22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
February 23, 2024
June 3, 2022
May 17, 2022
April 28, 2022
April 2, 2022
March 27, 2022
March 26, 2022
March 14, 2022
March 14, 2022

സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ അന്തിമാനുമതിക്കു ശേഷം

Janayugom Webdesk
തിരുവനന്തപുരം
February 5, 2022 10:32 pm

സിൽവർ ലൈൻ അർധ അതിവേഗ റയിൽവേ പദ്ധതിക്കായി ഭൂമി ഏറ്റെടുപ്പ് ഉത്തരവ് റയിൽവേ ബോർഡിന്റെ അന്തിമാനുമതിക്കു ശേഷം മാത്രമേ സർക്കാർ പുറപ്പെടുവിക്കൂ. കെ റയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും നിര്‍ണയിക്കുന്നതിനും സാമൂഹിക ആഘാതങ്ങൾ പഠിക്കുന്നതിനുമുള്ള പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചാൽ പദ്ധതി ബാധിക്കുന്ന പ്രദേശങ്ങളിൽ സാമൂഹിക ആഘാത പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിക്കും. ആ പഠനമാണ് ഇപ്പോൾ നടന്നുവരുന്നത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ഗതാഗത വകുപ്പും സംസ്ഥാന റവന്യൂ വകുപ്പും നേരത്തെ തന്നെ വെവ്വേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായി പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുകയും അതിരടയാളം സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനു വേണ്ടിയാണ് സർവേ അതിരടയാള നിയമത്തിലെ ആറ് (ഒന്ന്) വകുപ്പു പ്രകാരം സംസ്ഥാന റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷൽ തഹസിൽദാർമാരുടെ ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അതിരടയാള കല്ലിടൽ പ്രവൃത്തി നടക്കുന്നത്. ഈ ഘട്ടത്തിൽ ആരുടേയും ഭൂമിയോ സ്വത്തോ കേരള റയിൽ ഡവലപ്മെന്റ് കോർപറേഷൻ കൈവശപ്പെടുത്തുന്നില്ല.

സാമുഹിക ആഘാത പഠനം നടത്തുന്നതിനായി പദ്ധതിയുടെ അലൈൻമെന്റിന്റെ അതിര് അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. സാമൂഹിക പ്രത്യാഘാതം വിലയിരുത്തുന്നതിനായി ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിങ് ഏർപ്പെടുത്തുകയും പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യും. വിദഗ്ധ സംഘം ഈ റിപ്പോർട്ട് വിലയിരുത്തും. രണ്ട് അനൗദ്യോഗിക സാമൂഹിക ശാസ്ത്രജ്ഞർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പുനരധിവാസ വിദഗ്ധർ, പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഈ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.

ഈ റിപ്പോർട്ടുകൾ പരിശോധിച്ചായിരിക്കും ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ എട്ട് (രണ്ട്) വകപ്പു പ്രകാരം ഉത്തരവിറക്കുക. പദ്ധതിയ്ക്ക് കേന്ദ്ര റയിൽവേ ബോര്‍ഡിന്റെ അംഗീകാരം കിട്ടിയ ശേഷം മാത്രമേ, സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് പ്രവേശിക്കുകയുള്ളുവെന്ന് സംസ്ഥാന ഗതാഗതവകുപ്പും റവന്യൂ വകുപ്പും വെവ്വേറെ ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.

eng­lish sum­ma­ry; Sil­ver Line land acqui­si­tion after final approval

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.