27 March 2025, Thursday
KSFE Galaxy Chits Banner 2

സസ്യലോകത്തേക്ക് ആറ് പുതിയ ഇനങ്ങള്‍

Janayugom Webdesk
മലപ്പുറം
December 1, 2021 11:04 pm

പശ്ചിമഘട്ടത്തില്‍ നിന്നും വടക്കുകിഴക്കന്‍ ഹിമാലയനിരകളില്‍ നിന്നുമായി ആറ് പുതിയ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക സംഘം. പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിലാണ് കണ്ടെത്തല്‍.

ഹെന്‍കെലിയ ജനുസില്‍ പെട്ട സസ്യത്തെ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയില്‍ നിന്ന് ചേമഞ്ചേരി സ്വദേശി എം കെ അഖില്‍, ഒല്ലൂര്‍ സ്വദേശി വിഷ്ണു മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് കണ്ടെത്തിയത്. ഹെന്‍കെലിയ ഖാസിയാന എന്ന് പേരിട്ട ഇവയുടെ ഇതളുകളുടെ ഉള്‍വശത്തായുള്ള സ്തരങ്ങളാണ് പ്രധാന സവിശേഷത.

മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ ‘സുന്ദരിയില’ എന്നറിയപ്പെടുന്ന സോണറില ജനുസിലുള്ളതാണ് മറ്റൊരു സസ്യം. സൗത്ത് ഗോവ സാല്‍സെറ്റ് താലൂക്കിലെ ചന്ദ്രേശ്വര്‍ മലയില്‍നിന്നും കണ്ടെത്തിയ കിഴങ്ങുകളോടുകൂടിയ സസ്യത്തിന് സോണറില കൊങ്കനെന്‍സിസ് എന്നാണ് പേര്. പ്രൊഫ. സന്തോഷ് നമ്പിക്കു പുറമെ തൃശൂര്‍ ചേലക്കര സ്വദേശിനി എസ് രശ്മി, ഗോവ യൂണിവേഴ്സിറ്റിയിലെ പി എഫ് അക്ഷത്ര എന്നിവരാണ് ഈ സസ്യത്തെ തിരിച്ചറിഞ്ഞത്.

ഇടുക്കി ജില്ലയിലെ സപുഷ്പിസസ്യങ്ങളുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ഡോ. സന്തോഷ് നമ്പി, ഗവേഷകരായ വിഷ്ണു മോഹന്‍, ഡാനി ഫ്രാന്‍സിസ്, ദിവ്യ കെ വേണു­ഗോപാല്‍ എ­ന്നിവര്‍ ഉള്‍പ്പെടുന്ന സംഘം മൂന്നു പുതിയ സസ്യങ്ങളെ ജില്ലയില്‍ നിന്ന് കണ്ടെത്തി. കാശിത്തുമ്പ കുടുംബത്തില്‍ പെട്ട ഇമ്പേഷ്യന്‍സ് രക്തകേസര, ബര്‍മാനിയേസിയെ കുടുംബത്തില്‍പ്പെട്ട ബര്‍മാനിയ മൂന്നാറെന്‍സിസ്, ഒറോബാങ്കെസിയെ കുടുംബത്തില്‍ പെട്ട പാരസൊപൂബിയ രാഘവേന്ദ്രെ എന്നീ സസ്യങ്ങളെ യഥാക്രമം ആനമുടി, മൂന്നാര്‍, മതികെട്ടാന്‍ ചോല എന്നിവിടങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ഇമ്പേഷ്യന്‍സ് രക്തകേസര പേര് സൂചിപ്പിക്കുന്നതുപോലെ ചുവന്ന നിറത്തോടുകൂടിയ കേസരങ്ങളുള്ളതാണ്. മൂന്നാറില്‍ നിന്നും കണ്ടെത്തിയ ബര്‍മാനിയ മൂന്നാറെന്‍സിസിന്റെ പ്രധാന സവിശേഷതകള്‍ വീതി കുറഞ്ഞ ചിറകുകളോടു കൂടിയ പുഷ്പങ്ങളും, ഉള്ളിലേക്കു മടങ്ങിയിരിക്കുന്ന ഇതളരികുകളുമാണ്.

പാരസൊപൂബിയ രാഘവേന്ദ്രെ എന്ന സസ്യത്തെ വ്യത്യസ്തമാക്കുന്നത് ദളം, വിദളം, വിത്തുകള്‍ എന്നിവയുടെ പ്രത്യേകതകളാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. എ കെ പ്രദീപും മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിലെ സസ്യവൈവിധ്യത്തെ കുറിച്ച് പഠനം നടത്തുന്ന എസ് ശ്യാം രാധും ഈ കണ്ടെത്തലിന്റെ ഭാഗമായി. 1909 ല്‍ എമീബോള്‍ഡ് പീരുമേട്ടില്‍ നിന്നും ശേഖരിച്ച ബര്‍മാനിയ ഇന്‍ഡിക്ക എന്ന സസ്യത്തെ 110 വര്‍ഷങ്ങള്‍ക്കുശേഷം മീനുളിയാന്‍പാറയില്‍ നിന്നും കണ്ടെത്തി എന്നതും ശ്രദ്ധേയമാണ്.

Eng­lish Sum­ma­ry: Six new species to the flora

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.