30 December 2024, Monday
KSFE Galaxy Chits Banner 2

ചരിത്രത്തിലേക്ക്‌ തുറക്കുന്ന കണ്ണ്‌

പി എം ബിനുകുമാര്‍ 
January 7, 2024 9:30 am

ശൂരനാട്‌ കലാപത്തിന്റെ നെടും തൂണുകളിലൊരാളായ സി കെ കുഞ്ഞിരാമന്‍ എന്ന മഹാവിപ്ലവകാരിയുടെ ജീവിതം പറയുന്ന ചരിത്രത്തിലേക്ക്‌ തുറക്കുന്ന കണ്ണാണ്‌ ചേലക്കോട്ടേത്ത്‌ കുഞ്ഞുരാമന്‍ ശൂരനാട്‌ വിപ്ലവത്തിന്റെ കാതല്‍ എന്ന ഡോക്യുമെന്ററി.
ചരിത്രകഥകളിലെ നായകനെപ്പോലെ ത്യാഗിയും സാഹസികനുമായ നാട്ടുമ്പുറത്തുകാരന്‍ കുഞ്ഞുരാമന്‍ സഖാവിനോട്‌ ഉണ്ടായ ആരാധനയാണ്‌ 20 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മറ്റാരുടെയും പ്രേരണയോ നിര്‍ബന്ധമോ ഇല്ലാതെ ആ ജീവിതകഥ പകര്‍ത്തി വയ്‌ക്കണമെന്ന്‌ അന്നാട്ടുകാരന്‍ തന്നെയായ അലക്‌സ്‌ വള്ളികുന്നം എന്ന യുവാവിന്‌ തോന്നി‌. പുതുപ്പള്ളി രാഘവനും തോപ്പില്‍ഭാസിയും ഒഴികെ ശൂരനാട്‌ കേസില്‍ നേരിട്ട്‌ പങ്കെടുക്കുകയും അന്ന്‌ ജീവിച്ചിരിക്കുകയും ചെയ്‌ത നിരവധി പഴയകാല സഖാക്കളെയും വെളിയം ഭാര്‍ഗവനുള്‍പ്പെടെയുള്ള നേതാക്കളെയും കണ്ടു അവരുടെയെല്ലാം സ്‌മരണകളിലൂടെ ഇങ്ങനെ ഒരു ചരിത്ര ശേഷിപ്പ്‌ ഉണ്ടാക്കിയെടുത്തതിന്‌ വലിയ വിലയാണുള്ളത്‌. ഒളിവിലും തെളിവിലും ജയിലിലും കഴിഞ്ഞ സി കെ യുടെ ആത്മാവില്‍ നിന്ന്‌ വരുന്ന അനുഭവ സത്യങ്ങളും ഇതിഹാസ ജീവിതത്തിന്റെ വസ്‌തുതാപരമായ അടയാളപ്പെടുത്തലും നേരിട്ട്‌ കേള്‍ക്കാന്‍ ഈ ഡോക്യുമെന്ററിയുടെ സഹായം ചെറുതല്ല.

തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകളില്‍ സികെയുടെയും ഭാര്യ കുഞ്ഞിപ്പെണ്ണിന്റെയും പലായന കഥ വായിച്ചവര്‍ക്ക്‌ അലക്‌സിന്റെ ഹ്രസ്വചിത്രം ഒരു മെഴുകുതിരിപോലെ ചരിത്രത്തിലേക്കുള്ള വഴി വിളക്കാകും. തന്റെ വീട്ടുവരാന്തയില്‍ കൂടിയ മധ്യതിരുവിതാംകൂറിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സെല്‍ രൂപീകരണയോഗത്തിന്‌ മണ്ണെണ്ണ വിളക്ക്‌ കത്തിച്ചുവച്ച മകളുടെ ജീവന്‍ ഹോമിക്കേണ്ടി വന്നിട്ടും തന്റെ സമര വഴികളോര്‍ത്ത്‌ സി കെ ഒരിക്കലും വേദനിച്ചില്ല. പൊലീസ്‌ മര്‍ദ്ദനത്തെക്കുറിച്ച്‌ ഞരമ്പുകള്‍ കീഴോട്ടിറങ്ങുമ്പോലെ തോന്നുമെന്ന്‌ സി കെ പറഞ്ഞപ്പോള്‍ ആ മുഖത്ത്‌ തെളിഞ്ഞത്‌ സമരം സമ്മാനിച്ച വേദനയല്ല ആത്മാഭിമാനമാണ്‌. മഹാവിപ്ലവകാരികളുടെ ജീവിതം പറയുന്ന ഇത്തരം ഡോക്യുമെന്ററികള്‍ ചരിത്രത്തില്‍ നാം നടത്തുന്ന ഇടപെലുകളാണ്‌. എങ്ങനെ നമ്മള്‍ നമ്മളായെന്ന്‌ മനസിലാക്കേണ്ടത്‌ ഇത്തരം ഇടപെലുകളിലൂടെയാണ്‌. രക്തസാക്ഷി സ്‌മാരകത്തിന്‌ സമീപമിരുന്ന്‌ ശൂരനാട്ടെ സമരം ചരിത്രപുസ്‌തകത്തില്‍ വായിക്കുന്ന കുട്ടികളുടെ ദൃശ്യം ശ്രദ്ധേയമാണ്‌.

കുഞ്ഞുരാമന്റെ പ്രവര്‍ത്തനമേഖലയായ വള്ളികുന്നത്തിന്‌ കൊച്ചുവയലാര്‍ എന്ന പരിഹാസ പേര്‌ പൊലീസുകാര്‍ പതിച്ചുനല്‍കി. പൊലീസുകാരുടെ മര്‍ദനം സഹിക്കവയ്യാതെ ഇവര്‍ക്ക്‌ ഒളിവില്‍ പോകേണ്ടി വന്നു. മൂത്തമകള്‍ ഭാര്‍ഗവിക്കും കുഞ്ഞുങ്ങള്‍ക്കും അയല്‍ വീടുകളില്‍ നിന്നും ഇരന്നുകിട്ടുന്ന കഞ്ഞിവെള്ളം കുടിക്കാന്‍പോലും അനുവാദമില്ലായിരുന്നു. വിശന്നുകരയുമ്പോള്‍ കുഞ്ഞുരാമന്റെ കുട്ടികള്‍ക്ക് ജലം കൊടുക്കരുതെന്ന്‌ ജന്മിമാര്‍ കയര്‍ത്തു. തളര്‍ന്നുവഴിയില്‍ വീണുറങ്ങിയ ഒരു പെണ്‍കുഞ്ഞിനെ ആരോ വിറ്റ്‌ കാശാക്കി. ഒരു പൊതുകുളം ലേലം ചെയ്‌തു കൊടുത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ആ കുളത്തില്‍ നിന്ന്‌ മീന്‍ പിടിച്ച സംഭവമാണ്‌ കേരള ചരിത്രം മാറ്റിയെഴുതിയ ശൂരനാട്‌ വിപ്ലവത്തിന്റെ കാതല്‍. 1949 ഡിസംബര്‍ 31ന്‌ രാത്രി ജന്മി കുടുംബങ്ങളിലെ സല്‍ക്കാരം കഴിഞ്ഞെത്തിയ പോലീസുകാരും ഗുണ്ടകളും സ്‌ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളില്‍കയറി പീഡനം തുടങ്ങിയപ്പോള്‍ നിവൃത്തിയില്ലാതെ സി കെ വിസിലൂതി. സംഘര്‍ഷത്തില്‍ ഒരു ഇന്‍സ്‌പെക്ടറും നാലു പൊലീസുകാരും മരിച്ചു വീണു. 1950 ജനുവരി ഒന്ന്‌… ശൂരനാട്‌ എന്നൊരുസ്ഥലം വേണ്ടെന്നു ഭരണകൂടം തീരുമാനിച്ചു. ഏഴ് പേരെ പൊലീസ്‌ കൊന്നു. 1950 മേയില്‍ ഒറ്റുകാരുടെ ചതിയില്‍ കുഞ്ഞുരാമന്‍ അറസ്റ്റിലായി. ജയിലില്‍ മലമൂത്രം വിസര്‍ജിച്ച കലവും ചുമന്ന്‌ പോകുമ്പോള്‍ കുറുക്കില്‍ അടിയേറ്റ്‌ ആ വിസര്‍ജ്യം തലയിലൂടെ ഒലിച്ചതും, ‘കവിട്ട അടി’ എന്ന ഭീകര മര്‍ദനമുറയും വിവരിക്കുമ്പോള്‍ സികെയില്‍ വല്ലാത്ത നിസംഗത. തോപ്പില്‍ ഭാസിയുള്‍പ്പെടെ 13 പേര്‍ കൊടിയ ദുരിതം അനുഭവിച്ചു. പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയതോടെ ഇവര്‍ ജയില്‍ മോചിതരായി. ഒരു പുനര്‍ജന്മമെന്നോണം സി കെ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തി.

രണ്ടു പതിറ്റാണ്ടിനിപ്പുറവും ചര്‍ച്ച ചെയ്യപ്പെടുകയും ഓര്‍ക്കുകയും ചെയ്യേണ്ടുന്ന ചരിത്രപുസ്‌തകമാണ്‌ അലക്‌സ്‌ വള്ളികുന്നം തന്റെ സ്വന്തം അധ്വാനത്തിലും ഭാവനയിലും നിര്‍മ്മിച്ച്‌ 2003 ഏപ്രില്‍ മാസത്തില്‍ സി കെ യുടെ മുന്നില്‍ പ്രഥമ പ്രദര്‍ശനം നടത്തി കാലത്തിന്‌ സമ്മാനിച്ചിട്ടുള്ള ‘ചേലക്കോട്ടേത്ത്‌ കുഞ്ഞുരാമന്‍ ശൂരനാട്‌ വിപ്‌ളവത്തിന്റെ കാതല്‍’ എന്ന അരമണിക്കൂര്‍ ഡോക്കുമെന്ററി. സഖാക്കള്‍ സികെ ചന്ദ്രപ്പന്‍, കാനം രാജേന്ദ്രന്‍, ബിനോയ്‌ വിശ്വം എന്നിവരൊക്കെ നേരിട്ട്‌ അഭിനന്ദിക്കുകയും കോട്ടയം, ആലപ്പുഴ, കോഴിക്കോട്‌, കൊല്ലം തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക പ്രദര്‍ശനവും നടത്തുകയും ചെയ്‌തു. ഒരിടം നിര്‍മ്മിതിയുടെ ബാനറില്‍ അലക്‌സ്‌ സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്ററിയ്‌ക്ക്‌ ക്യാമറ അജി പുഷ്‌കറും, എഡിറ്റിങ്‌ രാജേഷും നിര്‍വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാറിന്റെ നാടന്‍ പാട്ടുകള്‍ ചിത്രത്തെ ഹൃദ്യമാക്കുന്നു.

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.