11 July 2025, Friday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 12, 2025
February 2, 2025
February 1, 2025
February 1, 2025
February 1, 2025
February 1, 2025
February 1, 2025
February 1, 2025
December 10, 2024

സ്വര്‍ണത്തിന്റെ നീക്കത്തിന് ഉടന്‍: ഇ വേ ബില്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
February 18, 2023 11:54 pm

സംസ്ഥാനത്തിനുള്ളില്‍ സ്വര്‍ണത്തിന്റെ നീക്കത്തിന് ഇ വേ ബില്‍ നിര്‍ബന്ധമാക്കുന്നു. ഈ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ജിഎസ്‌ടി കൗണ്‍സില്‍ അനുമതി നല്‍കിയെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജിഎസ്‌ടി ട്രിബ്യൂണലുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളായിരുന്നു യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.

സ്വര്‍ണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ഇ വേ ബില്‍ സമ്പ്രദായം നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചത് കേരളം അധ്യക്ഷത വഹിച്ച ജിഎസ്‌ടി മന്ത്രിതല സമിതിയാണ്. ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടെങ്കിലും തുടര്‍നടപടിയായി ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ല. ബാലഗോപാല്‍ വിഷയം യോഗത്തില്‍ ഉന്നയിച്ചതോടെയാണ് ബന്ധപ്പെട്ട ചട്ടങ്ങള്‍ ഉടനടി രൂപീകരിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനത്തിനുള്ളില്‍ ജൂവലറിക്കാരുടെ സ്വര്‍ണത്തിന്റെ നീക്കത്തിന് ഇ വേ ബില്‍ നിര്‍ബന്ധമാകും. നികുതിവെട്ടിപ്പ് തടയാന്‍ ഉദ്ദേശിച്ചാണ് ഇത്തരമൊരു തീരുമാനം.

ജിഎസ്‌ടി ട്രിബ്യൂണലുകളുടെ രൂപീകരണം സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രവും-സംസ്ഥാനങ്ങളും തമ്മില്‍ കൊമ്പുകോര്‍ത്തു. ട്രിബ്യൂണലുകളുടെ പരമാധികാര പരിധി സംസ്ഥാനങ്ങളില്‍ നിജപ്പെടുത്തണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യം ഉയര്‍ത്തി. അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദേശീയ ട്രിബ്യൂണല്‍ അനിവാര്യമെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടു വച്ചത്. ട്രിബ്യൂണലുകളുടെ നിയന്ത്രണവും കേന്ദ്രം ഏറ്റെടുക്കുന്നതിനോടുള്ള സംസ്ഥാനങ്ങളുടെ വിയോജിപ്പ് യോഗത്തില്‍ വ്യക്തമായി. അപ്പലറ്റ് ട്രിബ്യൂണല്‍ രൂപീകരണം സംബന്ധിച്ച മന്ത്രിതല സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയാണ് യോഗം അംഗീകാരം നല്‍കിയത്.
ഭൂഘടനയും സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച് ട്രിബ്യൂണലിന്റെ മൂന്നു ബെഞ്ചുകള്‍ കേരളത്തില്‍ വേണമെന്നാണ് ബാലഗോപാല്‍ ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ മേല്‍ക്കൈ ഈ വിഷയത്തിലും പ്രകടമായെന്ന പൊതുവികാരം ഇതര ധനമന്ത്രിമാരും പങ്കുവയ്ക്കുന്നുണ്ട്. 

പാക്ക് ചെയ്ത ലേബലുള്ള ശര്‍ക്കര പാനീയത്തിന്റെ നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി കുറയ്ക്കാനും ഈ വിഭാഗത്തില്‍ പെടാത്തവയ്ക്ക് നികുതി ഇളവ് നല്‍കാനും പെന്‍സില്‍ ഷാര്‍പ്പനറിന്റെ നികുതി 18 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കാനും യോഗം തീരുമാനിച്ചു. കച്ചവടത്തിന്റെ വ്യാപ്തി ബന്ധിതമായ നികുതി ഘടനയ്ക്കും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ജിഎസ്‌ടി നഷ്ടപരിഹാര പദ്ധതി രൂപീകരിക്കണമെന്ന മന്ത്രിതല സമിതി റിപ്പോര്‍ട്ടിനും യോഗം അനുമതി നല്‍കി. 2022 ജൂണ്‍ വരെ ജിഎസ്‌ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 16,982 കോടി ഉടന്‍ വിതരണം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിന് ഈ ഇനത്തില്‍ ലഭിക്കാനുള്ളത് 780 കോടി രൂപയാണ്. 

Eng­lish Sum­ma­ry: Soon to move gold: e‑way bill

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.