7 November 2024, Thursday
KSFE Galaxy Chits Banner 2

ധനകാര്യകമ്മിഷനും നികുതി പങ്കിടലും

പ്രൊഫ. കെ അരവിന്ദാക്ഷൻ
September 25, 2024 4:45 am

സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഒരു യോഗം സെപ്റ്റംബര്‍ രണ്ടാംവാരത്തില്‍ തിരുവനന്തപുരത്ത് നടന്നിരുന്നല്ലോ. കേരള സര്‍ക്കാര്‍ ആതിഥേയത്വം വഹിച്ച ഈ യോഗത്തില്‍ കേരളമടക്കം പ്രതിപക്ഷ കക്ഷികള്‍ ഭരണം നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഏകകണ്ഠമായി നടത്തിയ അഭ്യര്‍ത്ഥന, പുതിയ 15-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ പരിഗണനയ്ക്കെടുക്കുമ്പോള്‍ കേന്ദ്ര വിഭവം പങ്കിടുന്നതില്‍ സുപ്രധാനമായ മാറ്റം വരുത്തണമെന്നതായിരുന്നു. നിലവിലുള്ള പങ്കിടല്‍ ഫോര്‍മുല കേന്ദ്രവിഹിതത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുക എന്നാണല്ലോ. ഇത് ഉയര്‍ത്തി 50 ശതമാനമാക്കുക എന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

കാലാനുസൃതവും, ആവശ്യാനുസൃതവും നീതിയുക്തവുമായൊരു വര്‍ധനവാണിതെന്നാണ് അഞ്ച് സംസ്ഥാന ധനമന്ത്രിമാരുടെയും ഏകസ്വരത്തിലുള്ള പ്രസ്താവന. ഇതിനുപുറമെ, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി പങ്കിടാന്‍ ബാധ്യസ്ഥമല്ലാത്തവിധത്തില്‍ നേരിട്ട് പിരിച്ചെടുത്ത് വിനിയോഗിച്ചുവരുന്ന സെസുകള്‍ക്കും സര്‍ചാര്‍ജുകള്‍ക്കും ഉപരിപരിധി ഏര്‍പ്പെടുത്തുക എന്ന ആവശ്യവുമുണ്ട്. ഇത്തരം അധികവരുമാനം വിനിയോഗിച്ചാണ് കേന്ദ്രാവിഷ്കൃത പദ്ധതികളെന്ന ലേബലില്‍ സംസ്ഥാനങ്ങളില്‍ ചില വികസനപദ്ധതികള്‍ നടപ്പാക്കിവരുന്നത്.


ക്ഷേമ പെൻഷന്‍ കേന്ദ്രം വീണ്ടും മുടക്കി


സമ്മേളനത്തില്‍ പങ്കെടുത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര‑സംസ്ഥാന ധനകാര്യ ബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യത്തിന് ബലംകൂട്ടാന്‍ ഉദ്ദേശിച്ച് ഒരു നിര്‍ദേശം വേദിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു. ജിഎസ്‌ടി ചട്ടക്കൂട് നിലവില്‍ വന്നതോടെ നികുതി ചുമത്താനും പിരിച്ചെടുത്ത് വിനിയോഗിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കെെകടത്തല്‍ ഏറെയാണെന്ന സാഹചര്യം ഗൗരവ പരിഗണനയര്‍ഹിക്കുന്നു എന്നും അത് പ്രത്യേകം ചര്‍ച്ച ചെയ്യുന്നതിന് കര്‍ണാടക സര്‍ക്കാര്‍ തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ലക്ഷ്യമിടുന്നു എന്നുമായിരുന്നു പ്രഖ്യാപനം.

