23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറയുന്നു;ചെന്നിത്തലയും,മുരളീധരനും അടുക്കുന്നു. ഐ വികാരം ആളിക്കത്തിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍

പുളിക്കല്‍ സനില്‍രാഘവന്‍
March 3, 2022 1:23 pm

പാർട്ടി പുനഃസംഘടന ഐ എ സി സി നേതൃത്വം ഇടപെട്ട് നിർത്തിവെച്ചതിനെ തുടർന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ തോതിലുള്ള പ്രശനങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. എന്ത് തന്നെ വന്നാലും പുനഃസംഘടനയുമായി മുന്നോട്ട് പോവണമെന്ന ഉറച്ച നിലപാടിലാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.

ഏതാനും എംപിമാരുടെ പരാതിയെ തുടർന്നാണ് പുനഃസംഘടന നിർത്തിവെച്ചതെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ നല്‍കിയ സൂചന. അങ്ങനെയെങ്കില്‍ ആരൊക്കെയാണ് പരാതി നല്‍കിയ ആ എംപിമാരെന്ന് തന്നെ അറിയിക്കണമെന്നാണ് സുധാകരന്‍ ആവശ്യപ്പെടുന്നത്.സുധാകരന്‍ അനുനയനത്തിന് വഴങ്ങുന്നില്ലെങ്കില്‍ മറുപക്ഷവും കടുത്ത നിലപാടിലേക്ക് പോയേക്കും. വഴങ്ങിയില്ലെങ്കില്‍ പുനഃസംഘടന കഴിയുന്നത്ര വൈകിപ്പിച്ച് സംഘടന തിരഞ്ഞെടുപ്പിലൂടെയോ അതിന് മുമ്പോ അദ്ദേഹം സ്ഥാനമൊഴിഞ്ഞാല്‍ പകരക്കാരനെ നിയമിച്ചോ തിരിച്ചടി നല്‍കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസിലെ പുതിയ സുധാകര വിരുദ്ധ ചേരി പയറ്റാനൊരുങ്ങുന്നത്

നിലവിലെ പ്രശ്നം പരിഹരിക്കപ്പെട്ടാലും ഇല്ലെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത എ, ഐ ഗ്രൂപ്പുകളില്‍ വലിയ വിള്ളല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്ത് വിഡി സതീശനും കെ പി സി സി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരനും എത്തിയത്. തിരിച്ചടി നേരിട്ടതോടെ എ യും ഐ യും പിന്നീട് സംയുക്തമായി നീങ്ങുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആദ്യമൊക്കെ ശക്തമായ എതിർപ്പ് ഉന്നയിച്ച ഗ്രൂപ്പുകള്‍ പിന്നീട് കെ പി സി സിയുടെ നിലപാടിന് വഴങ്ങുകയായിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസത്തോടെ സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പുതിയ തലത്തിലേക്കും മാറുകയും ചെയ്യുകയാണ്.

എ,ഐ ഗ്രൂപ്പ് എന്നതില്‍ നിന്ന് മാറി എ ഐ സി സി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍-വിഡി സതീശന്‍ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പും ര​മേ​ശ്​ ചെ​ന്നി​ത്ത​ല, കെ. ​സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തില്‍ മറ്റൊരു ഗ്രൂപ്പും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിരക്കിട്ട ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇരുകൂട്ടരും മറുവഴി തേടുന്നുണ്ട്. എന്നാല്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉറച്ച നിലപാടിൽ തന്നെ. പുനഃസംഘടന ഉടൻ വേണമെന്നാണ് സുധാകരന്റെ നിലപാട്. അതിനിടെ ഹൈക്കമാൻഡ് ഇടപെടലോടെ രൂക്ഷമായ പുനഃസംഘടനാ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തെ കോൺഗ്രസിൽ സമവായശ്രമം തുടങ്ങി. സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചർച്ച നടത്തും

