പ്രത്യേക ലേഖകന്‍

November 19, 2021, 9:48 pm

ട്രാക്ടറും വിജയശില്പി

Janayugom Online

മൂന്ന് കാർഷിക നിയമങ്ങളുടെ പ്രഖ്യാപനത്തിലൂടെ രാജ്യത്തുടനീളമുള്ള കർഷകരുടെ രോഷം മോഡി ഗവൺമെന്റിനെതിരെ തിരിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. പഞ്ചാബില്‍ നിന്നും, പിറകെ പിറകെയായി ഹരിയാനയുള്‍പ്പെടെ മറ്റനേകം സംസ്ഥാനങ്ങളില്‍ നിന്നുമായി ഡല്‍ഹി ലക്ഷ്യമാക്കി കര്‍ഷകര്‍ യാത്ര തുടങ്ങി. കാര്‍ഷിക ഉപകരണം കൂടിയായ ട്രാക്ടറായിരുന്നു അവരുടെ രഥം. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് അവ തടഞ്ഞിടാന്‍ തുടങ്ങിയതോടെ അനുനിമിഷം ട്രാക്ടറുകളുടെ എണ്ണം പെരുകി. അത്യുച്ചത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍‍ക്കൊപ്പം ട്രാക്ടറുകളുടെ ഇരമ്പലും അധികാരികളുടെ കാതുകളെ അലോസരപ്പെടുത്തി. രാജപാതകളിലും അതിര്‍ത്തികളിലെ പാടങ്ങളിലും ട്രാക്ടറുകള്‍ നിലയ്ക്കാതോടി. അവര്‍ നിശ്ചയിച്ചിരുന്നു, ഇതൊരു ദീര്‍ഘസമരമായിരിക്കുമെന്ന്. വീണ്ടും ട്രാക്ടറുകള്‍ സ്വന്തം നാടുകളിലേക്കും തിരിച്ച് ഡല്‍ഹി അതിര്‍ത്തികളിലെ സമരകേന്ദ്രങ്ങളിലേക്കും ഓടിക്കൊണ്ടേയിരുന്നു. അതില്‍ കര്‍ഷകരുടെ കുടുംബങ്ങളൊന്നടങ്കമുണ്ടായി, ഡല്‍ഹിയിലെ സമരപാതയിലേക്ക് ജീവിതം പറിച്ചുനടാനൊരുങ്ങിക്കൊണ്ടുതന്നെ. വരുംനാളുകളില്‍ ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യവസ്തുക്കളും കരുതി. എല്ലാം വഹിച്ച് ട്രാക്ടറുകള്‍ സമരത്തിന്റെ അവിഭാജ്യഘടകമായി.

വെറും കുത്തിയിരിപ്പായിരുന്നില്ല കര്‍ഷകരുടെ സമരം. അതിര്‍ത്തി ഗ്രാമങ്ങളിലെ തരിശായിക്കിടന്ന ഭൂമികളില്‍ അവര്‍ വിത്തെറിഞ്ഞു. ആ ഉന്നത്തിനുള്ള ഭൂമിയൊരുക്കാനും ട്രാക്ടറുകള്‍ സജ്ജമായി. സര്‍വം ട്രാക്ടര്‍മയം.
സമരത്തിന്റെ ഭാഗമായി ട്രാക്ടര്‍ റാലികളും നടന്നു. ഡൽഹിയുടെ മൂന്ന് അതിർത്തി കേന്ദ്രങ്ങളിൽ നിന്ന് കർഷക നേതാക്കളുടെ ട്രാക്ടർ റാലിക്ക് മൂന്ന് റൂട്ടുകൾ നിശ്ചയിച്ച് ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് സ്‌പെഷ്യൽ കമ്മിഷണർ ദേവേന്ദ്ര പാഠക്കിന് പ്രത്യേകം ഉത്തരവിറക്കേണ്ടിവന്നു. ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ സമാധാനപരമായി നീങ്ങിയ കർഷകരുടെ ട്രാക്ടർ റാലി ഒരു ഘട്ടം കഴിഞ്ഞപ്പോൾ അക്രമാസക്തമായത് വിവാദമായിരുന്നു. പുറമെനിന്നുള്ള ഒരു വിഭാഗം ‘പ്രതിഷേധക്കാർ’ ബാരിക്കേഡുകൾ ഭേദിച്ച് അനുമതിയില്ലാത്ത ഭാഗങ്ങളിലേക്ക് കടക്കുകയായിരുന്നു. ചെങ്കോട്ടയിൽ കയറി സിഖ് പതാക ഉയർത്തിയതുള്‍പ്പെടെ സമരത്തെ വികൃതമാക്കാന്‍ ശ്രമമുണ്ടായി. പിന്നീടാണ് കര്‍ഷകസമരത്തെ മോശമായി ചിത്രീകരിക്കാനുള്ള ചിലരുടെ തന്ത്രമായിരുന്നു അതെന്ന് തെളിഞ്ഞത്. സംഘപരിവാർ അനുകൂലികളാണ് കർഷകസമരത്തിൽ നുഴഞ്ഞുകയറി കലാപം അഴിച്ചുവിട്ടതെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. 

ട്രാക്ടർ റാലിയിൽ കുഴപ്പം സൃഷ്ടിക്കുമെന്ന ഭീഷണി നിലനിന്നിരുന്നതായി ഇന്റലിജൻസും മറ്റ് വിവിധ ഏജൻസികളും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ ചെവികൊണ്ടിരുന്നില്ല.മൊത്തം ട്രാക്ടറുകളുടെ എണ്ണം കണക്കാക്കാന്‍പോലും പൊലീസും ഭരണകൂടവും പണിപ്പെട്ടു. റാലി നിശ്ചയിക്കപ്പെട്ട നാളുകളില്‍‍ 7,000 മുതൽ 8,000 വരെ ട്രാക്ടറുകൾ ടിക്രി അതിർത്തിയിൽ ഉണ്ടായെന്നാണ് ഏകദേശകണക്ക്. 5,500 ട്രാക്ടറുകൾ സിംഘു അതിർത്തിയിലും 1,000 ട്രാക്ടറുകൾ ഗാസിപൂർ അതിർത്തിയിലും ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ അതിലുമേറെ ട്രാക്ടറുകള്‍ ഐതിഹാസികമായ ഈ സമരത്തിന്റെ വിജയത്തിനായി ചലിച്ചുകൊണ്ടിരുന്നു. കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചതുപോലെ, പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പ്രധാനമന്ത്രി നല്‍കിയ വാക്ക് പാലിക്കപ്പെടുംവരെ ആ ട്രാക്ടറുകള്‍ സമരഭൂമിയില്‍ ഓടിക്കൊണ്ടേയിരിക്കും. കൃഷിക്കും കര്‍ഷകര്‍ക്കും വേണ്ടി…