17 September 2024, Tuesday
KSFE Galaxy Chits Banner 2

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം

കെ എന്‍ ബാലഗോപാല്‍
ധനകാര്യ വകുപ്പ് മന്ത്രി
September 12, 2024 4:30 am

രാജ്യത്ത് പതിനാറാം ധനകാര്യ കമ്മിഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഡോ. അരവിന്ദ് പനഗരിയ ചെയർമാനായുള്ള കമ്മിഷന് മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് നമ്മൾ. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ നിവേദനത്തിന്റെ കരട് തയ്യാറാക്കുന്നതിനായി സാമ്പത്തിക വിദഗ്ധരുടെ ഒരു സമിതിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ധനകാര്യ കമ്മിഷന് മുന്നിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യ മന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്‌നാട് ധനകാര്യ മന്ത്രി തങ്കം തെന്നരശ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സാമ്പത്തിക‑ധനകാര്യ മേഖലയിലെ വിദഗ്ധരും കോൺക്ലേവിന്റെ ഭാഗമാകും. 

ഇന്ത്യൻ ഭരണഘടനയുടെ 280-ാം അനുച്ഛേദ പ്രകാരം രൂപീകരിക്കപ്പെട്ട കേന്ദ്ര ധനകാര്യ കമ്മിഷന്റെ പ്രധാന ചുമതല കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കുകയുമാണ്. വ്യത്യസ്തവും നാനാത്വങ്ങൾ നിറഞ്ഞതുമായ രാജ്യത്തെ ഓരോ സംസ്ഥാനങ്ങളുടെയും സവിശേഷതകൾ മനസിലാക്കി സന്തുലിതമായി നികുതിവിതരണം നിർവഹിക്കേണ്ട ചുമതലയാണ് കമ്മിഷന്. രാജ്യത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങൾക്ക് നീതിയുക്തമായി ലഭിക്കുന്നതിനുള്ള തീരുമാനങ്ങളും കമ്മിഷനാണ് കൈക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ ധനകാര്യ കമ്മിഷനുകളുടെ മുന്നിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും സമഗ്രമായി അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത് സാമ്പത്തിക ഫെഡറലിസം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുകയാണ്. കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക പരിഗണന ലഭിക്കുന്നില്ല. നീതിപൂർവകമല്ലാത്ത വിഭവ വിതരണമാണുണ്ടാകുന്നത്. ഭരണഘടനാ നിർമ്മാണ സഭയിൽത്തന്നെ ഉയർന്നുവന്ന പ്രധാനപ്പെട്ട നിർദേശം രാജ്യവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ അധികാര പരിധിയെക്കുറിച്ചായിരുന്നു. സംസ്ഥാനങ്ങൾക്ക് തനതായ നികുതി അധികാരങ്ങൾ അനുവദിച്ചുനൽകണമെന്നും സാമ്പത്തിക സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങൾ സുസ്ഥിരമായ യൂണിയന് അത്യാവശ്യമാണെന്നും ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശില്പികൾ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ രൂപപ്പെട്ടത് ഇത്തരം ചർച്ചകളിലൂടെയായിരുന്നു. എന്നാൽ സാമ്പത്തികാധികാരങ്ങൾ കേന്ദ്ര സർക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന നടപടികളാണ് പിൽക്കാലത്തുണ്ടായത്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സംസ്ഥാനങ്ങളുടെ ഉത്തമ താല്പര്യങ്ങൾ സമ്പൂർണമായും ഹനിക്കുന്ന നയ സമീപനങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. ജിഎസ്‌ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം പൂർണമായും ഇല്ലാതായി. പെട്രോൾ, ഡീസൽ, മദ്യം പോലുള്ള പരിമിതമായ വിഭവങ്ങൾക്ക് മാത്രമേ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ളൂ. 15-ാം ധനക്കമ്മിഷന്‍ റിപ്പോർട്ടിൽ പറയുന്നത് രാജ്യത്തെ ആകെ പൊതു ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കുന്നു എന്നാണ്. എന്നാൽ ആകെ വരുമാനത്തിന്റെ 63 ശതമാനവും കേന്ദ്രത്തിന് ലഭിക്കുന്നു. സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ട ഡിവിസിബിൾ പൂളിലേക്ക് വരുമാനം വരുന്നത് തടയാനായി സെസ്, സർചാർജ് തുടങ്ങിയവ ധാരാളമായി ചുമത്തുന്നു. സെസും സർചാർജും സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ടതില്ലാത്ത കേന്ദ്രത്തിന് മാത്രം ലഭിക്കുന്ന വരുമാനമാണ്. 2011–12ൽ സെസ്, സർചാർജ് എന്നിവ നികുതി വരുമാനത്തിന്റെ 9.4 ശതമാനമായിരുന്നുവെങ്കിൽ 2022–23ൽ 22.8 ശതമാനമായി ഉയർന്നിരിക്കുന്നു. 

സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കേന്ദ്രം പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിന്റെ 41 ശതമാനമാണ് തിരികെ വിതരണം ചെയ്യുന്ന ഡിവിസിബിൾ പൂളായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ സെസും സർചാർജും പെരുകിയതോടെ ഫലത്തിൽ 29.6 ശതമാനം നികുതി മാത്രമാണ് സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കപ്പെടുന്നത്. ഇത്തരത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെട്ടു. നിലവിലെ സാമ്പത്തിക വിതരണ സമ്പ്രദായം സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാകേണ്ടതുണ്ട്. ഫെഡറൽ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ധനക്കമ്മിഷനുണ്ട്. ജിഎസ്‌ടി നടപ്പിലാവുകയും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും വ്യാപകമാക്കുകയും ചെയ്യുന്ന സാഹചര്യവും, ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വീതം നൽകുന്ന അനുപാതത്തിലെ നീതിരാഹിത്യവും പരിഹരിക്കണം.

പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് ഡിവിസിബിൾ പൂളിൽനിന്നും കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന നികുതി വിഹിതം 3.875 ശതമാനമായിരുന്നു. അതായത് 100 രൂപ സംസ്ഥാനങ്ങൾക്കിടയിൽ വീതംവയ്ക്കുമ്പോൾ നമുക്ക് 3.875 രൂപ ലഭിക്കുമായിരുന്നു. എന്നാൽ 15-ാം കമ്മിഷന്റെ കാലമായപ്പോഴേക്കും അത് 1.92 ശതമാനമായി വെട്ടിക്കുറച്ചു. രാജ്യത്തിന്റെ ജനസംഖ്യയുടെ 2.76 ശതമാനം അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യാനുപാതികമായ നികുതിവിഹിതം പോലും നമുക്ക് നിഷേധിക്കപ്പെടുകയാണ്. അതേസമയം ഉത്തർപ്രദേശിന് 10-ാം കമ്മിഷന്റെ കാലത്ത് ലഭിച്ചിരുന്നത് 17.8 ശതമാനം നികുതി വിഹിതമായിരുന്നത് 15-ാം കമ്മിഷന്‍ കാലത്ത് 17.9 ശതമാനമായി വർധിച്ചു.
ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതം നിശ്ചയിക്കാൻ അടിസ്ഥാനമാക്കുന്ന ഘടകങ്ങൾ പലതും കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാനുതകുന്നവയല്ല. നാം കൈവരിച്ച മാനവശേഷി വികസനവും നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളും അയോഗ്യതയായി പരിഗണിക്കപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം. 1976ലെ ദേശീയ ജനസംഖ്യാ നയത്തിന്റെ ഭാഗമായുള്ള ലക്ഷ്യങ്ങൾ കൈവരിച്ചതിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുക എന്നത് നീതികരിക്കാനാവുന്നതല്ല. 16-ാം ധനകാര്യ കമ്മിഷൻ ഇത്തരം അസന്തുലിതാവസ്ഥകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രാജ്യത്തിന്റെ നികുതി വരുമാനം വീതംവയ്ക്കുന്നതില്‍ തിരശ്ചീനവും ലംബവുമായ അസന്തുലിതാവസ്ഥ നിലനിൽക്കുകയാണ്. തനത് വരുമാനം വർധിക്കുമ്പോഴും ആകെ പൊതുചെലവുകൾ സംസ്ഥാനങ്ങൾക്ക് നിർവഹിക്കാൻ കഴിയാതെ വരുന്നു. കേന്ദ്ര സർക്കാർ നൽകുന്ന നികുതിവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവാണ് ഇതിന് കാരണം. അർഹമായ വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. ആകെ നികുതി വരുമാനത്തിന്റെ 79 ശതമാനവും സംസ്ഥാനം തന്നെ കണ്ടെത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേന്ദ്രത്തിൽ നിന്നുള്ള വിഹിതം 21 ശതമാനം മാത്രമാണ്. രാജ്യത്തിന്റെ പൊതുവായ കണക്കെടുക്കുമ്പോൾ സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിൽ 65 ശതമാനം വരെ കേന്ദ്രവിഹിതമാണ്. ചില സംസ്ഥാനങ്ങൾക്ക് 70 ശതമാനത്തിനു മുകളിൽ ലഭിക്കുന്നുമുണ്ട്. അവിടെയാണ് കേരളത്തിന് 21 ശതമാനം മാത്രം ലഭിക്കുന്നത്. 45 ശതമാനം വരെ കേന്ദ്രവിഹിതം ലഭിച്ചിരുന്നതാണ് ഇപ്പോൾ 21 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കപ്പെട്ടത്. 

