9 July 2025, Wednesday
KSFE Galaxy Chits Banner 2

Related news

July 8, 2025
July 5, 2025
July 4, 2025
July 4, 2025
July 2, 2025
July 1, 2025
July 1, 2025
June 28, 2025
June 27, 2025
June 26, 2025

ബിജെപിയുടെ മുസ്ലിം വിദ്വേഷ പ്രചാരണം; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2024 10:27 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതാക്കള്‍ ഉയര്‍ത്തി വിടുന്ന മുസ്ലിം വിദ്വേഷ പ്രസംഗങ്ങളിലും വ്യാജ വീഡിയോ സന്ദേശങ്ങളിലും അനങ്ങാപ്പാറ നയം സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഏറ്റവും ഒടുവില്‍ കര്‍ണാടകയില്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച മുസ്ലിം വിരുദ്ധ വീഡിയോ പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും മൗനം പാലിക്കുന്ന കമ്മിഷന്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു വീഡിയോ സന്ദേശം. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന അവസരത്തില്‍ ഇത്തരം നടപടിക്കെതിരെ 24 മണിക്കുറിനകം നടപടി സ്വീകരിക്കേണ്ട കമ്മിഷന്‍ പരാതി ലഭിച്ചിട്ടും വിഷയത്തില്‍ ബിജെപിക്ക് നോട്ടീസ് അയയ്ക്കാന്‍ പോലും സന്നദ്ധമായിട്ടില്ല. 

നേരത്തെ രാജസ്ഥാനിലെ ബന്‍സ്വരയില്‍ അടക്കം പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ മുസ്ലിം വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ണടച്ചിരുന്നു. പിന്നാലെ അമിത് ഷ, അനുരാഗ് ഠാക്കൂര്‍, ആദിത്യനാഥ് എന്നിവരും മുസ്ലിം വിരുദ്ധ നിലപാട് പലയിടത്തും ആവര്‍ത്തിച്ചുവെങ്കിലും അവിടെയും കമ്മിഷന്‍ പ്രതികരണം തേടിയില്ല. അതേസമയം അമിത് ഷായ്ക്കെതിരെയുള്ള ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍ തന്നെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
കര്‍ണാടക ബിജെപിയുടെ എക്സ് അക്കൗണ്ട് വഴിയാണ് മതസ്പര്‍ധ വളര്‍ത്തുന്ന വിവാദ ആനിമേഷന്‍ വീഡിയോ പുറത്തുവിട്ടത്. സൂക്ഷിക്കണമെന്ന് മൂന്ന് തവണ എഴുതിയ അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ വീഡിയോയില്‍ കാണാം. എസ്‍സി, എസ്‍ടി, ഒബിസി എന്നിങ്ങനെയുള്ള പക്ഷിക്കൂട്ടില്‍ മുസ്ലിം എന്നെഴുതിയ മുട്ട രാഹുല്‍ ഗാന്ധി കൊണ്ടിടുന്നു. പിന്നീട് ഈ മുട്ടകള്‍ വിരിഞ്ഞപ്പോള്‍ മുസ്ലിം എന്നെഴുതിയ മുട്ടയിലെ പക്ഷിക്കുഞ്ഞിന് മാത്രം രാഹുല്‍ ഗാന്ധി ഫണ്ട് എന്നെഴുതിയ തീറ്റ കൊടുക്കുന്നു. പിന്നീട് ഭക്ഷണം കഴിച്ച് വലുതായ പക്ഷി മറ്റ് പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടില്‍ നിന്നും പുറത്താക്കുന്നു. ഇതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
സംഭവത്തില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര, പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ തലവന്‍ അമിത് മാളവ്യ എന്നിവര്‍ക്കെരിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി സകേത് ഗോഖലെ ഡല്‍ഹി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Eng­lish Summary:BJP’s Mus­lim hate cam­paign; Elec­tion Com­mis­sion with­out action
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.