22 December 2024, Sunday
KSFE Galaxy Chits Banner 2

ഭരണകൂടവും മതവും ഇന്ത്യയിൽ

ഡി രാജ
December 31, 2021 6:30 am

കാശി ധാം ഇടനാഴിയുടെ ഉദ്ഘാടനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനു മുമ്പിൽ വിളംബരം ചെയ്തത് ഭരണകൂടം രാജ്യത്തിനായി കരുതിവച്ചിരിക്കുന്ന ഹീനമായ പദ്ധതികൾ എന്തൊക്കെയെന്നാണ്. ഒരു ചടങ്ങിൽ ഹിന്ദു ചിഹ്നങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രദർശിപ്പിക്കുക വഴി, രാജ്യത്തെ ഭൂരിപക്ഷമതത്തിന് ഔദ്യോഗിക പദവി നൽകുന്നതിന് തുല്യമായിരുന്നു പ്രധാനമന്ത്രിയുടെ നടപടി. ഈ സംഭവവികാസങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഭരണകൂടത്തിൽ മതത്തിന്റെ വ്യാപ്തിയും സ്വാധീനവും, മതങ്ങളിൽ ഭരണകൂടത്തിന്റെ പങ്കും പ്രവർത്തനവും എത്രമാത്രം എന്നതാണ് ഈ സംഭവം മുന്നോട്ടുവയ്ക്കുന്ന ചിന്ത. പ്രത്യേകിച്ച് വെെവിധ്യമാർന്ന മത സാംസ്കാരികതകൾ നിലനില്ക്കുന്ന രാജ്യത്ത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, തുല്യനീതി എന്നിവ ഉയർത്തിപ്പിടിക്കുന്ന പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ഈ ഭരണഘടനാ വാഗ്ദാനത്തെ അവഗണിക്കാനാണ് നിലവിലെ ഭരണകൂടം മനഃപൂർവം ശ്രമിക്കുന്നത്. നാഗ്പൂരിൽ രൂപപ്പെടുത്തിയ ദർശനം നടപ്പാക്കാൻ വേണ്ടി അസഹിഷ്ണുതയ്ക്ക് മുൻഗണന നൽകുകയാണ് വലതുപക്ഷ ബ്രാഹ്മണാനുകൂല ഭരണകൂടം. വെെവിധ്യമാർന്ന ഭാഷാ, മത, സാംസ്കാരിക സമൂഹത്തിൽ നിന്ന് യഥാർത്ഥ ചരിത്രത്തെ മായ്ച്ചുകളയലും വ്യാജനിർമ്മിതിയും നടക്കുന്നു. ഗോൾവാൾക്കറും സവർക്കറും വളർത്തിക്കൊണ്ടുവന്ന രാഷ്ട്രീയ പദ്ധതിയനുസരിച്ചുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കമാണിതിന് പിന്നിൽ എന്ന് വ്യക്തം. ആശയമെന്ന നിലയിലും ഭരണ നിർവഹണത്തിലെ അടിസ്ഥാനതത്വമെന്ന നിലയിലും മതേതരത്വം അവഗണിക്കപ്പെടുകയാണ്. മതകേന്ദ്രീകൃത രാഷ്ട്രീയ രൂപീകരണത്തിന് രാജ്യത്തെ ബഹുസ്വര സാംസ്കാരം എപ്പോഴും അരോചകമായിരിക്കും. ഏകീകൃത സ്വഭാവത്തിലല്ലെങ്കിലും ആധുനിക രാഷ്ട്രസമൂങ്ങൾ മതേതരത്വം എന്ന തത്ത്വം അംഗീകരിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. സമൂഹത്തിൽ മതത്തിന്റെ പങ്ക് എല്ലാകാലത്തും ചർച്ചാ വിഷയമാണ്. ഗ്രീക്ക് സംസ്കാരം മുതൽ ആധുനിക വ്യാവസായിക ലോകത്തില്‍ വരെ തത്ത്വചിന്തകരും സൈദ്ധാന്തികരും രാഷ്ട്രീയനേതൃത്വവും മതത്തെ എങ്ങനെ മനസിലാക്കാമെന്നും എങ്ങനെ ഇടപെടാമെന്നും ചർച്ച നടത്തിയിട്ടുണ്ട്. സമൂഹ രൂപീകരണം, സ്വത്വ ഏകീകരണം, ഭരണനിർവഹണം എന്നിവയിൽ മതത്തിന്റെ ബന്ധവും സ്വാധീനവും എപ്പോഴും ചർച്ചാവിഷയമായിരുന്നു. വ്യാവസായിക വിപ്ലവത്തിന്റെയും ആധുനികതയുടെയും ആവിർഭാവവും ദേശീയ രാഷ്ട്രങ്ങളുടെ സ്ഥാപനവും ഭരണകൂടവും മതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ നിർവചനത്തിന് കളമൊരുക്കി. ദേശീയരാഷ്ട്രങ്ങൾ ഭരണകൂടത്തെയും മതത്തെയും വേർതിരിച്ചു നിർത്തുന്ന നയമായിരുന്നു ആദ്യകാലങ്ങളിൽ സ്വീകരിച്ചത്. മതത്തെ സ്വകാര്യവും വ്യക്തിപരവുമായ വിഷയമായി കാണുന്നതാണ് ഉചിതമെന്നും അതിൽ ഭരണകൂടത്തിന്റെ ഇടപെടൽ വേണ്ട എന്നുമായിരുന്നു സാമാന്യ രീതി. നീതി, സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവയുടെ അടിസ്ഥാനത്തിലുള്ള സിവിൽ ഭരണത്തിന് ദേശീയരാഷ്ട്ര സങ്കല്പം മുൻതൂക്കം നൽകുന്നു. ഭൂരിപക്ഷ മതത്തിന്റെ സ്വേച്ഛാധിപത്യം എങ്ങനെ കുറയ്ക്കാൻ കഴിയും എന്നത് ആധുനിക ദേശീയരാഷ്ട്രങ്ങൾക്ക് ഇപ്പോഴും വെല്ലുവിളിയാണ്. ആദ്യകാലങ്ങളിൽ അത് രാഷ്ട്രത്തെയും മതത്തെയും സമ്പൂർണമായി വേർതിരിക്കുന്ന നിലപാടാണ് കെെക്കൊണ്ടിരുന്നത്. പ്രാദേശിക ദേശീയതയുടെ ആവിർഭാവം ഭരണവ്യവസ്ഥയിൽ മതത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മതവിശ്വാസം സമൂഹത്തിൽ നിലനിന്നിരുന്നെങ്കിലും ഭരണകൂടത്തിലും അതിന്റെ പ്രവർത്തനത്തിലും സംഘടിത മതത്തിന്റെ പിടി അയഞ്ഞു. ഫ്രഞ്ച് വിപ്ലവവും അമേരിക്കൻ സ്വാതന്ത്ര്യസമരവും ഈ അകൽച്ചയ്ക്ക് ആക്കം കൂട്ടി. ഫ്രാൻസിൽ വലിയ ജനവിഭാഗം പുരോഹിതരുടെ ആധിപത്യത്തിനും അവർ കൈവശം വച്ചിരുന്ന സ്വത്തിനും സ്വാധീനത്തിനും എതിരായി നീങ്ങി. ജനാധിപത്യ മതേതര രാഷ്ട്രവും മതവും തമ്മിലുള്ള ബന്ധത്തിന് കൃത്യമായ രൂപം നൽകുന്നതായിരുന്നു യുഎസ് ഭരണഘടനയിലെ ആദ്യ ഭേദഗതി തന്നെ. “മതം സ്ഥാപിക്കുന്നതിനോ അതിന്റെ സ്വതന്ത്രമായ പ്രവർത്തനം നിരോധിക്കുന്നതിനോ ഒരു നിയമവും ഉണ്ടാക്കില്ല. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, ജനങ്ങൾക്ക് സമാധാനപരമായി ഒത്തുകൂടാനും പരാതികൾ സർക്കാരിനെ അറിയിക്കാനുമുള്ള അവകാശം എന്നിവയിൽ ഒരു നിയന്ത്രണവും വരുത്തില്ല” എന്നാണ് അമേരിക്കൻ പ്രസിഡന്റ് തോമസ് ജെഫേഴ്സൺ പറഞ്ഞത്. “മതം അടിച്ചമർത്തപ്പെട്ടവരുടെ നിശ്വാസവും ഹൃദയശൂന്യമായ ലോകത്തിലെ ഹൃദയവും ആത്മാവില്ലാത്ത സാഹചര്യത്തിലെ ആത്മാവുമാണ്. അത് മനുഷ്യന്റെ മയക്കുമരുന്നാണ്” എന്ന് മാർക്സ് എഴുതിയതുപോലെ ചൂഷണാത്മക സമൂഹത്തിൽ മതം വഹിക്കുന്ന പങ്ക് അതിന്റെ തുടക്കം മുതൽ തന്നെ ശാസ്ത്രീയ സോഷ്യലിസം മനസിലാക്കി. “ഭൂമിയിൽ സ്വർഗം സൃഷ്ടിക്കുന്നതിനുള്ള അടിച്ചമർത്തപ്പെട്ട വർഗത്തിന്റെ പോരാട്ടത്തിലെ ഐക്യമാണ് ആകാശത്തിലെ സ്വർഗം സൃഷ്ടിക്കാനുള്ള ഐക്യത്തേക്കാൾ പ്രധാനം” എന്ന് ലെനിൻ പറഞ്ഞതും സംഘടിത മതങ്ങളുടെ സ്വാധീനത്തെ സൂചിപ്പിച്ചുകൊണ്ടാണ്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സമൂഹങ്ങളെ ഒരുമിച്ചു നിർത്താൻ മതങ്ങൾ ഭരണത്തിൽ നിന്നകന്ന് സ്വകാര്യവിശ്വാസമായി തുടരണമെന്നാണ് ഭരണകൂടങ്ങൾ ആഗ്രഹിച്ചത്. ആധുനിക രാഷ്ട്രീയ ചിന്തകർ രാഷ്ട്രീയവും സാമൂഹികവും നിയമപരവുമായ മാർഗങ്ങളിലൂടെ സംഘടിത മതങ്ങളിൽ നിന്ന് ഭരണകൂടത്തെ വേർപെടുത്താൻ ശ്രമിച്ചു.


ഇതുകൂടി വായിക്കാം; നെഹ്രുവിന്റെ അയോധ്യയും മോഡിയുടെ കാശിയും


ഇന്ത്യയിലും മതത്തിന്റെ പേരിലെ പിടിവാശിയും യാഥാസ്ഥിതികത്വവും ഇല്ലാതാക്കാൻ പരിഷ്കർത്താക്കൾ നിരന്തരം ശ്രമിച്ചു. രാജാറാം മോഹൻ റോയ് സതിയെന്ന ദുരാചാരത്തിനെതിരെ നിരന്തരം പോരാടുകയും തന്റെ ചിന്തകളെ പിന്തുണയ്ക്കുന്നതിനായി പുരാതന ഗ്രന്ഥങ്ങളും ആധുനിക മൂല്യങ്ങളും ഉദ്ധരിക്കുകയും ചെയ്തു. സ്വന്തം മാതാവ് ഉൾപ്പെടെ സമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെതിരെയായിരുന്നു പോരാട്ടം. ഈശ്വർ ചന്ദ്ര വിദ്യാസാഗർ, എം ജി റാനഡെ, സയ്യിദ് അഹമ്മദ് ഖാൻ തുടങ്ങിയവർ സാമൂഹിക പരിഷ്കരണത്തിനായി ജീവിതം സമർപ്പിച്ചു. മതഗ്രന്ഥങ്ങളിൽ യുക്തിസഹമായ വീക്ഷണം പുലർത്തുന്നതിനും വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഈ പരിഷ്കർത്താക്കൾ ആഹ്വാനം ചെയ്തത്. മഹാത്മാ ജ്യോതിറാവു ഫൂലെ, സാവിത്രി ഫൂലെ, ഫാത്തിമ ഷെയ്ഖ് എന്നിവരെപ്പോലുള്ള പരിഷ്കർത്താക്കളും സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും പാർശ്വവല്ക്കരിക്കപ്പെട്ടവരുമായവർക്കിടയിൽ പുരോഗതിക്കായി പ്രവർത്തിച്ചു. ഇവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിലെ യാഥാസ്ഥിതികതയുടെയും അന്ധവിശ്വാസത്തിന്റെയും പിടി അയയ്ക്കുകയും സ്വാതന്ത്ര്യസമരഘട്ടത്തിൽ യുക്തിബോധവും മാനവികതയും സ്ഥാപിക്കുന്നതിന് സഹായിക്കുകയും ചെയ്തു. ഈ പരിഷ്കർത്താക്കളുടെ ജീവിതവും പ്രവർത്തനവും പിന്നീട് പ്രത്യയശാസ്ത്ര അടിത്തറയായി രൂപപ്പെടുകയും ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തോടെ കൂടുതൽ വികസിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ പ്രധാന മുഖമുദ്ര തന്നെ മതേതരത്വമായിരുന്നു. സ്വതന്ത്ര ഇന്ത്യ എങ്ങനെ ഒരു ദേശീയ രാഷ്ട്രമായി രൂപീകരിക്കാമെന്നും അത് ലോകത്തിന് എന്ത് മൂല്യങ്ങളെ പ്രദാനം ചെയ്യണമെന്നും അന്നത്തെ നേതാക്കൾ ബോധവാന്മാരായിരുന്നു. ഗാന്ധിജി സ്വയം ഹിന്ദുവായി പ്രഖ്യാപിക്കുമ്പോഴും മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒരിക്കലും സഹിച്ചിരുന്നില്ല. ജവഹർലാൽ നെഹ്രു, സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ, മൗലാന ആസാദ് തുടങ്ങിയ പ്രമുഖർ മതേതര രാഷ്ട്രത്തിനായുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്നു. ഡോ. ബി ആർ അംബേദ്കർ ജാതി ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുകയും ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക പരിഷ്കരണത്തിന് ഭരണഘടനയിലൂടെ തുടക്കമിടുകയും ചെയ്തു. ഇ വി രാമസ്വാമി പെരിയാർ തമിഴ് സമൂഹത്തിൽ യുക്തിബോധം സ്ഥാപിക്കാൻ ശ്രമിച്ചു. ഒരാളുടെ ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിവിവേചനം അവസാനിപ്പിക്കാനുള്ള ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനങ്ങൾ നാടെങ്ങും ഏറ്റെടുത്തു. ഗദ്ദർ പാർട്ടിയുടെ നേതാക്കൾ മുതൽ ഭഗത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ വിപ്ലവകാരികൾ വരെയുള്ളവർക്കിടയിൽ സ്വതന്ത്ര ഇന്ത്യൻ രാഷ്ട്രത്തിൽ മതത്തിന്റെ പങ്കിനെക്കുറിച്ച് ഏകാഭിപ്രായമുണ്ടായി. എല്ലാ സംഘടിത മതങ്ങളിൽ നിന്നും തുല്യ അകലം പാലിക്കുന്ന ഭരണകൂടം എന്നതായിരുന്നു അത്. “വർഗീയ വിഷയങ്ങളിൽ മറ്റ് സമുദായങ്ങളുടെ താല്പര്യങ്ങളുമായി ഏറ്റുമുട്ടുന്നില്ലെങ്കിൽ, അവർ ആവശ്യപ്പെടുന്ന ഏത് അവകാശവും നൽകാൻ പാർട്ടി ആലോചിക്കു“മെന്നാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയുടെ മാനിഫെസ്റ്റോ പ്രസ്താവിക്കുന്നത്. സമദൂരവും മതേതരവുമായ, വിവിധ മതസമൂഹങ്ങളുടെ സമാധാനപരവും സൗഹാർദ്ദപരവുമായ സഹവർത്തിത്വം നമ്മുടെ ഭരണഘടനാ നിർമ്മാണത്തിൽ പ്രകടമായി. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കുന്ന മൗലികാവകാശങ്ങളുള്ള ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ് രൂപപ്പെട്ടത്. എന്നാൽ ഒരു ഭരണകൂട മതത്തിനോ ദിവ്യാധിപത്യത്തിനോ വേണ്ടി വാദിച്ച ബ്രിട്ടീഷ് അനുകൂല ന്യൂനപക്ഷവുമുണ്ടായിരുന്നു. എന്നാൽ ദേശീയ ലക്ഷ്യത്തിനായി എല്ലാം ത്യജിച്ച സ്വാതന്ത്ര്യസമര സേനാനികൾ മതേതര രാഷ്ട്രത്തിന്റെ അനുയായികളായിരുന്നുവെന്നത് അടിവരയിടേണ്ടതാണ്. 