സംസ്ഥാന തലസ്ഥാനത്തു ചേര്‍ന്ന ധനകമ്മിഷന്‍ യോഗത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. 2024–25ലേക്കുള്ള കേന്ദ്ര ബജറ്റില്‍ ബംഗളൂരു നഗരത്തില്‍ ‘സ്റ്റാര്‍’ പ്രോജക്ടായ സബര്‍ബന്‍ റെയിലിനും കേരളത്തിന്റെ അഭിമാനമെന്ന് അവകാശപ്പെടുന്ന വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക കേന്ദ്ര ധനകാര്യ വിഹിതം നീക്കിവയ്ക്കപ്പെട്ടിട്ടില്ല. ഇതിനെല്ലാം പുറമെയാണ് വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, വിശിഷ്യ കേരളം അഭിമുഖീകരിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ തടയുന്നതിന് മതിയായ സഹായ പദ്ധതികളുടെ അഭാവവും ഗുരുതരപ്രശ്നമായി നിലവിലുള്ളത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് തമിഴ്‌നാട്ടില്‍ 2023 ഡിസംബറില്‍ ഗുരുതരമായ വെള്ളപ്പൊക്കക്കെടുതികളുണ്ടായത്. സമീപകാലത്ത് ഗുജറാത്തിലും കേരളത്തില്‍ വയനാട്ടിലും വിനാശകരമായ പ്രകൃതിദുരന്തങ്ങളുടെ പരമ്പര തന്നെ ഉണ്ടായതും നമ്മുടെ ഓര്‍മ്മയില്‍ നിന്നും വിട്ടുപോയിട്ടില്ല.


രാജ്യത്തിന് ഗുണം ചെയ്യാത്ത കേന്ദ്ര ബജറ്റ്


പതിനാറാമത് ധനകമ്മിഷന്റെ ശുപാര്‍ശകള്‍ പുറത്തുവരാനിരിക്കുന്നത് 2025ഒക്ടോബര്‍ മാസത്തോടെയാണ്. ഇന്നത്തെ സംസ്ഥാന സമ്പദ്‌വ്യവസ്ഥകളുടെ സ്ഥിതി പരിഗണിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുക, സംസ്ഥാന ജിഡിപി നിരക്കുകള്‍ 15-ാം ധനക്കമ്മിഷന്റെ 41ല്‍ നിന്ന് 45ശതമാനമായെങ്കിലും വിഹിതം വര്‍ധിപ്പിക്കേണ്ടതാണെന്നുതന്നെയാണ്. ഇന്ത്യയിലെ 26സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമെടുത്താല്‍ ഇതില്‍ പകുതിയോളവും ഇടത്തരം വരുമാന വിഭാഗത്തില്‍പ്പെടുന്നവയും അഞ്ചോ ആറോ സംസ്ഥാനങ്ങള്‍ വളരെ താണ വരുമാനവിഭാഗത്തില്‍പ്പെടുന്നവയും ആയിരിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ താണവരുമാന വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേകം വരുമാന വിഹിതവര്‍ധന വരുത്തേണ്ടതാണ്.

ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണെങ്കില്‍ വ്യാവസായിക, സാമ്പത്തിക പവര്‍ഹൗസുകളായിട്ടാണ് കരുതപ്പെടുന്നത്. ഇവയ്ക്കാവശ്യം പ്ര­ത്യേകം രൂപകല്പന ചെയ്ത് നിര്‍മ്മിക്കപ്പെട്ട മൂലധന – സാമൂഹ്യ നിക്ഷേപ മാതൃകകളും ചട്ടക്കൂടുകളുമാണ്. മറിച്ചായാല്‍ വ്യാവസായിക വാണിജ്യാവശ്യങ്ങള്‍ തൃപ്തികരമായി നിര്‍വഹിക്കുക അസാധ്യമായിരിക്കും. ഭൂമിശാസ്ത്രപരമായും ജനസംഖ്യാടിസ്ഥാനത്തിലും ഇവയിലേറെയും അതിവിപുലവും വൈവിധ്യമാര്‍ന്നവയുമായിരിക്കുകയും ചെയ്യും. വികസനാവശ്യങ്ങളിലും ഈ പ്രത്യേകതകള്‍ കാണാന്‍ കഴിയും.


വേണ്ടത് ജനാധിപത്യം സംരക്ഷിക്കുന്ന ഭരണകൂടം


ജിഎസ്‌ടി വ്യവസ്ഥ നിലവില്‍ വന്നതോടെ നികുതി വരുമാനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ അനിവാര്യമായിത്തീരുകയും വികസനാവശ്യങ്ങള്‍ക്കാനുപാതികമായി നികുതി വര്‍ധനവിലൂടെ അധിക വരുമാനം കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്തു. ഇതോടെ വികസിത സംസ്ഥാനങ്ങള്‍തന്നെ കുറഞ്ഞവികസനം നേടിയിട്ടുള്ള സംസ്ഥാനങ്ങളുടേതുപോലുള്ള പ്രതിസന്ധികള്‍ക്കുകൂടി പരിഹാരം നേടേണ്ടിവരികയാണ്. വികസനം അതിന്റെ ഒരു പ്രത്യേക നിലവാരത്തില്‍ എത്തിക്കഴിഞ്ഞിട്ടുള്ള സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം നിര്‍ദിഷ്ട ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയുന്നതിനെപ്പറ്റി ചിന്തിക്കാന്‍പോലും കഴിയാതെ വന്നിരിക്കയാണ്.

