തുടര്‍ച്ചയായ പരാജയങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും, പാര്‍ട്ടിയുടെ നിയന്ത്രണം അരക്കിട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നീക്കങ്ങള്‍ തുടങ്ങി. താന്‍ മാത്രമാണ് പാര്‍ട്ടിയുടെ അധികാരസ്ഥാനമെന്നത് തെളിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോണിയാ ഗാന്ധി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിനുശേഷം പാര്‍ട്ടിക്കുള്ളില്‍ നിന്ന് അതിശക്തമായ വിമര്‍ശനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും സോണിയ നയിക്കുന്ന ദേശീയ നേതൃത്വത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു.
പാര്‍ട്ടിയില്‍ അഴിച്ചുപണി വേണമെന്ന് നേരത്തെ മുതല്‍ ആവശ്യപ്പെട്ടിരുന്ന ജി23 സംഘത്തിലെ പല നേതാക്കളും പരസ്യ പ്രതികരണങ്ങളുമായി രംഗത്തുവന്നു. ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറി, മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന് മുതിര്‍ന്ന നേതാവായ കപില്‍ സിബല്‍ തുറന്നടിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തന്റെ അധികാരവും നേതൃസ്ഥാനവും കൈവിടാന്‍ തയാറല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, നിയന്ത്രണം കൂടുതല്‍ ശക്തമാക്കി സോണിയ മുന്നോട്ടുവന്നത്.
ജി23 ഉയര്‍ത്തിയ വെല്ലുവിളിയെ നേരിടുന്നതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ സോണിയാ ഗാന്ധിയുള്ളത്. വിമത ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ഗുലാം നബി ആസാദിനെയും തുടര്‍ന്ന് ആനന്ദ് ശര്‍മ, മനീഷ് തിവാരി, വിവേക് തന്‍ഖ എന്നിവരെയും നേരില്‍ കണ്ട് കോണ്‍ഗ്രസ് അധ്യക്ഷ ചര്‍ച്ചകള്‍ നടത്തി. ഈ യോഗത്തിനുശേഷം ജി23 ഗ്രൂപ്പില്‍ നിന്ന് കാര്യമായ വിമര്‍ശനങ്ങളൊന്നും ഉയര്‍ന്നുവന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടി പുനഃസംഘടനയോടെ ഇവര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കിയേക്കും. പാര്‍ലമെന്ററി ബോര്‍ഡിലും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും ജി 23നേതാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കും. നയരൂപീകരണ സമിതികളില്‍ ഉള്‍പ്പെടുത്താനും ആലോചനയുണ്ട്.
തെരഞ്ഞെടുപ്പിനുശേഷം നടന്ന ദേശീയ പ്രവര്‍ത്തകസമിതി യോഗം സോണിയ‑രാഹുല്‍-പ്രിയങ്ക ഗാന്ധിമാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച് പിരിയുന്നതിനുള്ള സാഹചര്യമൊരുക്കിയതോടെയാണ് പിന്നിടുള്ള നീക്കങ്ങള്‍ സോണിയക്ക് കുറച്ചുകൂടി എളുപ്പമായത്. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം കാഴ്ചവച്ച, പഞ്ചാബ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെയും പിസിസി അധ്യക്ഷന്മാരെ സ്ഥാനത്തുനിന്ന് ഒഴിവാക്കിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷയുടെ നീക്കം തുടങ്ങിയത്.
കഴിഞ്ഞ പത്ത് ദിവസമായി, ചെറിയ വിഷയങ്ങളില്‍പോലും നേരിട്ട് ഇടപെട്ട് തീരുമാനമെടുക്കുന്ന രീതിയാണ് സോണിയ പിന്തുടരുന്നതെന്നാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ പറയുന്നു. സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സംസ്ഥാന നേതൃത്വം വിലക്കിയ വിഷയത്തിലുള്‍പ്പെടെ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടാണ് തീരുമാനമെടുത്തത്. ഇതെല്ലാം പാര്‍ട്ടിയിലുള്ള തന്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
English Summary: Strengthening family rule: Sonia-Rahul camp moves to consolidate power in the party
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.