അമ്പത്തിയാറ് അക്ഷരങ്ങളുള്ള മലയാളം പഠിക്കാൻ 50 ദിവസം മതിയെന്നാണ് അധ്യാപകനായ അജയ് വേണു പെരിങ്ങാശേരി പറയുന്നത്. ഇംഗ്ലീഷ് ആണെങ്കിൽ 35 ദിവസവും ഹിന്ദിയാണെങ്കിൽ 45 ദിവസവും. 140 ഓളം പേരാണ് ഇതു പരീക്ഷിച്ചറിഞ്ഞതും. പ്രതീക്ഷിക്കാതെ എത്തിയ കോവിഡ് കുട്ടികളെ ഓൺലൈൻ ക്ലാസിലിരുത്തിയപ്പോൾ സങ്കടത്തിലായ മാതാപിതാക്കളെയാണ് അജയ് യുടെ ആശയം ആകർഷിച്ചത്. ഓഫ് ലൈൻ ക്ലാസുകളിലെ പോലെ പഠിക്കാനാകുന്നില്ല, അക്ഷരം അറിയില്ല തുടങ്ങി ആവലാതികളുടെ വലിയൊരു ലിസ്റ്റ് സൂക്ഷിക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാണ് നല്ല മലയാളം. സോക്രട്ടീസ് ഫിനിഷിങ് സ്കൂൾ എന്ന സ്വപ്നത്തിന്റെ ചുവടു പിടിച്ച് നടന്നപ്പോൾ തന്റെ കൂടെ കൂടിയതാണ് ഈ ആശയങ്ങളെന്ന് അജയ് പറയും. മനസിൽ തോന്നിയ രീതിയിൽ ഈ അധ്യാപകൻ ആദ്യം പഠിപ്പിച്ച് തുടങ്ങിയത് മകളായ ഭദ്രയെന്ന മുത്തുമണിയെ. മുത്തു മണി മിടുക്കിയായതോടെ കൂടുതൽ പേരിലേക്ക് ആശയമെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു ഇദ്ദേഹം.
50 ദിവസങ്ങളിലായി 25 മണിക്കൂർ കൊണ്ട് മലയാളം പഠിക്കാനുള്ള അവസരമാണ് നല്ല മലയാളത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ, പാട്ടുകൾ, കഥകൾ, പഴഞ്ചൊല്ലുകൾ, കടംക്കഥകൾ, ചിത്രങ്ങൾ എന്നിവയൊക്കെ കൂട്ടിചേർത്താണ് മലയാളം പഠിപ്പിക്കുന്നത്. നാല് ഘട്ടങ്ങളായാണ് ഭാഷ പഠിപ്പിക്കുന്നത്. അക്ഷരം എഴുതാൻ, ചിഹ്നങ്ങൾ തിരിച്ചറിയാൻ, കൂട്ടി വായിക്കാൻ, സംസാരിക്കാൻ എന്നിങ്ങനെ. മലയാളം പഠിക്കാനാഗ്രഹമുള്ള ഏതൊരാളെയും നല്ല മലയാളത്തിലേക്ക് അജയ് സ്നേഹത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. സ്വീഡൻ, മലേഷ്യ, സൗദി, ഖത്തർ, അബുദാബി, ബെഹ്റിൻ, ഓസ്ട്രേലിയ, സിംഗപ്പൂർ, യുകെ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ അജയ് യുടെ നല്ല മലയാളം ക്ലാസുകളുടെ ഭാഗമാണ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി കുട്ടികളാണ് അജയ് യുടെ ശിഷ്യഗണത്തിലുള്ളത്.
ഭാഷ പഠിക്കാൻ താൽപര്യമുള്ളവരെ സഹായിക്കുക എന്നതിനപ്പുറമുള്ള വലിയൊരു ആശയമാണ് സോക്രട്ടിസ് ദി ഫിനിഷിങ് സ്കൂൾ. അജയ് യുടെ ഈ സ്വപ്നം ഇപ്പോൾ പ്രാരംഭഘട്ടത്തിലാണ്. ഇതിലെ ആദ്യത്തെ പ്രോജക്ടാണ് നല്ല മലയാളം. നമ്മുടെ ജീവിതത്തിലൊക്കെ ട്രെയിൻ ചെയ്ത് വലുതാക്കേണ്ട ഒരു കഴിവുണ്ടാകും. അതാണ് സോക്രട്ടീസിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ആവശ്യമുള്ളവ പഠിക്കാതിരിക്കുകയും ആവശ്യമില്ലാത്ത പല കാര്യങ്ങളും പഠിക്കുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. അതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുക. വിദ്യാഭ്യാസമെന്നാൽ ഒരുവന്റെ ഉള്ളിലെ എല്ലാ കഴിവും പുറത്തുകൊണ്ടു വരിക എന്നാണ്. അപ്പോൾ കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തി കൈപിടിച്ചുയർത്തുകയാണ് എന്റെ ലക്ഷ്യം. കൂടാതെ പഠനത്തോടൊപ്പം വര, ഡാൻസ്, പാട്ട് എന്നിവയൊക്കെ തുല്യപ്രാധാന്യത്തോടെ പ്രോത്സാഹിപ്പിക്കണം. കോവിഡ് സമയത്ത് യുപിഎസി, എച്ച്എസ്ഇ ക്ലാസുകളും ഇതിന്റെ ഭാഗമായി എടുത്തിരുന്നു.
