9 July 2025, Wednesday
KSFE Galaxy Chits Banner 2

Related news

May 10, 2025
May 9, 2025
April 29, 2025
March 26, 2025
March 25, 2025
March 12, 2025
March 3, 2025
December 17, 2024
November 1, 2024
August 8, 2024

നാളെ എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 3, 2024 5:57 pm

എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

കേരളത്തില്‍ മാത്രം 2955 കേന്ദ്രങ്ങളുണ്ടെന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്ക് പുതുക്കിയ പാഠപുസ്തകം മെയ് മാസത്തില്‍ നല്‍കും. അവധിക്കാലത്ത് കുട്ടികള്‍ക്കായി പഠനോത്സവം നടത്തും. നാല് കോടി രൂപ വിദ്യാഭ്യാസ വകുപ്പ് വകയിരുത്തിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

പാഠപുസ്തക അച്ചടി പൂർത്തിയായി

സംസ്ഥാനത്ത് രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് 2024–25 അധ്യയന വർഷത്തേക്ക് ആവശ്യമായ 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയം പാഠപുസ്തകങ്ങള്‍ ഇതില്‍ ഉൾപ്പെടും. സംസ്ഥാനതല വിതരണോദ്ഘാടനം ഈ മാസം 12ന് രാവിലെ 11 മണിക്ക് കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂളിൽ നടക്കും.
പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ 29,72,250 പാഠപുസ്തകങ്ങളുടെ അച്ചടി മേയ് മാസം ആദ്യ ആഴ്ച പൂർത്തിയാകും. ഇതിന്റെ വിതരണോദ്ഘാടനം മേയ് പത്തിനുള്ളിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വായനയ്ക്ക് ഗ്രേസ് മാർക്ക്

വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലെയും കുട്ടികൾ പുസ്തകങ്ങളും വർത്തമാനപത്രങ്ങളും നിരന്തരം വായിക്കാൻ നടപടി വഴി സാധ്യമാകുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രിന്റ് മീഡിയാ ചീഫ് എഡിറ്റർമാരുടെ യോഗം 12 ന് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയുടെ ഗ്രേസ് മാര്‍‌ക്ക് സംബന്ധിച്ച വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

Eng­lish Sum­ma­ry: SSLC exam will start from tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.