വേർപിരിയുവാനായിട്ട് മെല്ലെ
അടുക്കണം നമുക്ക്
നൊമ്പരമെന്തെന്നറിയുവാൻ
അകലണം നമുക്ക്
നെഞ്ചകം പൊട്ടിപ്പിടയുവാൻ
മാത്രമായ് നമുക്ക്
സ്നേഹ വായ്പ്പും കളയണം
കണ്ടാലറിയാതെ ഒരു വാക്കും
മിണ്ടാതെയെതിരെ നടക്കണം
നമ്മളെന്നുരുകിയുറച്ച വാക്കിനെ
നീയെന്നും ഞാനെന്നും തിരിക്കണം
തോൽക്കാതിരിക്കുവാൻ തമ്മിൽ
തോൽപ്പിച്ചു കൊണ്ടേയിരിക്കണം
ആരൊരാൾ, ആരുടെ വരുതിയ്ക്കു-
നിൽക്കുമെന്നാദ്യമേവാതുവച്ചീടണം
സ്വപ്നങ്ങളൊക്കെ കടപുഴക്കി
ഒരുനാളൊരുമിച്ചന്ത്യ നിദ്രയ്ക്കെ -
ന്നൊരുക്കിയ കുഴിയിൽ
നിറയ്ക്കണം
മോഹങ്ങളൊക്കെ കത്തി -
ച്ചൊടുക്കണം
ദുഃഖം പെരുത്തതിൽ നീറി -
യൊടുങ്ങണം
നിന്നെ ഞാൻ പ്രണയിച്ചിടാം
അന്നെന്റെ
ഹൃദയം നിനക്ക് പറിച്ചെടുക്കാം
അടിമുടി നിന്നെ നോവിച്ചതിൽ
ഞാനെന്റെ ഭ്രാന്തിനെ താരാട്ടിടാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.