23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം: ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച ബിജെപിയില്‍ വന്‍ പ്രതിഷേധം

അണികള്‍ വന്‍ അമര്‍ഷത്തില്‍, നിരവധി പേര്‍ പാര്‍ട്ടി വിടുന്നു
Janayugom Webdesk
തിരുവനന്തപുരം
September 10, 2025 10:07 am

ശ്രീനാരായണ ഗുരു ജയന്തി പാര്‍ട്ടിയുടെ പോഷസംഘടനയായ ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച് അവഹേളിച്ച ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വന്‍ പ്രതിഷേധം. പാര്‍ട്ടിയുടെ തനി നിറം പുറത്തു വന്നിരിക്കുകയാണെന്ന് ആരോപിച്ച് നേതാക്കളും, കൂടുതല്‍ അണികളും പാര്‍ട്ടി വിടുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ സമിതി അംഗം കെ എ ബാഹുലേയന്‍ പരസ്യമായി തന്നെ പ്രതിഷേധം അറിയിച്ച് ബിജെപിയില്‍ നിന്നും രാജി വെച്ചിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങെ അവഹേളിക്കുന്ന നിലപാടാണ് എക്കാലവും സ്വീകരിക്കുന്നതെന്നും കേരളത്തില്‍ ബിജെപി സവര്‍ണ്ണ ലോബികളാണ് നയിക്കുന്നതെന്നും അണികള്‍ക്കിടിയില്‍ സംസാരമായിരിക്കുയാണ്,

ശ്രീകൃഷ്‌ണ ജയന്തിയും രാമജയന്തിയും അടക്കം ബിജെപി നേരിട്ട്‌ ആഘോഷിക്കുമ്പോൾ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്കാൻ ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയത്‌ ശരിയല്ലെന്നാണ്‌ ആക്ഷേപം. ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കി ചുരുക്കി വോട്ട്‌ പിടിക്കാനുള്ള നീക്കമാണ്‌ ബിജെപിയുടേതെന്ന്‌ പാര്‍ട്ടി വിട്ട കെ എ ബാഹുലേയൻ തുറന്നടിച്ചു. ബിജെപി നേതൃത്വത്തിൽ ഇ‍ൗഴവ, പിന്നാക്ക , ആദിവാസി നേതാക്കൾക്ക്‌ സ്ഥാനമില്ല. ജാതിയും മതവും പറഞ്ഞുള്ള വോട്ടു പിടിത്തത്തിന്‌ കേരളത്തിൽ സ്ഥാനമില്ല. പിന്നാക്ക സമുദായങ്ങളെ ചേർത്തുപിടിക്കുമെന്ന്‌ ബിജെപി നേതാക്കൾ പറയുന്നതല്ലാതെ പ്രവൃത്തിയിൽ അതില്ലെന്നും ബാഹുലേയൻ പറഞ്ഞു. വരും ദിവസങ്ങളിൽ ബിജെപിയിൽനിന്ന്‌ കൂടുതൽ രാജിയുണ്ടാകുമെന്ന്‌ വിവരമുണ്ട്‌. 

ഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ച നടപടിയെ മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി പി സെൻകുമാറും തള്ളിപ്പറഞ്ഞിരുന്നു. ബിജെപി നടപടി അപഹാസ്യവും പ്രതിഷേധാർഹവുമാണെന്നായിരുന്നു എസ്‌എൻജിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.പിന്നാക്ക വിഭാഗങ്ങളെ ബിജെപി തങ്ങളുടെ വെറും വോട്ട് ബാങ്ക് മാത്രമായിട്ടാണ് കാണുന്നത്.അല്ലാതെ ഒരു പരിഗണനയും കിട്ടുന്നില്ലെന്നും പരാതി ശക്തമാണ്. എസ് സി മോര്‍ച്ച, ഒബിസി മോര്‍ച്ച എന്നീ പോഷക സംഘടനകള്‍ ജനങ്ങളുടെ മുമ്പില്‍ പൊടിയിടാനുള്ള ബിജെപിയുടെ വെറും തന്ത്രമാത്രമാണെന്നും , ഇരു സംഘടനകള്‍ക്കും ഒരു പ്രാധാന്യവും സവര്‍ണലോബി നല്‍കുന്നില്ലെന്നും ഈ സംഘടനകളുടെ ഭാരവാഹികളും, സാധാരണ അണികളും അഭിപ്രായപ്പെട്ടു.

രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന പ്രസിഡന്റ് ആയതോടു കൂടി മുന്‍ സംസ്ഥാന പ്രസി‍‍ന്റുമാരായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നും അവര്‍ രണ്ടു പേരും സവര്‍ണ ലോബിക്ക് താല്‍പര്യമില്ലാത്തതിനാലാണെന്നും പാര്‍ട്ടിയില്‍ അഭിപ്രായം ശക്തമാണ്. ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തെ അവഹേളിച്ച നടപടിയില്‍ പ്രതിഷേധിച്ച് അണികള്‍ വന്‍ തോതില്‍ പാര്‍ട്ടി വിടുകയാണ്. വരുന്ന ത്രിതല പഞ്ചായത്തിലടക്കം ബിജെപി പാഠം പഠിപ്പിക്കുമെന്ന നിലപാടിലാണവര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.