ഇന്നത്തെ പ്രത്യേക പശ്ചാത്തലത്തില്‍ പ്രസക്തമായി കാണേണ്ടൊരു കാര്യം, ജിഎസ്‌ടി പരിഷ്കാരത്തിലൂടെയോ ധനകാര്യകമ്മിഷന്‍ ശുപാര്‍ശകള്‍ വഴിയോ അഭിമുഖീകരിക്കാന്‍ കഴിയാത്തവിധം ഗുരുതരാവസ്ഥയിലുള്ള അടിയന്തര ചെലവുകള്‍ക്കാണ് സംസ്ഥാനങ്ങള്‍ പണം കണ്ടെത്തേണ്ടി വന്നിരിക്കുന്നത് എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങളും പ്രസക്തമാണ്. ഇന്ത്യയെപ്പോലെ വലിപ്പമേറിയതും വൈവിധ്യവുമാര്‍ന്ന സാമൂഹ്യ – സാമ്പത്തിക സൂചികകള്‍ മാത്രമല്ല, പ്രകൃതി വിഭവങ്ങളുടെ അതിലേറെ വൈവിധ്യമാര്‍ന്ന വിതരണ മാതൃകകള്‍ നിലവിലുള്ള ജനനിബിഡമായ ഭൂപ്രദേശത്ത് കേന്ദ്ര ഭരണകൂടവും കേന്ദ്ര ധനകാര്യ ഏജന്‍സികളും അടിയന്തര ഇടപെടലുകള്‍ നടത്താതെ സ്ഥിരതയാര്‍ന്നൊരു രാഷ്ട്രീയ വ്യവസ്ഥയും സാമ്പത്തികക്രമവും നിലനിര്‍ത്താന്‍ സാധിക്കില്ല. ഇത്തരമൊരു വികസന പ്രക്രിയയ്ക്കുള്ള തുടക്കമെന്ന നിലയില്‍ അവശ്യം വേണ്ടത്, സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം മെച്ചപ്പെടുത്തുന്നതിന് വര്‍ധിച്ചതോതില്‍ സ്വയംഭരണാവകാശങ്ങള്‍ ഉറപ്പാക്കുകയാണ്. ഇവിടെയാണ് നികുതി വിഹിതം പങ്കിടലുമായി ബന്ധപ്പെട്ട ചട്ടക്കൂടില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുക എന്ന നടപടി പ്രസക്തമാകുന്നതും.

ഇന്ത്യയെപ്പോലെ ഫെഡറല്‍ ഘടനയോടൊപ്പം പങ്കാളിത്ത ജനാധിപത്യ ബന്ധങ്ങള്‍ക്കുകൂടി പ്രാമുഖ്യം നല്‍കപ്പെടുന്ന സഹകരണ ഫെഡറലിസം എന്ന ഭരണ മാതൃക കോട്ടംകൂടാതെ സംരക്ഷിക്കേണ്ടതിന്റെകൂടി അനിവാര്യതയാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. സഹകരണ ഫെഡറലിസം എന്ന തത്വം രാഷ്ട്രീയ ബന്ധങ്ങളില്‍ മാത്രമല്ല, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിലും പ്രതിഫലിക്കപ്പെടണം. ഇതിനുള്ള തുടക്കമെന്ന നിലയ്ക്കാണ് കേന്ദ്ര ഖജനാവിലെത്തുന്ന നികുതി വിഭവത്തിന്റെ മാന്യമായൊരു പങ്ക് സംസ്ഥാനങ്ങള്‍ക്കിടയില്‍ കൂടി വന്നെത്തണമെന്ന വാദം ശക്തിപ്പെടുന്നത്.

TOP NEWS

November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.