6 May 2024, Monday

തടസ്സം നീങ്ങി; ഇനി കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

Janayugom Webdesk
October 12, 2022 6:57 pm

തടസ്സങ്ങള്‍ നീങ്ങി ഇനി കാഞ്ഞങ്ങാട്‌ കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം വേഗത്തിലാകും. കാഞ്ഞങ്ങാട് റെയില്‍വേ ലെവല്‍ ക്രോസ്‌ നമ്പര്‍ 273 ല്‍ 2020ല്‍ കിഫ്ബി അനുമതി ലഭിച്ച മേല്‍പ്പാല നിര്‍മ്മാണമാണ് സില്‍വര്‍ ലൈനിന്റെ പേരിലുള്ള തടസ്സം കൂടി മാറിയതോടെ വേഗത്തിലാവുന്നത്. മേല്‍പ്പാല നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ റെയില്‍വേ ജിഎഡി(ജനറല്‍ എഗ്രിമെന്റ് ഡ്രോയിംഗ്)യുടെ അനുമതി ലഭിച്ചതിന് മാത്രമേ പാടുള്ളുവെന്നായിരുന്നു. ജിഎഡിയുടെ അനുമതി്ക്കായി സമീപിച്ചപ്പോഴാണ് സെമി ഹൈസ്പീഡ് റെയില്‍ പ്രോജക്ട് അലൈന്‍റ് പൂര്‍ത്തിയാകാതെ അനുവദിച്ച മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം തുടങ്ങാന്‍ ആവില്ലെന്ന് കാണിച്ച് നേരത്തെ അനുമതി നിഷേധിച്ചത്. 2020 ഫെബ്രുവരിയില്‍ മേല്‍പ്പാലത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 34.71 കോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിരുന്നു. സ്ഥലമെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന്‍ തുടങ്ങിയപ്പോഴാണ് സില്‍വര്‍ ലൈന്‍ വന്നത്. വടക്കന്‍ കേരളത്തില്‍ മിക്കയിടങ്ങളിലും നിലവിലുള്ള റെയില്‍വേ ട്രാക്കിന് സമീപത്തൂടെയായിരുന്നു സില്‍വര്‍ ലൈന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതേ തുടര്‍ന്ന് സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് പൂര്‍ത്തിയാകാതെ അനുവദിച്ച മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം തുടങ്ങാന്‍ കഴിയില്ലെന്ന സ്ഥിതി വന്നു. ഇതോടെ പദ്ധതിയുടെ തുടര്‍ നടപടി തടസ്സപ്പെടുകയായിരുന്നു. ഈ തടസ്സമാണ് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പേറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസിഎല്‍) കേരളത്തിലെ മേല്‍പ്പാലങ്ങളുടെ ചുതലയുള്ള റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന് തടസ്സങ്ങളില്ലെന്ന കത്ത് നല്‍കിയതോടെ നീങ്ങുന്നത്. ഇനി റെയില്‍വേയുടെ അനുമതി മാത്രമാണ് വേണ്ടത്. തുടര്‍ നടപടിയെന്ന നിലയില്‍ റെയില്‍വേയോട് അനുമതി തേടി കത്ത് നല്‍കുന്നതിനുള്ള നടപടികൾ ആർ. ബി. ഡി.സി സ്വീകരിക്കുന്നതാണ്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. പറഞ്ഞു. നിര്‍മ്മാണത്തിന് 34.71 കോടി രൂപയ്‌ക്കുള്ള കി ഫ്‌ബി അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നു. രണ്ട്‌ വരി ഗതാഗതവും ഫൂട്ട്‌ പാത്തോടും കൂടിയുള്ള 444.18 മീറ്റര്‍ നീളമുള്ള പാലമാണ്‌ യാഥാര്‍ത്ഥ്യമാകുന്നത്‌. ഇതിനായി 149 സെന്റ്‌ ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്‌. 9 കെട്ടിടങ്ങള്‍ ഇതിന്റെ ഭാഗമായി ഏറ്റെടുത്ത്‌ പൊളിച്ച്‌ നീക്കേണ്ടി വരും. 13.40 കോടി രൂപയാണ്‌ ഇതിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. റെയില്‍വേയുടെ ഭാഗമായുള്ള സ്‌പാന്‍ നിര്‍മ്മിക്കാന്‍ 5 കോടി 40 ലക്ഷം രൂപയും അതൊഴിച്ചുള്ള സ്‌പാന്‍ നിര്‍മ്മിക്കുന്നതിന്‌ 14 കോടി 45 ലക്ഷം രൂപയുമാണ്‌ ചെലവഴിക്കുക. എലക്ട്രിക്‌ ലൈന്‍, ടെലഫോണ്‍ ലൈന്‍ എന്നിവ മാറ്റുന്നതിന്‌ ഉള്‍പ്പെടെയുള്ള തുകയും എസ്റ്റിമേറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്‌. 2018 ല്‍ കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35.97 കോടി രൂപ യുടെ എസ്റ്റിമേറ്റാണ്‌ പദ്ധതിക്കായി സമര്‍പ്പിച്ചതി. ഇതില്‍ 34.71 കോടിയുടെ അംഗീകാരമാണ്‌ ലഭിച്ചിട്ടുള്ളത്‌. കാഞ്ഞങ്ങാട്ടെ തീര ദേശ മേഖലയില്‍ ഗതാഗത തടസങ്ങളൊഴിവാക്കുന്ന പ്രവര്‍ത്തിയാണ്‌ കാഞ്ഞങ്ങാട്‌ കുശാല്‍ നഗര്‍ മേല്‍പാല പ്രവര്‍ത്തിയിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്‌. 2013ലാണ്‌ മേല്‍പാലം വേണ മെന്നാവശ്യം ശക്തമായത്‌. ഇതേ തുടര്‍ന്ന്‌ സ്ഥലം എം.എല്‍.എ ആയിരുന്ന ഇ.ചന്ദ്രശേഖരന്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. കാഞ്ഞങ്ങാട്‌ നഗരസഭയിലെ തീരദേശ മേഖലയായ കുശാല്‍നഗര്‍, കല്ലൂരാവി, ഹോസദുര്‍ഗ്‌ കടപ്പുറം, പുഞ്ചാവി കടപ്പുറം, ഒഴിഞ്ഞവളപ്പ്‌ തുടങ്ങിയ പ ത്തൊമ്പത്‌ തീരദേശ വാര്‍ഡുകള്‍ക്ക്‌ കുശാല്‍ നഗര്‍ മേല്‍പാലം യാഥാര്‍ത്ഥ്യമായാല്‍ ഗുണമായി മാറും. കുടാതെ കുടാതെ നീ ലേശ്വരം നഗരസഭയി ലെ അഴിത്തല, തൈക്കടപ്പുറം, കണിച്ചിറ, മരക്കാപ്പ്‌ കടപ്പുറം, കടിഞ്ഞിമൂല എന്നീ പ്രദേശങ്ങളി ലേക്ക്‌ എളുപ്പത്തില്‍ എത്തി ച്ചേരാന്‍ ഇതുവഴി കഴിയും. കുശാല്‍ നഗര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യ മാവുകയും ചെയ്യുന്നതോടെ തീരദേശ മേഖലയിലെ യാത്രാപ്രശ്‌നത്തിന്‌ ശാശ്വത പരിഹാരവുമാകും. മേല്‍പ്പാലത്തിന് വേണ്ടി സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റി നേതൃത്വത്തില്‍ വലിയ ഇടപെടലുകളാണ് നടന്നിരുന്നത്. മേല്‍പാലത്തിന്റെ നിര്‍മ്മാണം വൈകുന്നതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം എംഎല്‍ എയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചുകൊണ്ട് കത്ത് ലഭിച്ചത്.

