മേഖലയ്ക്ക് പ്രാധാന്യമുണ്ടു്. സുസ്ഥിര വികസന ലക്ഷ്യങ്ങളായ ദാരിദ്ര്യ നിർമാർജ്ജനം, പട്ടിണി നിർമാർജ്ജനം, മികച്ച ആരോഗ്യവും ക്ഷേമവും എന്നിവ കൈവരിക്കുന്നതിനും കാർഷിക മേഖല അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ പഞ്ചവത്സര പദ്ധതികളിലും ജനകീയാസൂത്രണത്തിലും കാർഷിക മേഖലക്ക് ഉയർന്ന പരിഗണന കേരളത്തിന്റെ സുസ്ഥിരവികസനത്തിന് നൽകേണ്ടതുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.