27 March 2024, Wednesday

സ്നാപകന്റെ കൊലയും സമകാലിക രാഷ്ട്രീയവും

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
January 25, 2023 4:30 am

സുറിയാനി ആരാധനാ പാരമ്പര്യത്തിലുള്ള ഓർത്തഡോക്സ്, യാക്കോബായ സഭകൾ ജനുവരി ഏഴാം തീയതി സ്നാപക യോഹന്നാന്റെ കൊലപാതകത്തിന്റെ സ്മരണ ആചരിക്കുന്നു. പാശ്ചാത്യസഭ ഓഗസ്റ്റ് 29നാണ് ഈ ദിനം ആചരിക്കുന്നത്. ബൈബിളിൽ ഈ സംഭവം സംബന്ധിച്ച് മത്തായി, മർക്കോസ്, ലൂക്കോസ് സുവിശേഷകർ വിശദമായ വിവരണം നൽകുന്നുണ്ട്. യേശുവിനെ ജനത്തിന് പരിചയപ്പെടുത്തുവാൻ ജനിച്ചവൻ എന്നാണ് യോഹന്നാനെക്കുറിച്ചുള്ള വിശദീകരണം. നീതിയുടെയും തെറ്റുതിരുത്തലിന്റെയും വക്താവായി അദ്ദേഹം ബൈബിളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. തന്റെ അടുത്തുവന്നവർക്ക് പ്രായശ്ചിത്തത്തിന്റെയും പുനഃസമർപ്പണത്തിന്റെയും പ്രതീകമായ സ്നാനം നൽകി എന്നാണ് ബൈബിൾ സാക്ഷ്യം. മറ്റുള്ളവരോടൊപ്പം യേശുവും യോഹന്നാനിൽ നിന്നും സ്നാനം ഏറ്റതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബിസി 20ൽ ജനിച്ച് എഡി 40നോടടുത്ത് മരിച്ച ഹെരോദ് അന്തിപ്പാസ് തന്റെ പിതാവ് ഹെരോദിന്റെ മരണശേഷം, ഗലീല, പെരിയ പ്രദേശങ്ങളുടെ റോമൻ ഇടപ്രഭുവായിരുന്ന ആളാണ്. ഇദ്ദേഹം ഭാര്യയെ ഒഴിവാക്കി സഹോദരഭാര്യയായ ഹെരോദ്യയെ വിവാഹം ചെയ്തു. ഇത് ശരിയായ നടപടിയല്ല എന്ന് സ്നാപകൻ പരസ്യമായി പ്രഖ്യാപിച്ചത് ഹെരോദിനെ ഏറെ ക്രൂദ്ധനാക്കി. സഹോദരൻ ഹെരോദ് രണ്ടാമനെ കൊന്നിട്ടാണ് ഭാര്യയെ സ്വന്തമാക്കിയത് എന്നൊരു വാദവുമുണ്ട്. പരസ്യമായി അവഹേളിക്കപ്പെട്ട ഹെരോദ് യോഹന്നാനെ തടവിലാക്കി. കൊല്ലണം എന്നായിരുന്നു താല്പര്യമെങ്കിലും യോഹന്നാന്റെ പൊതു അംഗീകാരം രാജാവിനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

രാജാവിന്റെ ജന്മദിനത്തിൽ നടത്തിയ വിരുന്നിൽ രണ്ടാം ഭാര്യയുടെ മകൾ ശലോമി ചെയ്ത നൃത്തത്തിന്റെയും മദ്യത്തിന്റെയും ലഹരിയിൽ അവൾക്ക് എന്ത് ഉപഹാരവും നൽകാൻ തയ്യാറാണ് എന്ന് ഹെരോദ് വിരുന്നുകാരുടെ മധ്യത്തിൽ വച്ച് പ്രഖ്യാപിച്ചു. അമ്മയുടെ ഉപദേശപ്രകാരം ശലോമി ആവശ്യപ്പെട്ടത് സ്നാപകന്റെ ശിരസാണ്. ഇത് രാജാവിനെ വലിയ സമ്മർദത്തിലാക്കി. ഒരു ഭാഗത്ത് ജനത്തെ ഭയം, മറുഭാഗത്ത് അതിഥികളുടെ മുമ്പിൽ വച്ച് നടത്തിയ വാഗ്ദാനലംഘനത്താൽ ഉണ്ടാകാവുന്ന നാണക്കേട്. നാണക്കേട് ജയിക്കുകയും യോഹന്നാന്റെ ശിരസ് ഛേദിച്ച് പെൺകുട്ടിക്ക് നൽകുകയും ചെയ്തു. യോഹന്നാൻ ഹെരോദാ രാജാവിനാൽ കൊല്ലപ്പെട്ടു എന്ന് യഹൂദാ ചരിത്രകാരനായ ജൊസീഫസും രേഖപ്പെടുത്തിയിട്ടുണ്ട്. ഇടപ്രഭുവായ ഹെരോദിനെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. ഒന്ന്: ഒരു തികഞ്ഞ അധാർമ്മികൻ- സഹോദരനെ കൊന്ന് ഭാര്യയെ സ്വന്തമാക്കിയ ആൾ. രണ്ട്: കാര്യങ്ങളെ വേണ്ടുംവണ്ണം വിലയിരുത്താൻ കെല്പില്ലാത്തയാൾ‑യേശുവിന്റെ പൊതുജനസമ്മിതി കണ്ടിട്ട് അത് താൻ കൊല്ലിച്ച യോഹന്നാന്റെ പുനരവതാരമായിരിക്കും എന്നാണ് കരുതിയത്. മൂന്ന്: ഭയം. യോഹന്നാന്റെ ജനസമ്മിതിയെക്കുറിച്ചോർത്ത് ഭയന്ന് അദ്ദേഹത്തെ കൊല്ലാൻ ഭയപ്പെട്ടു. നാല്: ഉന്മാദത്തിൽ ചിന്തിക്കാതുള്ള പുലമ്പൽ‑പെൺകുട്ടിയുടെ നൃത്തവും മദ്യവും തലയ്ക്ക് പിടിച്ചിട്ട് വരുംവരായ്ക ആലോചിക്കാതെ “ചോദിക്കുന്നതെന്തും” നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. അഞ്ച്: വിരുന്നുകാരുടെ അപമാനിക്കലിനെ ഭയന്ന് അരുതാത്തത് ചെയ്ത് വാഗ്ദാനം നിറവേറ്റുന്നു. ഇതിന്റെയെല്ലാം അനന്തര ഫലം: യോഹന്നാൻ ഇന്നും ആദരവോടെ സ്മരിക്കപ്പെടുന്നു, ഹെരോദാകട്ടെ അപഹാസ്യതയിൽ ഓർക്കപ്പെടുന്നു. യഹൂദ ചരിത്രകാരന്റെ അഭിപ്രായത്തിൽ യോഹന്നാന്റെ ജനസമ്മിതി തന്റെ നിലനിൽപ്പിന് ഭീഷണിയാകാം എന്ന് ഭയന്ന് അദ്ദേഹത്തെ കൊല്ലുകയായിരുന്നു. വിശദമായ ബൈബിൾ വിവരണത്തിലായാലും ചുരുങ്ങിയ വാക്കുകളിലുള്ള ജൊസീഫസിന്റെ രേഖയിലായാലും ഹെരോദിൽ കാണുന്ന മുഖ്യഭാവം ഭയം തന്നെയാണ്, ജനത്തെക്കുറിച്ചുള്ള ഭയം. സാഹചര്യങ്ങളും സംഭവങ്ങളും പുതിയരൂപത്തിൽ ചരിത്രത്തിൽ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: പെറുവിലെ ജനകീയ ചെറുത്തുനില്‍പ്പ്


യഹൂദരുടെ സാന്നിധ്യത്തിൽ വിറളി പൂണ്ട ഹിറ്റ്ലറുടെ പ്രവർത്തി കൊലപാതകത്തിന്റെയും വംശഹത്യയുടേതുമായിരുന്നു. അർമീനിയയിൽ ക്രിസ്ത്യാനികൾക്കെതിരെ ഓട്ടോമാൻ ഭരണകൂടത്തിന്റെ യൂണിയൻ ആന്റ് പ്രോഗ്രസ് കമ്മിറ്റി നടത്തിയ വംശഹത്യ, ചരിത്രത്തിന്റെ താളുകളിലുണ്ട്. മ്യാൻമറിലെ റോഹിംഗ്യൻ മുസ്ലിങ്ങൾക്കെതിരെ പട്ടാളം നടത്തിയ വംശശുദ്ധീകരണ പദ്ധതി ഈ അടുത്ത കാലത്ത് നടന്നതാണ്. തെറ്റായ ആരോപണത്തിന്റെ മറവിൽ ഗുജറാത്തിലെ മുസ്ലിങ്ങൾക്കെതിരെ ഭരണകൂടവും മത തീവ്രവാദികളും നടത്തിയ വംശ ശുദ്ധീകരണ കൂട്ടക്കൊല ഇന്നും നമ്മുടെ നാടിന്റെ യശസിനെ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എല്ലാം ഭയത്തിൽ നിന്നുയർന്ന പ്രവർത്തികളുടെ ചരിത്രത്തിലെ ഉദാഹരണങ്ങളാണ്. ഗുജറാത്ത് കലാപത്തിന്റെ പ്രോക്താക്കൾ കേന്ദ്ര ഭരണത്തിലെത്തിയപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒരു വർഗത്തിന്റെ മനുഷ്യാവകാശം ലംഘിക്കുന്നതും നാം കണ്ടു. അതെ, അധികാരികൾ ഭയത്തിൽ വിരാജിക്കുന്നു. ഭയത്തിന്റെ കർമ്മരൂപം ഭയത്തിന്റെ തുടർച്ചയ്ക്ക് കാരണമാകുന്നു. ഓരോ സന്ദർഭത്തിലും ഭയം പുതിയ കൊലപാതകത്തിന് കാരണമാകുന്നു. ഭയത്താലുള്ള കൊലപാതകങ്ങളുടെ പരാമർശംതന്നെ ഭയവും പുതിയ കൊലപാതകവും ഉണ്ടാക്കുന്നു. ഗുജറാത്ത് കലാപത്തെയും കൊലപാതകത്തെയും അതിൽ ഭരണകൂടത്തിലെ നേതാക്കളുടെ പങ്കിനെയും പരാമർശിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററിയോടുള്ള പ്രതികരണം പുതിയ കൊലപാതകത്തിന് കാരണമാകുന്നു. ഇത്തവണ കൊല്ലുന്നത് ഭാരതീയന്റെ അറിയാനുള്ള അവകാശത്തെയും മാധ്യമത്തിന്റെ സ്വാതന്ത്ര്യത്തെയുമാണ്.

ബിബിസി രണ്ട് ഘട്ടമായി തികച്ചും ഉത്തരവാദിത്ത ബോധത്തോടെ പുറത്തിറക്കിയ ഡോക്യുമെന്ററി കാണുന്നതിൽ നിന്ന് ഭാരതത്തിൽ വസിക്കുന്നവരെ വിലക്കിക്കൊണ്ട് നമ്മുടെ കേന്ദ്രസർക്കാരിന്റെ പ്രതിനിധി ഉത്തരവായിരിക്കുന്നു. ഈ കലാപത്തിൽ നമ്മുടെ പ്രധാനമന്ത്രിയുടെ പങ്ക് തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ, ഔദ്യോഗിക രേഖകളുടെ പിൻബലത്തോടെ ആണ് ബിബിസി പ്രസിദ്ധീകരിച്ചത്. ഇതാണിപ്പോൾ നമുക്ക് അന്യമാക്കിയിരിക്കുന്നത്.
വാസ്തവത്തിൽ ഇതിൽ പറയുന്ന കാര്യങ്ങളിൽ മിക്കതും ഈ രാജ്യത്തെ ചിന്തിക്കാനും വിലയിരുത്താനും കഴിവുള്ള, ജനാധിപത്യത്തിലും, ഭാരതത്തിന്റെ ബഹുസ്വരതാ സംസ്കാരത്തിലും വിശ്വാസമുള്ള ഏതൊരു പൗരനും പണ്ടേ അറിഞ്ഞിരുന്നവയാണ്. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക അന്വേഷണത്തിൽ കണ്ടെത്തിയ റിപ്പോർട്ടിലെ വിവരങ്ങൾ മാത്രമാണ് പുതുതായിട്ടുള്ളത്. അതാകട്ടെ മുമ്പേ അറിഞ്ഞിരുന്ന കാര്യങ്ങളെ ബലപ്പെടുത്താൻ സഹായിക്കുന്നു എന്ന് മാത്രം. തങ്ങളെക്കുറിച്ചുള്ള ദുരാരോപണമാണിതിലുള്ളത് എങ്കിൽ കാര്യകാരണ സഹിതം ഓരോ ഭാഗത്തെയും തെറ്റ് ചൂണ്ടിക്കാണിച്ച് നേരിടുന്നതിന് പകരം ഡോക്യുമെന്ററിയെ അപ്പാടെ നിരോധിക്കുമ്പോൾ അതിൽ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ട് എന്നും ജനാഭിപ്രായം തങ്ങൾക്ക് എതിരാകും എന്നു ഭയന്ന് അധികാരികൾ അത് നിരോധിക്കുന്നുവെന്നും ബഹുജനം കരുതിയാൽ കുറ്റം പറയാൻ കഴിയില്ല. സത്യം അതാണ് താനും. ചരിത്രസാക്ഷ്യങ്ങൾക്ക് ഒന്നാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും അങ്ങനെ അധികാരികളുടെ ഭയത്തിനും തജ്ജന്യമായ കൊലപാതകത്തിനും ഉദാഹരണങ്ങളുണ്ടാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.