2008-09 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള അനിശ്ചിതത്വത്തിനിടയിലാണ് ഹിന്ദുത്വത്തിന്റെ രഥത്തിൽ കയറി ആർഎസ്എസ്-ബിജെപി ഉയർച്ച ഇന്ത്യയിലുണ്ടായത്. ആർഎസ്എസും അവരുടെ ആശയവും വൈവിധ്യമാർന്ന സമൂഹത്തിൽ ഏകാത്മകത അടിച്ചേൽപ്പിക്കാൻ ചില ബ്രാഹ്മണ ഗ്രന്ഥങ്ങളുടെ ഏകശിലാപരമായ വ്യാഖ്യാനങ്ങൾ ഉപയോഗിച്ചു. ഈ രീതി സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനും അപകടകരമാണെന്ന് മാത്രമല്ല, നൂറുകണക്കിന് വർഷങ്ങൾ പിന്നിലേക്ക് സമൂഹത്തെ തള്ളിവിടാനും ഇടയാക്കും. ചില സമകാലിക സംഭവവികാസങ്ങൾ ഇത്തരത്തിൽ അലോസരപ്പെടുത്തുന്നതാണെന്ന് കാണാം. അടുത്തിടെ, ഗുജറാത്തിലെ ഏതാനും മുനിസിപ്പാലിറ്റികൾ സസ്യേതര ഭക്ഷണം വില്ക്കുന്നത് നിരോധിക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ട് മാസത്തിനുള്ളിൽ ഹിന്ദുമതത്തിലേക്ക് മാറിയില്ലെങ്കിൽ സംവരണത്തിന്റെ ആനുകൂല്യങ്ങൾ ഒഴിവാക്കുമെന്ന് ഗുജറാത്തിൽ നിന്നുള്ള ഒരു ബിജെപി എംപി ആദിവാസികൾക്ക് അന്ത്യശാസനം നൽകി. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കി, ഭൂരിപക്ഷ മതത്തെ ഔദ്യോഗികമതമായി ഉയർത്തുന്നതിനുള്ള നീക്കം ഭീഷണിയായി മാറുന്നു. “നിങ്ങളെ വിശ്വസിപ്പിക്കാൻ കഴിയുന്നവരുടെ അസംബന്ധങ്ങൾ നിങ്ങളെ ക്രൂരതകൾ ചെയ്യാൻ പ്രേരിപ്പിക്കും” എന്ന ഫ്രഞ്ച് ചിന്തകൻ വോൾട്ടയറിന്റെ വചനത്തെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. ഉപജീവനം, ആരോഗ്യം, തൊഴിൽ, പാർപ്പിടം എന്നിവയുമായി ബന്ധപ്പെട്ട യഥാർത്ഥവും മൂർത്തവുമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ മാത്രമേ മതപരമായ പ്രതിലോമബുദ്ധിയുടെ ഉയർച്ചയെ വെല്ലുവിളിക്കാനും നിരാകരിക്കാനും കഴിയൂ. നമ്മുടെ മുന്നിലുള്ള പ്രധാന ചോദ്യം, ഒരു മതേതര രാഷ്ട്രത്തിന്റെ പ്രവർത്തനങ്ങളിൽ മതം ഇടപെടണോ അഥവാ ഹിന്ദു വലതുപക്ഷത്തിന്റെ ഈ വക്രതയെ ചെറുക്കണോ എന്നതാണ്. സ്വാതന്ത്ര്യ സമരത്തിന്റെ പാഠങ്ങളും എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗവും നമ്മുടെ ചിന്തയെ ഒരു ദിശയിലേക്ക് മാത്രം നയിക്കുന്നു, അത് മതേതരമാണെന്ന് ഊഹിക്കാൻ പ്രയാസമില്ലതാനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.