3 January 2025, Friday
KSFE Galaxy Chits Banner 2

Related news

August 8, 2024
May 8, 2024
May 8, 2024
April 3, 2024
March 5, 2024
March 4, 2024
March 3, 2024
February 28, 2024
February 16, 2024
February 1, 2024

എസ്എസ്എൽസി ചോദ്യ പേപ്പർ ചോർത്തൽ കേസ്: വിചാരണ നാളെ തുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
January 9, 2022 10:12 am

എസ്എസ്എൽസി ചോദ്യ പേപ്പർ പ്രസിൽ നിന്നും ചോർത്തിയെന്ന സിബിഐ കേസിൽ വിചാരണ നാളെ തുടങ്ങും. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനിൽകുമാർ മുമ്പാകെയാണ് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിചാരണ ആരംഭിക്കുന്നത്. 10 മുതൽ 25 വരെയായി 23 സാക്ഷികളെ വിസ്തരിക്കാൻ കോടതി കേസ് വിചാരണ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറടക്കം ആറു പ്രതികൾ 10 മുതൽ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 230 പ്രകാരമാണ് സാക്ഷി വിസ്താര വിചാരണ തീയതികൾ ഷെഡ്യൂൾ ചെയ്തത്.

2005 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫെബ്രുവരിയിൽ നടന്ന മോഡൽ പരീക്ഷയുടെയും മാർച്ചിലെ പ്രധാന പരീക്ഷയുടെ ചോദ്യപേപ്പറും മോഷ്ടിച്ച് ചോർത്തിയെന്നാണ് സിബിഐ കേസ്. ചോർത്തിയ ചോദ്യപേപ്പർ ഒരു പെൺകുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് കള്ളി വെളിച്ചത്തായത്. സംഭവം പുറംലോകമറിഞ്ഞതിനെ തുടർന്ന് സർക്കാർ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായ മാർഗ്ഗത്തിലൂടെയാണ് വിശ്വനാഥൻ പ്രസിന് അച്ചടിക്കരാർ നൽകിയതെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. അച്ചടിക്കരാർ കാലാവധി ദീർഘിപ്പിച്ച് നൽകാൻ 2004 നവംബർ 16ന് ഡെപ്യൂട്ടി ഡയറക്ടർ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സർക്കാർ ഓഫീസിലെ നോട്ട് ഫയലുകളിൽ കൃത്രിമം കാട്ടി പരീക്ഷാ കമ്മിഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയിൽ കരാർ നൽകിയതെന്നും സംസ്ഥാന സർക്കാരിനെ പ്രതികൾ വഞ്ചിച്ചതായും സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികളുടെ വഞ്ചനാപരമായ പ്രവൃത്തികൾ കാരണം പരീക്ഷകൾ റദ്ദാക്കിയതിലും പുനഃപരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സർക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം പ്രതികൾ വരുത്തിയതായും സിബിഐ കണ്ടെത്തിയതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ കാക്കനാട് മൂലേപ്പാടം റോഡ് അതിരയിൽ താമസിക്കുന്ന വി സാനു, കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ കാര്യവട്ടം അമലീനയിൽ താമസിക്കുന്ന സി പി വിജയൻ നായർ, പൂജപ്പുര പരീക്ഷാഭവനിലെ മുൻ സെക്രട്ടറി വഴയില രാധാകൃഷ്ണ ലെയിൻ പുഷ്യരാഗം വീട്ടിൽ എസ് രവീന്ദ്രൻ, പരീക്ഷാ ഭവനിലെ എൽഡി ക്ലാർക്ക് കെ അജിത് കുമാർ, ചോദ്യ പേപ്പർ അച്ചടിച്ച വിശ്വനാഥൻ പ്രിന്റേഴ്സ് ആന്റ് പബ്ലിഷേഴ്സ് ഉടമ ചെന്നൈ നുങ്കമ്പാക്കം ഹൈ റോഡ് നാലാം തെരുവിൽ താമസിക്കുന്ന അന്നമ്മ ചാക്കോ, മാനേജിങ് ഡയറക്ടർ വി സുബ്രഹ്മണ്യൻ എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥൻ പ്രസിന്റെ ജനറൽ മാനേജർ രാജൻ ചാക്കോ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടിരുന്നു.

ആദ്യ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന വഞ്ചിയൂർ ഖാദി ബോർഡിന് സമീപം ബിന്ദു വിജയൻ (49), ചെന്നൈ ടി നഗറിൽ സിന്ധു സുരേന്ദ്രൻ (49) എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി രണ്ടു പേർക്കുമെതിരായ കേസ് റദ്ദാക്കിയിട്ടുണ്ട്. രണ്ടു പേർക്കും കൃത്യത്തിൽ നേരിട്ട് പങ്കാളിത്തമുള്ളതായ തെളിവുകൾ സിബിഐക്ക് ഹാജരാക്കാൻ കഴിയാത്തതിനാലാണ് ഹൈക്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. കേസിൽ പ്രതിയായിരുന്ന ചെന്നൈ വിശ്വനാഥൻ പ്രിന്റേഴ്സ് ആന്റ് പബ്ലിഷേഴ്സിലെ താല്ക്കാലിക ജീവനക്കാരനായിരുന്ന കെ സുരേഷിനെ (43) കേസന്വേഷണ ഘട്ടത്തിൽ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: SSLC Ques­tion Paper Leak Case: Tri­al begins tomorrow

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.