അന്തർ സംസ്ഥാന ചരക്ക് സേവന നികുതി (ഐജിഎസ്‌ടി)യുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിന് അർഹമായ വരുമാനം ലഭിക്കുന്നില്ല. ജിഎസ്‌ടി കൗൺസിലിൽ ഈ വിഷയം പലതവണ ഉന്നയിച്ചിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്ന ഉല്പന്നങ്ങളുടെ അളവ് ഭീമമാണ്. എന്നാൽ ഇതിനാനുപാതികമായ നികുതി വരുമാനം ലഭിക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ്. ജിഎസ്‌ടി സംവിധാനത്തിന്റെ ഈ അപാകത സംസ്ഥാനത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതം കുറച്ചുകൊണ്ടുവരികയും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് സാമ്പത്തിക ബാധ്യത കയറ്റിവയ്ക്കുകയും ചെയ്യുന്ന തീരുമാനങ്ങളും തുടർച്ചയായി ഉണ്ടാകുകയാണ്. ഇതോടെ പദ്ധതികൾ നടത്തിക്കൊണ്ടു പോകുക എന്നത് സംസ്ഥാനങ്ങളുടെ മാത്രം ചുമതലയായി മാറുന്നു. ഒരുവശത്ത് വരുമാനത്തിൽ വൻ വെട്ടിക്കുറവ് ഉണ്ടാകുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തം വർധിക്കുകയും ചെയ്യുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് കേരളം പോലെയുള്ള സംസ്ഥാനങ്ങൾ നേരിടുന്നത്. 

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 30,000 കോടിയുടെ വർധനവാണുണ്ടായത്. 2020–21 ലെ 47,000 കോടി രൂപയിൽ നിന്ന് 2023–24 ൽ 77,000 കോടി രൂപയായി ഉയർന്നു. എന്നാൽ ഈ വളർച്ചയുടെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. കേന്ദ്ര വിഹിതം ഓരോ വർഷവും കുറയുന്നത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള പ്രധാനപ്പെട്ട ചുമതല ധനകാര്യ കമ്മിഷനാണ്. സാഹചര്യം സൂക്ഷ്മമായി മനസിലാക്കി നയരൂപീകരണം നടത്തുവാൻ കമ്മിഷൻ തയ്യാറാകണം.
കടപരിധിയിൽ തീരുമാനം കൈക്കൊള്ളുന്നതും ധനകാര്യ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. മുൻ ധനകാര്യ കമ്മിഷന്റെ ശുപാർശകളനുസരിച്ച് ലഭ്യമാകേണ്ട അർഹമായ കടപരിധിയും വെട്ടിക്കുറയ്ക്കുക എന്ന ചരിത്രത്തിൽത്തന്നെ അത്യപൂർവമായ സ്ഥിതിവിശേഷമാണ് സംസ്ഥാനം നേരിടുന്നത്. ഇത്തരത്തിൽ, തങ്ങൾ തന്നെ അംഗീകരിച്ച ധനക്കമ്മിഷൻ ശുപാർശകളിൽ നിന്നുപോലും വ്യതിചലിക്കുന്ന കേന്ദ്രനിലപാടുകൾ കാരണം ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത് കേരളമാണ്. 

ഊർജമേഖലയിൽ പരിഷ്കാരങ്ങൾക്ക് ലഭ്യമാക്കുന്ന 0.5 ശതമാനം ഉൾപ്പെടെ 3.5 ശതമാനം കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ട്. എന്നാൽ 2022–23ൽ 2.44 ശതമാനവും 2023–24ൽ 2.9 ശതമാനവും മാത്രമാണ് കടമെടുക്കാൻ അനുവദിച്ചത്. ഇതുമൂലം ഏതാണ്ട് 16,000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് സംസ്ഥാനത്തിനുള്ളത്. വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും ക്ഷേമ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിലും വലിയ പ്രത്യാഘാതമാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇത്തരം വിഷയങ്ങളിൽ അഭിപ്രായം സ്വരൂപിക്കാൻ കൂടിയാണ് ദേശീയ കോൺക്ലേവ് കേരളം മുൻകയ്യെടുത്ത് സംഘടിപ്പിക്കുന്നത്. നിലവിലെ സാമ്പത്തിക വിതരണ സമ്പ്രദായം സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാകേണ്ടതുണ്ട്. ഫെഡറൽ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ധനക്കമ്മിഷനുണ്ട്. ജിഎസ്‌ടി നടപ്പിലാവുകയും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും വ്യാപകമാക്കുകയും ചെയ്യുന്ന സാഹചര്യവും, ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വീതം നൽകുന്ന അനുപാതത്തിലെ നീതിരാഹിത്യവും പരിഹരിക്കപ്പെടണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.