23 December 2024, Monday
KSFE Galaxy Chits Banner 2

കര്‍ഷകര്‍ക്ക് താങ്ങായി സപ്ലൈകോ

ആർ ബാലചന്ദ്രൻ
ആലപ്പുഴ
April 26, 2022 10:48 pm

വേനൽമഴയെ തുടർന്ന് കോടികളുടെ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ കർഷകർക്ക് കൈത്താങ്ങായി സിവിൽ സപ്ലൈസ് വകുപ്പ്. സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

കർഷകർക്ക് യാതൊരു ബുദ്ധിമുട്ടും നേരിടാതെ മേഖലയിലെ 11 ദേശസാൽകൃത ബാങ്കുകൾ മുഖേനയാണ് പണം നൽകിവരുന്നത്. ഇതുവരെ 94.24 കോടി രൂപയാണ് കർഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുള്ളതെന്ന് കുട്ടനാട് സപ്ലൈകോ പാഡി മാർക്കറ്റിങ് വിഭാഗം ഓഫീസർ അനിൽ കെ ആന്റോ ജനയുഗത്തോട് പറഞ്ഞു. നിർദേശിക്കപ്പെട്ട ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്ക് പിആർഎസ് ലഭിച്ചാലുടൻ പണം വായ്പയായി ലഭ്യമാകും. ഈ തുക പിന്നീട് സർക്കാർ ബാങ്കുകൾക്ക് കൈമാറും.
മുൻകാലങ്ങളിൽ കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ ലഭിക്കുന്നതുവരെ കർഷകർ പണത്തിനായി കാത്തിരിക്കണമായിരുന്നു. എന്നാൽ, കർഷകരുടെ ദുരിതം പരിഗണിച്ചാണ് ബാങ്കുകളുമായി കരാർ ഉണ്ടാക്കി വേഗത്തിൽ തുക ലഭ്യമാക്കിയത്. കർഷകർക്ക് യാതൊരു പരാതികൾക്കും ഇടവരുത്താത്ത രീതിയില്‍ സംഭരണവും പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

താങ്ങുവില പ്രകാരം കേന്ദ്രവിഹിതം 19 രൂപ40 പൈസയും സംസ്ഥാന വിഹിതം എട്ട് രൂപ 60 പൈസയും ചേർത്ത് 28 രൂപ പ്രകാരമാണ് സിവിൽ സപ്ലൈസ് കർഷകരിൽ നിന്ന് സംഭരിക്കുന്നത്. ആകെ 12,500 കർഷകരിൽ നിന്നാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. 62,630.29 മെട്രിക് ടൺ നെല്ല് ഇതുവരെ സംഭരിച്ചു കഴിഞ്ഞു. 13,500 ഹെക്ടർ സ്ഥലത്തെ കൊയ്ത്ത് പൂർത്തിയായി. ബാക്കി 14,000 ഹെക്ടർ സ്ഥലത്തെ സംഭരണം നടക്കാനുണ്ട്. അത് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
കൃഷിക്കാരിൽ നിന്ന് സംഭരിച്ച നെല്ല് ഏറ്റെടുത്ത 40 മില്ലുകളിൽ നിന്ന് അരിയാക്കി റേഷൻ കടകളിലൂടെ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വിത നടത്താൻ നേരിട്ട കാലതാമസമാണ് കൊയ്ത്ത് പൂർത്തിയാക്കാൻ വൈകാന്‍ ഇടയാക്കിയത്. ഇതിനിടെ വേനൽമഴയും എത്തിയതോടെ കൊയ്ത്ത് ദുഷ്ക്കരമായി. മഴ മാറിയതോടെ കുട്ടനാട് പാടശേഖരങ്ങളിൽ കൊയ്ത്ത് പുനരാരംഭിച്ചിരിക്കുകയാണ്. ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ച് കൃഷിവകുപ്പും കർഷകരുടെ സഹായത്തിന് ഒപ്പമുണ്ട്.

Eng­lish Sum­ma­ry: Sup­ply­co to sup­port farmers

You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.