ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലും ജയിച്ച് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കി. ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 48.1 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. ജന്നേമന്‍ മലന്‍ (91), ക്വിന്റണ്‍ ഡി കോക്ക് (78), തെംബ ബവൂമ (35) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമാക്കിയത്. എയ്ഡന്‍ മര്‍ക്രം (37), വാന്‍ ഡെര്‍ ഡസന്‍ (37) എന്നിവര്‍ പുറത്താകാതെ നിന്നു. ആദ്യമായി ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ കെ എല്‍ രാഹുലിന്റെ നായകത്വത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്. രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷവും ഇന്ത്യക്ക് ഒരു പരമ്പര പോലും സ്വന്തമാക്കാനായിട്ടില്ല.
റിഷഭ് പന്ത് (85), കെ എല്‍ രാഹുല്‍ (55) ഷാര്‍ദുല്‍ താക്കൂര്‍ (40) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ശിഖര്‍ ധവാന്‍ (29), ആര്‍ അശ്വിന്‍ (25*), വെങ്കടേഷ് അയ്യര്‍ (22) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. മുന്‍ നായകന്‍ വിരാട് കോലി ഡക്കായി മടങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ (11) തുടരെ രണ്ടാമത്തെ മത്സരത്തിലും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സ്പിന്നര്‍ തബ്രെയ്‌സ് ഷംസി രണ്ടു വിക്കറ്റുകള്‍ നേടി. സിസാന്‍ഡ മംഗാല, എയ്ഡന്‍ മര്‍ക്രാം, കേശവ് മഹാരാജ്, ആന്‍ഡില്‍ ഫെലുക്വായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ എല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 63 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 38 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ധവാനെ മടക്കി എയ്ഡന്‍ മാര്‍ക്രം ഇന്ത്യക്ക് തിരിച്ചടി നല്‍കി. മാര്‍ക്രത്തിന്റെ പന്തില്‍ സിസാന്‍ഡ മഗാലയ്ക്ക് ക്യാച്ച് സമ്മാനിച്ച് ധവാന്‍ മടങ്ങി. ധവാന് പകരം ക്രീസിലെത്തിയ വിരാട് കോലി പെട്ടെന്ന് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. റണ്‍സെടുക്കും മുന്‍പ് കോലിയെ തെംബ ബാവുമയുടെ കയ്യിലെത്തിച്ച് കേശവ് മഹാരാജ് ഇന്ത്യക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഇതോടെ ഇന്ത്യ 64 ന് രണ്ട് എന്ന സ്‌കോറിലേക്ക് വീണു.പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍— പന്ത് സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൂട്ടത്തില്‍ പന്തായിരുന്നു ആക്രമണകാരി. രാഹുലാവട്ടെ രണ്ട് വിക്കറ്റ് വീണതോടെ സൂക്ഷ്മതയോടെയാണ് കളിച്ചിരുന്നത്. രാഹുലിനെ പുറത്താക്കി സിസാന്‍ഡ മഗാല ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. ക്യാപ്റ്റന്‍ പോയതോടെ പന്തിനും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. ശ്രേയസ് വൈകാതെ പുറത്തായതോടെ ഇന്ത്യ നാലിനു 207 റണ്‍സെന്ന നിലയിലായി. പിന്നീട് വാലറ്റത്ത് ശര്‍ദ്ദുല്‍, വെങ്കടേഷ്, അശ്വിന്‍ എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയെ വലിയ തകര്‍ച്ചയിലേക്കു വീഴാതെ 287 റണ്‍സിലെത്തിക്കുകയായിരുന്നു.
english summary;South Africa won the second match against India
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.