18 December 2024, Wednesday
KSFE Galaxy Chits Banner 2

പ്ലസ്ടു ക്ലാസിലെ പെൺകുട്ടി

വിജിഷ വിജയൻ എഴുതിയ കഥ
Janayugom Webdesk
July 17, 2023 6:13 pm

‘കഴിഞ്ഞാഴ്ച ഞാനിട്ട ഇളംവയലറ്റ് നെയിൽപോളീഷ് നോക്കിയിരുന്നോ?

മോതിരവിരലിൽ അല്പം കട്ടിയായി സൗന്ദര്യബോധമില്ലാതെ തേച്ച് വെച്ചതോ?

നിങ്ങളത് കാണാൻ വഴിയില്ല, അടുത്ത് കിടക്കുന്ന ശത്രുവാണ് ഭർത്താവെന്ന് അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്’.

‘വേദാന്തം തുടങ്ങിയോ?’

വാസുകിയുടെ പിറുപിറുക്കലിന് രാകേഷ് പല്ലുകടിച്ചു.

‘എന്നോ അമ്മമ്മ പറഞ്ഞതും വെച്ച് നീ ഡയലോഗ് അടിക്കുന്നതിന്റെ കാര്യം മനസ്സിലാവുന്നേയില്ല വസൂ’

രാകേഷ് കളിയാക്കി.

‘വീണ ടീച്ചർ വന്നിരുന്നു ഇന്ന്?

അവള് ഡിവോസ്ഡായി’.

‘ആഹാ, നിന്റെ ആത്മമിത്രമായിരുന്നല്ലോ, എന്ത് പറയുന്നു’

രാകേഷ് ചോദിച്ചു.

‘ഏയ് ഞങ്ങള് കുറേ സംസാരിച്ചു. ചുമ്മാ ഓരോ പഴയ കാര്യങ്ങൾ’.

ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോൾ ഷഹീൻ മിസ്രിയുടെ സോഷ്യൽ സെർവീസിനെ പറഞ്ഞപ്പോൾ അനാഥാലയങ്ങളെക്കുറിച്ച് ചർച്ച ചെയ്തതും തുടർന്നുണ്ടായ സംഭവങ്ങളും.

മുൻപൊക്കെ

അനാഥാലയങ്ങളെക്കുറിച്ച് എന്ത് പറഞ്ഞാലും സ്നേഹയെന്ന പെൺകുട്ടിയുടെ കണ്ണ് നിറയുന്നതിനെക്കുറിച്ച്.

അന്ന് അതിന്റെ കാരണം തിരക്കിയപ്പോൾ വീണടീച്ചറല്ലേ പറഞ്ഞത് അവൾ അനാഥാലയത്തിലെ കുട്ടിയാണെന്ന്.

കൊചൗസേപ്പിന്റെ ചായക്കടയുടെ അപ്പുറത്താണ് സീതിഹാജിയുടെ ഓലപ്പുര. സറസറോന്ന് മഴ പെയ്യുന്ന രാത്രിയാണ് മകൾ സൂറാബി കടിഞ്ഞൂൽ പെറ്റത്. വലിയ കണ്ണുള്ള ഒരു സുന്ദരിവാവ. സൂറാബിക്ക് പ്രായം പതിനേഴ്. കുഞ്ഞിന് കാണിച്ചു കൊടുക്കാൻ ഉപ്പയില്ലാത്ത പേറായത് കൊണ്ട് നാട്ടുകാര് മൂക്കത്ത് വിരൽവെക്കുമെന്നതിൽ സംശയമില്ല

ഹാജി പേടിച്ചു. പൊക്കിൾക്കൊടി മുറിച്ച രക്തബന്ധം പാടേ അവഗണിക്കാൻ വയ്യാതെ സൂറാബി നൊന്തു. ഹാജി ഭീകരജീവിയായി. ഒടുക്കം ഹാജി തന്നെ വിജയിച്ചു. ചോരക്കുഞ്ഞിനെ അനാഥാലയത്തിൽ ഏല്പിക്കുമ്പോൾ സ്നേഹം ചാലിച്ചിട്ട പേരാവാം സ്നേഹ!

വീണ ടീച്ചർ രാജകീയമായി പറഞ്ഞു നിർത്തി.