അഞ്ചു വർഷം നാട്ടിലെ ഒരു സിബിഎസ്ഇ സ്കൂളിൽ അധ്യാപകനായി ജോലി നോക്കി. 30 മത്തെ വയസിൽ അവിടെ നിന്ന് ഇറങ്ങുമ്പോൾ ഇതിനപ്പുറം എന്തൊക്കെയോ എന്നെ കാത്തിരിക്കുന്നു എന്ന ബോധ്യമായിരുന്നു മനസ് നിറയെ. ഒരുപാട് സ്വപ്നങ്ങളുള്ള ഒരാളാണ് ഞാൻ. ആ സ്വപ്നങ്ങളാണ് ജോലി കളയാൻ കാരണവും. ആദ്യ സ്വപ്നമായിരുന്നു അധ്യാപകനാകുക എന്നത്. അത് സാധിച്ചു. സിബിഎസ്ഇ സ്കൂളിലെ വരുമാനം കൊണ്ട് കുടുംബം ഭംഗിയായി കൊണ്ടു പോകാനോ, സ്വപ്നങ്ങൾക്ക് പിന്നാലെ പോകാനോ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്. പിന്നെ എഴുത്തും സിനിമയുമാണ് മറ്റ് സ്വപ്നങ്ങൾ. അധ്യാപനത്തെ പോലും സ്വാധിനിച്ച ഘടകമാണ് എന്നെ സംബന്ധിച്ച് എഴുത്ത്. ഒന്നാലോചിച്ചു നോക്കൂ, സ്വപ്നം കാണാൻ പഠിപ്പിച്ച് വിടുന്ന അധ്യാപകർ വർഷങ്ങളെത്ര കഴിഞ്ഞാലും അവിടെ തന്നെ നിന്ന് ഇതാവർത്തിക്കുകയല്ലേ. കുട്ടികൾ ഒരുപാട് ദൂരം സഞ്ചരിക്കുമ്പോഴും നമുക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന ചിന്ത കൂടിയാണ് സ്വപ്നത്തിന് പിന്നാലെ ഇറങ്ങാൻ പ്രേരിപ്പിച്ച മറ്റൊരു ഘടകം.
കൊറോണ കാലം മുന്നോട്ട് വെച്ചത് നിരവധി അവസരങ്ങളാണ്. ജീവിക്കാനായി ഏത് ജോലിയും ചെയ്യാമെന്ന് മനസിലാക്കി തന്ന സമയമാണത്. കണ്ണ് തുറന്നു നോക്കിയാൽ കാണാൻ കഴിയുന്ന ഒട്ടനവധി കാഴ്ചകളുണ്ട് ചുറ്റും. അവയിലേക്ക് ഇറങ്ങി ചെല്ലുക, റിസ്ക്കുണ്ടാകും, അവയെ നേരിടണം. അതൊക്കെ കടന്നു ചെല്ലുമ്പോൾ കാത്തിരിക്കുന്നത് നേട്ടങ്ങളുടെ, സംതൃപ്തിയുടെ ആകാശമായിരിക്കും. ഈ ചിന്തയാണ് എന്നെ മുന്നോട്ട് നയിച്ചത്. കോവിഡ് സമയത്ത് ജോലി നഷ്ടമായതിനെ കുറിച്ചൊക്കെ പലരും ആവലാതി പറയുന്നത് കേട്ടപ്പോൾ ആലോചിച്ചത് എന്നെക്കുറിച്ചു തന്നെയാണ്. ഞാനെവിടെയും പോയിട്ടില്ലല്ലോ, മുൻപു ചെയ്തിരുന്ന ജോലിയല്ലേ നഷ്ടമായിട്ടുള്ളൂ. ഞാനിവിടെയുണ്ടെങ്കിൽ ജോലിയുമുണ്ടാകണം… ഉണ്ടാകും.
ഇടുക്കിയുടെ സൗന്ദര്യമുൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമമാണ് എന്റെ നാടായ പെരിങ്ങാശേരി. അച്ഛൻ വേണു ഓട്ടോഡ്രൈവറാണ്. അമ്മ കുമാരി വീട്ടമ്മയാണ്. ഭാര്യ നീതു അധ്യാപികയാണ്. രണ്ടു മക്കളുണ്ട്. ഭദ്രയും ചേതനും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.