സംഘടനാ തിരഞ്ഞെടുപ്പിന്റെ അംഗത്വ പ്രചാരണം ഈ മാസം പൂർത്തിയാക്കേണ്ടതുണ്ട്. അതിനു മുൻപു പുനഃസംഘടന നടത്തും. അല്ലാത്ത പക്ഷം പുനഃസംഘടനാ പ്രക്രിയ ഉപേക്ഷിക്കേണ്ടി വരും. ഇത് സുധാകരൻ അംഗീകരിക്കില്ല. സമവായത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തും. ഇരുവരും ഇന്നലെ ഫോണിൽ ബന്ധപ്പെട്ടു. പുനഃസംഘടനയാണ് ഉദ്ദേശ്യമെങ്കിൽ പാർട്ടിയിൽ അവിശ്വാസവും അകലവും വർധിപ്പിക്കാതെ അതു പൂർത്തിയാക്കും. എയും ഐയും ഇക്കാര്യത്തിൽ സുധാകരനൊപ്പമാണ്. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും അന്തിമ പട്ടിക പുറത്തിറക്കുന്നതിനു മുൻപ് എല്ലാ പ്രധാന നേതാക്കളേയും കാണിച്ചേക്കും

കെസി വേണുഗോപാൽ പരസ്യമായി പ്രശ്‌നങ്ങളോട് പ്രതികരിച്ചിട്ടില്ല. കെസി ഇടഞ്ഞു നിന്നാൽ പുനഃസംഘടന പൊളിയും. ഇത് കേരളത്തിലെ കോൺഗ്രസിൽ കലാപമാകാനും സാധ്യതയുണ്ട്. അങ്ങെനെ ഒരു സാഹചര്യം എയും ഐയും മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ പരമാവധി കരുതലുകൾ അവർ എടുക്കുന്നു. കെ മുരളീധരനെ മുന്നിൽ നിർത്തി ഐ ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. സുധാകരനും വേണുഗോപാലും തമ്മിലെ ഭിന്നത പരമാവധി അവർ വിനിയോഗിക്കും.പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം വന്നെങ്കിലും, മുന്നോട്ടെന്ന നിലപാടാണു സുധാകരന്റേത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ ആറുമാസംകൊണ്ടു പുനഃസംഘടനയെന്നായിരുന്നു സുധാകരന്റെ പ്രഖ്യാപനം. ഗ്രൂപ്പ് താൽപര്യങ്ങളുടെയും പാരവയ്പിന്റെയും പേരിൽ പല പ്രതിസന്ധികളുണ്ടായെങ്കിലും അന്തിമഘട്ടത്തിലെത്തിച്ചു

ഇനി പിന്നോട്ടു പോകില്ല. എന്തുവന്നാലും പുനഃസംഘടന നടത്തണമെന്നാണ് സുധാകരന്റെ നിലപാട്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സുധാകരന് പിന്തുണയുമായുണ്ട്. വിഡി സതീശനും കേസി വേണുഗോപാലുമാണ് പുനഃസംഘടനയെ എതിർക്കുന്നത്.പുനഃസംഘടനയിൽ കെപിസിസി ഓഫിസിൽ ചർച്ചകൾ തുടർന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ നേതാക്കൾ സജീവമായിരുന്നു. ഹൈക്കമാൻഡിനെ ധിക്കരിക്കേണ്ടെന്നും വലിയ പരാതികളില്ലാതെ പട്ടിക പുറത്തിറക്കണമെന്നുമുള്ള ധാരണയാണു ആസ്ഥാനത്തു രൂപപ്പെട്ടത്

കെപിസിസി നേതൃത്വത്തെ പൂർണ വിശ്വാസത്തിലെടുക്കുന്നുവെന്ന വികാരമാണ് ‘ഐ’ ഗ്രൂപ്പ് അറിയിച്ചത്. ഡിസിസി ഭാരവാഹിത്വത്തിൽനിന്നു തള്ളപ്പെടുന്നവരെ എക്‌സിക്യൂട്ടീവിൽ എടുക്കണമെന്ന നിർദ്ദേശം ‘ഐ’ ഗ്രൂപ്പ് വച്ചിരുന്നു. ആ നിലയ്ക്കാണു ഗ്രൂപ്പ് പട്ടിക കൊടുത്തത്. എന്നാൽ എക്‌സിക്യൂട്ടീവ് ഈ ഘട്ടത്തിൽ ഉണ്ടാകില്ല.പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിഡി സതീശനും കെ സുധാകരനും തമ്മിലുള്ള ചർച്ച ഉടന്‍ നടക്കും. തർക്കം ഒഴിവാക്കാന്‍ സുധാകരന്‍ തയ്യാറാണ്

എന്നാല്‍ പുനഃസംഘടന ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഒത്തുതീർപ്പിനും അദ്ദേഹം തയ്യാറല്ല. വേണമെങ്കില്‍ ഡി സി സി ഭാരവാഹികളുടെ എണ്ണത്തില്‍ നേരിയ വർധന അംഗീകരിക്കാനും കെ പി സി സി തയ്യാറാക്കിയ അന്തിമ കരട് പട്ടികയില്‍ ചില വിട്ട് വീഴ്ചകള്‍ക്കും സുധാകരന്‍ തയ്യാറാണ്. പാർട്ടിയെ പിന്‍വാതിലിലൂടെ കൈപ്പിടിയില്‍ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് വഴങ്ങാനില്ലെന്ന കൃത്യമായ സൂചനയാണ് കെ സുധാകരന്‍ നല്‍കുന്നത്.

