7 December 2024, Saturday
KSFE Galaxy Chits Banner 2

സിമന്റ് വഞ്ചി തുഴയുന്ന സുകുമാരന്റെ ലക്ഷ്യം വഞ്ചിവീട്

സരിത കൃഷ്ണൻ
കോട്ടയം:
December 5, 2021 9:15 pm

സിമന്റ് കൊണ്ട് നല്ല അടിപൊളി വള്ളം നിർമ്മിക്കാമെന്ന് കാണിച്ചുതരികയാണ് കടുത്തുരുത്തി കപിക്കാട് മാത്തുണ്ണി പറമ്പിൽ സുകുമാരൻ. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി വീട്ടിലേക്ക് അത്യാവശ്യ സാധനങ്ങൾ എത്തിക്കാനും മറ്റും തന്റെ സിമന്റ് വള്ളം ഉപയോഗിക്കുന്നുമുണ്ട് അദ്ദേഹം.

24 വയസുമുതൽ മേസ്തിരിപ്പണി ചെയ്യുന്ന സുകുമാരൻ ഓരോ പണിയിലും വൈവിധ്യങ്ങൾ തേടുന്ന ആളാണ്. അതുകൊണ്ടു തന്നെ തന്റെ രണ്ട് വീടിന്റെയും നിർമ്മാണത്തിലടക്കം പുതുവഴി തേടി അദ്ദേഹം. കല്ലും കട്ടയും പൂർണ്ണമായും ഒഴിവാക്കി ഇരുമ്പ് നെറ്റും സിമന്റും ഉപയോഗിച്ചാണ് വീടിന്റെ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. ഒന്നര ഇഞ്ച് കനത്തിൽ ഭിത്തിയുള്ള വീടുകളുടെ മേൽക്കൂര വാർത്തിട്ടുമുണ്ട്. വർഷങ്ങൾ പിന്നിട്ടിട്ടും വീടിന് യാതൊരു പ്രശ്നങ്ങളും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹംചൂണ്ടിക്കാട്ടുന്നു. രണ്ടാമത്തെ വീട് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ എത്തിച്ചതൊക്കെയും താൻ നിർമ്മിച്ച സിമന്റ് വള്ളത്തിലാണ്. 50 കൊട്ട മെറ്റൽ വരെ വള്ളത്തിൽ ഒരേ സമയം കയറ്റാനാവുമെന്നും അദ്ദേഹം പറയുന്നു.

ചെയ്യുന്ന ഓരോ പ്രവൃത്തിയെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്താൽ നിർമ്മാണത്തിലൊക്കെ വ്യത്യസ്തത കണ്ടെത്താനാവുമെന്നാണ് പത്താംക്ലാസുവരെ മാത്രം വിദ്യാഭ്യാസം നേടിയ സുകുമാരന്റെ വാദം. വെറുതെയിരിക്കുന്ന സമയങ്ങളിലൊക്കെയും സിമന്റ് കൊണ്ട് പലതും നിർമ്മിക്കാൻ ശ്രമിക്കും. വീടിന്റെ അതിരുകളിലൊക്കെയും സുകുമാരൻ നിർമ്മിച്ച പല തരത്തിലുള്ള ചെടിച്ചട്ടികൾ അടക്കം കാണാം. വെള്ളപ്പൊക്കം രൂക്ഷമായ കപിക്കാട് പ്രദേശത്ത് അതിനെ ചെറുക്കാൻ കഴിയുന്ന, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീട് നിർമ്മിക്കുക എന്നതാണ് സുകുമാരന്റെ ലക്ഷ്യം. അതിന്റെ ആദ്യപടിയായാണ് സിമന്റ് വള്ളത്തിന്റെ രൂപകൽപ്പന എന്നും അദ്ദേഹം പറയുന്നു. നിർമ്മാണ സാമഗ്രികൾ അടക്കം ഏകദേശം 25,000 രൂപയാണ് വള്ളത്തിന്റെ നിർമ്മാണ ചെലവ്. അതിൽ തന്നെ ആവശ്യമായ സാധനങ്ങൾ വളരെ കുറച്ചാണ് വേണ്ടി വന്നതെന്ന് അദ്ദേഹം പറയുന്നു. സാങ്കേതിക ചെലവുകൾക്കാണ് പണം ചെലവഴിക്കേണ്ടി വന്നത്. ചില സുഹൃത്തുക്കളും നിർമ്മാണത്തിന്റെ വേളയിൽ സഹായത്തിനെത്തിയെന്നും അദ്ദേഹം ഓർമ്മിച്ചു.

‘ഒന്നും ആരും ചെയ്ത് പഠിപ്പിച്ചതോ, പറഞ്ഞ് പഠിപ്പിച്ചതോ അല്ല. ചെയ്യുന്ന പണികൾ ഓരോന്നും മനസിരുത്തി ചിന്തിച്ച് കണക്കുകൂട്ടി ചെയ്തെടുത്തതാണ്. ആശങ്കകൾ ഏറെയുണ്ടായിരുന്നു. വട്ടാണെന്ന് കളിയാക്കിയവരും ഉണ്ട്. വള്ളം പ്രാവർത്തികമായപ്പോൾ എല്ലാവരും അഭിനന്ദിച്ചു. അദ്ദേഹം പറഞ്ഞു.

ഭാര്യ ലീലയാണ് സുകുമാരന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ. മകൻ സുജിത് ചലച്ചിത്രമേഖലയിൽ ആർട്ട് വർക്ക് ജോലികൾ ചെയ്യുന്നു. മകൾ സൂര്യ ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നത്.

Eng­lish Sum­ma­ry: Suku­maran’s goal is to row a house boat with cement

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.