28 March 2024, Thursday

Related news

February 9, 2024
January 7, 2024
November 8, 2023
October 29, 2023
October 10, 2023
September 9, 2023
September 7, 2023
August 19, 2023
August 19, 2023
July 20, 2023

മണ്ണിൽ പോഷകങ്ങൾ ഇല്ലാതാകുന്നു കാര്‍ഷികരംഗത്ത് തിരിച്ചടി

Janayugom Webdesk
ന്യൂഡൽഹി
May 10, 2022 9:37 pm

ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും മണ്ണിലെ ഓർഗാനിക് കാർബണിന്റെയും പോഷകങ്ങളുടെയും അളവ് വളരെ കുറവാണെന്ന് പഠനം. സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് (സിഎസ്ഇ) റിപ്പോർട്ട് അനുസരിച്ച് ഏകദേശം 85 ശതമാനം മണ്ണ് സാമ്പിളുകളിലും ഓർഗാനിക് കാർബണിന്റെ കുറവു കണ്ടെത്തി. ഇത് കാർഷികവിളകളുടെ ഉല്പാദനം കുറയാനും കൃഷിച്ചെലവ് വർധിക്കാനും ഇടയാക്കുമെന്നാണ് പഠനം. 

ഏകദേശം 15 ശതമാനം സാമ്പിളുകളിൽ ഓർഗാനിക് കാർബണിന്റെ അളവ് തീരെ കുറവും 49 ശതമാനത്തിൽ കുറഞ്ഞ അളവുമാണ്. അതുപോലെ 97 ശതമാനം സാമ്പിളുകളിലും നൈട്രജന്റെ കുറവുണ്ട്. ഇതിൽത്തന്നെ 45% സാമ്പിളുകളിൽ നൈട്രജന്റെ അളവ് തീരെ കുറവാണ്. ഫോസ്‌ഫറസിന്റെ കുറവ് 83 ശതമാനം സാമ്പിളുകളിലുമുണ്ട്. ഏകദേശം 71 ശതമാനം സാമ്പിളുകളിലാണ് പൊട്ടാസ്യത്തിന്റെ കുറവുള്ളത്. ബോറോൺ, ഇരുമ്പ്, സൾഫർ, സിങ്ക്, ചെമ്പ്, മാംഗനിസ് എന്നിവയുടെ കുറവുമുണ്ട്. രാജ്യത്തെ 24 സംസ്ഥാനങ്ങളിലും ഓർഗാനിക് കാർബൺ കുറവ് വ്യാപകമാണ്. ഏഴ് സംസ്ഥാനങ്ങളിൽ 90 ശതമാനത്തിലധികം കുറവുണ്ട്. ഹരിയാനയിലാണ് ഓർഗാനിക് കാർബൺ ഏറ്റവും കുറവ്. പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, മിസോറം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് തൊട്ടു പിന്നിൽ. 

മിക്ക സംസ്ഥാനങ്ങളിലും നെെട്രജന്‍ 90 ശതമാനത്തിലധികം കുറവുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാദർ നഗർ ഹവേലി, ദാമൻ ആന്റ് ദിയു, ബിഹാർ, ഡൽഹി, ഹരിയാന, കേരളം, മധ്യപ്രദേശ്, മണിപ്പുർ, മിസോറാം, ഒഡിഷ, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‍നാട്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളാണ് മുന്നിൽ. നൈട്രജന്റെ കുറവ് ഇല മഞ്ഞളിക്കുക, വളർച്ച മുരടിക്കുക, ഇലയിൽ തവിട്ടുനിറം ബാധിച്ച് കൊഴിയുക എന്നിവയ്ക്ക് ഇടയാക്കും. ഫോസ്‌ഫറസ് ഇല്ലാതായാൽ ചെടിയുടെ വളർച്ച കുറയും, വേരുകളും കുറയും. തണ്ടുകൾക്ക് ബലക്കുറവാണ് പൊട്ടാസ്യത്തിന്റെ അഭാവം ഉണ്ടാക്കുക. കാത്സ്യം ഇല്ലാത്തത് വളർച്ച തടസ്സപ്പെടുകയും മുകുളങ്ങൾ വികൃതമാവുകയും ചെയ്യാൻ കാരണമാകും. 

ദീർഘകാലാടിസ്ഥാനത്തിൽ വിള ഉല്പാദനം തുടരണമെങ്കിൽ പോഷകങ്ങൾ നിറയ്ക്കേണ്ടത് നിർണായകമാണെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ജൈവ വളങ്ങളുടെ പ്രയോഗത്തിലൂടെയും പച്ചിലവളം അല്ലെങ്കിൽ പുതയിടൽ പോലുള്ള രീതികളിലൂടെയും പോഷകങ്ങൾ കൂട്ടാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇടവിളകൾ, സമ്മിശ്രവിളകൾ എന്നിവയും ഗുണകരമാകും. 

Eng­lish Summary:Soil nutri­ent deple­tion is a set­back in agriculture
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.