കോട്ടച്ചേരിക്ക് പിറകേ കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പ്പാലവും 
കാഞ്ഞങ്ങാട്ടെ തീരദേശവാസികളുടെ ഏറെകാലത്തെ ആഗ്രമായിരുന്നു കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലവും കുശാല്‍നഗര്‍ റെയില്‍വേ മേല്‍പ്പാലവും. ഇതില്‍ കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം കഴിഞ്ഞ മാര്‍ച്ചില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇനി കുശാല്‍നഗര്‍ കൂടി യാഥാര്‍ത്ഥ്യമാവുന്നതോടെ തീരദേശ മേഖലയിലെ യാത്രപ്രശ്നത്തിന് ഏറെ കുറെ പരിഹാരമാവും. കോട്ടച്ചേരി മേല്‍പ്പാലം നിര്‍മ്മാണം 2003 ല്‍ സര്‍ക്കാര്‍ മേല്‍പ്പാല നിര്‍മാണം റോഡ്‌സ് ബ്രിജ്‌സ് കോര്‍പറേഷനെ ഏല്‍പിച്ചത്. തുടര്‍ന്ന് 2016 ഡിസംബര്‍ 20 ന് ഭൂമി ഏറ്റെടുക്കാന്‍ 21.71 കോടി രൂപയുടെ ഭരണാനുമതി. 2017 ജൂണ്‍ 30 ന് മേല്‍പ്പാല നിര്‍മാണത്തിനായി 15 കോടി അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജിയോ ഫൗണ്ടേഷന്‍ ആന്‍ഡ് സ്ട്രക്ച്ചറല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഉറപ്പിച്ചു. 2018 ഏപ്രില്‍ 14 ന് അന്ന് റവന്യു മന്ത്രിയായിരുന്ന കാഞ്ഞങ്ങാട് എം എല്‍ എ കൂടിയായ ഇ.ചന്ദ്രശേഖരനാണ് മേല്‍പ്പാലത്തിന് തറക്കല്ലിട്ടത്. സെപ്തംബറില്‍ നിര്‍മാണം ആരംഭിച്ചു. 21 മീറ്റര്‍ നീളമുള്ള 10 സ്പാനും 32.4 മീറ്റര്‍ നീളമുള്ള ഒരു റെയില്‍വേ സ്പാനും ഉള്‍പ്പെടെ ആകെ 11 സ്പാന്‍ ആണ് ഉള്ളത്. രണ്ടു വരി ഗതാഗതത്തിന് ഉതകുന്ന രീതിയില്‍ നിര്‍മിച്ച മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് ഉള്‍പ്പെടെ 730 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയും ഉണ്ട്. പാലത്തിന്റെ ഒരു വശത്ത് 1.5 മീറ്റര്‍ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 274 ന് പകരമായാണ് സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും സംയുക്തമായി കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിച്ചത്. റെയില്‍വേ സ്പാന്‍ ഉള്‍പ്പടെ നിര്‍മ്മാണചെലവ് 15 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ ചിലവഴിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.