നേതൃത്വം ഇനിയും കടുത്ത തീരുമാനം തുടർന്നാല്‍ ഈ ​നി​ല​യി​ൽ കെ പി സി സി അ​ധ്യ​ക്ഷ​നാ​യി തു​ട​രു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെന്ന കാര്യവും സുധാകരന്‍ എ ഐ സി സിയെ അറിയിച്ചിട്ടുണ്ട്. കെസി വേണുഗോപാവും വിഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയമാണ് സുധാകരന്‍ അനുകൂലികള്‍ ഉയർത്തുന്നത്. സംഘടനാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ടെങ്കിലും പുനഃസംഘടനയ്ക്ക് തടസ്സമില്ലെന്നായിരുന്നു ധാരണ. എന്നാല്‍ ഇപ്പോഴത്തെ ഈ അസാധാരണ നീക്കത്തിന് പിന്നില്‍ ചില നീക്കങ്ങള്‍ ഉണ്ടെന്ന് സുധാകരന്‍ അനുകൂലികള്‍ ഉറച്ച് വിശ്വസിക്കുന്നു.അതിനിടെ കോൺഗ്രസിലെ പഴയ ഐ ഗ്രൂപ്പുകള്‍ വൈര്യം മറന്ന് ഒന്നിക്കുകയാണ്

.അതിന്‍റെ ഭാഗമായി രമേശ് ചെന്നിത്തലയും കെ.മുരളീധരനും വീണ്ടും ഒന്നിക്കുകയാണ്. വി.ഡി.സതീശനും കെ.സുധാകരനും അടങ്ങുന്ന പുതിയ നേതൃത്വം വന്നതോടെ അവർക്കൊപ്പമാണ് മുരളി നിലയുറപ്പിച്ചിരുന്നത്. എന്നാൽ വിഡിയും കെസിയും ചേർന്ന് അട്ടിമറികൾ നടത്തുന്നതിൽ മുരളിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് മുരളീധരൻ നിലപാടിൽ മാറ്റം വരുത്തുന്നത്. കരുണാകരന്റെ അനുയായികളെല്ലാം ഒരുമിച്ചു നിൽക്കുക എന്ന ആശയമാണ് ഇരു നേതാക്കളും മുന്നോട്ടു വയ്ക്കുന്നത്. അങ്ങനെ പഴയ ഐ വിഭാഗത്തെ പഴയതു പോലെ വീണ്ടും ശക്തിപ്പെടുത്തുകയാണു ലക്ഷ്യം

പുതിയ നേതൃത്വവുമായി ആദ്യം സഹകരിച്ചെങ്കിലും അർഹമായ പരിഗണന അവർ നൽകുന്നില്ലെന്ന അതൃപ്തിയിലായിരുന്നു മുരളി. ഗ്രൂപ്പിനു സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്ന ചെന്നിത്തല മുരളിയുമായി സംസാരിച്ചു. തൃശൂരിൽ കഴിഞ്ഞ ദിവസം വി.ബാലറാം പുരസ്‌കാരം ചെന്നിത്തലയിൽ നിന്നാണ് മുരളി ഏറ്റു വാങ്ങിയത്. വിഡിയും കെസിയും ഒരുമിച്ച് പുതിയ ‘കെഡി ഗ്രൂപ്പ്’ കോൺഗ്രസിൽ രൂപം കൊണ്ടിട്ടുണ്ട്. അതിനിടെയാണ് മുരളി ഐ ഗ്രൂപ്പിലേക്ക് മടങ്ങുന്നത്. സുധാകരനുമായി ചേർന്നാകും പ്രവർത്തനം.

Eng­lish Sumam­ry: In the State Con­gress, the group equa­tions are shift­ing; Chen­nitha­la and Muraleed­ha­ran are approaching.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.