അവൾ അതിമനോഹര ചിത്രകാരിയായിരുന്നു. കഥകളി നടൻ കോട്ടക്കൽ മുരളിയെ വരച്ചതിന് സ്കൂളിൽ നിന്ന് അവൾക്ക് പ്രത്യേക അനുമോദനം കിട്ടിയിരുന്നു.

ഓരോ ദിവസത്തെയും കാര്യങ്ങൾ അന്ന് തന്നെ ഓർത്തെടുക്കുന്ന സ്വഭാവമുള്ളത് കൊണ്ടുതന്നെ വാസുകി കുറേ നേരം ചിന്തിച്ചു. ചിന്തയ്ക്കും അപ്പുറത്തുള്ള നടവരമ്പുകളിൽ ഒറ്റക്കൊരു പെണ്ണ് യാത്ര ചെയ്യുന്നു. ചിരിച്ചുകൊണ്ട് കരയുന്ന,

കദനങ്ങൾ കൊണ്ട് കഴുത്തറുക്കാൻ കെൽപ്പുള്ള ഒരു സാധാരണ പെണ്ണ്. അമ്മ മരിച്ചതിൽപ്പിന്നെ അനാഥത്വം മുറവിളി കൂട്ടിയ ബാല്യത്തിന്റെ ചുട്ടുപൊള്ളലായിരുന്നു അവളുടെ ആത്മധൈര്യം.

മകൻ കാർത്തിക് മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന കാലമോർത്തു. അൽബേനിയയിലെ ആഗ്നസിന്റെ കഥ അവൻ തപ്പിത്തപ്പി വായിക്കും. സഹോദരൻ ലാസറിനെയും, ചേച്ചി എജ് നേയും പറയുമ്പോൾ കാർത്തിക്ക് മുഖത്തേക്ക് തുറിച്ചു നോക്കും.

തപ്പുന്ന വാക്കുകളെ തിരുത്തി കാണിക്കുക അമ്മയുടെ കടമയാണല്ലോ.

‘ആരും കാണില്ലെന്ന് കരുതി ഒരിക്കലും തെറ്റു ചെയ്യരുത്’ എന്ന കഥയിലെ അമ്മവാക്യം അവൾ ഓർമ്മിപ്പിക്കും.

മദർ തെരേസയുടെ കഥയാണിത്. ഇതിലെ ഹോംഗ്സ് ആണ് മദർ തെരേസ.

‘അതാരാ മമ്മീ?’ എന്ന മകന്റെ ചോദ്യത്തിൽ അലിഞ്ഞില്ലാതെയാവും പലപ്പോഴും ജീവിതത്തോടുള്ള വിദ്വേഷം.

എല്ലാം ഓർമ്മയായി. ചാർട്ടേഡ് അക്കൗണ്ട് ആയ അവനിന്ന് സംശയങ്ങളേ ഇല്ലാതായി. ഏത് നേരവും തിരക്കോട് തിരക്ക്.

സ്നേഹയുമായുള്ള ഗുരുശിഷ്യ ബന്ധം നല്ല രീതിയിൽ നീണ്ടു പോയി.

എവിടെയാണ് അവളുടെ താമസം?

‘അനാഥ’ എന്ന പേര് അവൾക്ക് യോജിച്ചതാണോ?

എന്തോ നിരാശ ബാധിച്ച പോലെ.

ക്ലാസ്സ്മുറിയിൽ ഒരു കുട്ടിയോട് മാത്രം പ്രത്യേക മമത കാണിക്കരുതെന്ന അദ്ധ്യാപകദർശനം നമ്മൾ പാലിക്കണമല്ലോ. അന്നൊക്കെ മലയാളം ടീച്ചർ വീണയാണ് ആത്മമിത്രം. അവളെയും കൂട്ടി ‘എയിഞ്ചൽസ്‘ലേക്ക് നടക്കുമ്പോൾ ഹൃദയം മിടിച്ചു.

‘എന്തിനാണ് ടീച്ചർക്ക് ഇത്ര ടെൻഷൻ? അതും ആരുമില്ലാത്ത ഒരു കൊച്ചിനെക്കുറിച്ച്’.

‘അങ്ങനെ പറയരുത് അവൾക്കുള്ളതല്ലേ ലോകം മുഴുവൻ. ഇപ്പൊ നമ്മളും’.

കയ്യിൽ കരുതിയ മിഠായികൾ വാസുകി മുറുകെപ്പിടിച്ചു.

എന്തിനാണ് അവളുടെ കാര്യത്തിൽ തനിക്കിത്ര വേവലാതി. ആരാണവൾ?

‘വാസുകീ, ദൗർബല്യവും പ്രതിഭയും തമ്മിലുള്ള ഏറ്റുമുട്ടലാണ് സാധാരണ മനുഷ്യന്റെ ജീവിതം അല്ലേ?’

വാസുകി അല്പനേരം മൗനത്തിലാണ്ടു. പെട്ടന്ന് മറുപടി പറഞ്ഞു.

‘ശരിക്കും അസാധാരണ മനുഷ്യരുണ്ടോ വീണാ?

ഏയ്, ഇല്ല. ഉണ്ടെങ്കിൽ മറ്റുള്ള മനുഷ്യരിങ്ങനെ വേദനിക്കേണ്ടി വരുമോ?’

ശരിയാണ്, ശരിയാവാം!

എയ്ഞ്ചൽസിന്റെ വാതിലിൽ സ്നേഹ കാത്തിരിപ്പുണ്ട്. അയ്യായിരത്തിഒന്ന് രൂപ ഓഫീസ്റൂമിലെ ചേച്ചിക്ക് കൊടുത്ത് വാസുകി ഹാളിലേക്ക് കടന്നു. വലിയ കരഘോഷം അവരെ കാത്തിരുന്നു. പാടിയും പറഞ്ഞും എത്രയെത്ര നേരങ്ങൾ. ഓരോ മാസവും അവളെ കാണാൻ പോകുന്നത് പതിവായി.

വീണ ടീച്ചർ പലപ്പോഴും സംശയാസ്പതമായി നോക്കിയെങ്കിലും ഊഷ്മളമായ ബന്ധത്തെ എതിർക്കാൻ തയ്യാറായില്ല.

ഒരു ദിവസം വീണ വാസുകിയോട് ചോദിച്ചു.

‘ടീച്ചറേ നിങ്ങൾക്ക് കുറേ രഹസ്യങ്ങൾ ഉള്ള പോലെ തോന്നുന്നു’.

വാസുകി അപ്പോൾ തത്വശാസ്ത്രങ്ങൾ നിരത്തും.

‘എപ്പോഴുമിങ്ങനെ തുറന്ന പുസ്തകമാവരുത് വീണാ മുഴുവനായി വായിച്ചു തീർന്നാൽ എല്ലാം മടുത്തു പോകും’.

‘കാര്യം നിങ്ങള് ഇംഗ്ലീഷും, ഞാൻ മലയാളവും ആണെങ്കിലും സാഹിത്യം നിങ്ങളുടേത് തന്നെ ഗംഭീരം’.

വീണ ടീച്ചർ ചിരിച്ചു. അവൾ ട്രാൻസ്ഫർ ആയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഇന്ന് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്.

‘സ്നേഹയെക്കാണുമ്പോൾ സർപ്രൈസ് ആകും അല്ലേ രാകേഷ്?’

‘മ്മ് മിക്കവാറും’.

കാർത്തികിനെക്കൊണ്ട് അവളെ കല്യാണം കഴിപ്പിച്ചത് അനാഥത്വത്തിന്റെ വേദന അറിയുന്നത് കൊണ്ട് തന്നെയാണ്. ആരുമില്ലാതായിപ്പോകുന്ന മനുഷ്യരുടെ ആരെങ്കിലുമൊക്കെ ആകുന്നത് രസമാണ് രാകേഷ്, രസമാണ്.

അതെ, പ്ലസ് ടു സയൻസ് ക്ലാസിലെ പെൺകുട്ടിയിൽ നിന്ന് സ്നേഹ എത്രയോ മാറി. അലഹാബാദിലേക്ക് യാത്ര തിരിക്കുമ്പോൾ കൂടെ വരുന്നോ എന്ന് നമ്മുടെ മോൻ ചോദിച്ചപ്പോൾ ഇല്ല, അച്ഛനും അമ്മയും ഒറ്റക്കാവും എന്ന ഉത്തരത്തിൽ സനാഥരായത് നമ്മളല്ലേ വാസുകീ…’

Eng­lish Summ­ry: Plus 2 class girl- Malay­alam Sto­ry, writ­ten by Vijisha Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.