കവി വീരാൻകുട്ടിയുടെ ‘മൺവീറ്’ എന്ന പുസ്തകം കത്തിച്ച്, അത് പ്രൊഫൈൽ ചിത്രമാക്കി പൊതുമധ്യത്തിൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള മുന്നറിയിപ്പുണ്ടായത് മലയാളത്തിലാണ്. ഉത്തരേന്ത്യയിലേക്ക് നോക്കി ഫാസിസം ഫാസിസമെന്ന് പറയുന്നതിനിടയിൽ നമുക്കിടയിൽ അർബുദമായ ഫാസിസത്തെ തിരിച്ചറിയാൻ വെെകിയതിന്റെ ദുരവസ്ഥയാണിത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്കൊപ്പം നിന്നുവെന്നതാണ് പുസ്തകം കത്തിക്കാനിടയാക്കിയത് എന്നത് ബഫർസോൺ കാലത്ത് ഏറെ പ്രസക്തവുമാണ്. സമൂഹമാധ്യമത്തിലിട്ട ഒരുപോസ്റ്റിന്റെ പേരിലാണ് പുസ്തകം കത്തിക്കുകയും അത് പ്രൊഫെെൽ ചിത്രമാക്കുകയും ചെയ്തത്. വിവാദങ്ങൾക്കിടെ വീരാൻകുട്ടി തന്റെ എഫ്ബി പോസ്റ്റ് പിൻവലിച്ചത് കീഴടങ്ങലാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഈ പിൻവലിയൽ കേവലം വ്യക്തിപരമായ കാര്യമാണെന്ന് തള്ളിക്കളയുന്നത് ശുദ്ധ അസംബന്ധമായിരിക്കും. വ്യക്തികളെ ഇരകളാക്കിക്കൊണ്ടുള്ള വിദ്വേഷപ്രചരണങ്ങൾ പൊതു സംവാദത്തെ ഇല്ലാതാക്കുകയും ഏകാധിപത്യ ലോകവീക്ഷണത്തെ മുഖ്യധാരാ ബോധ്യമായി അവതരിപ്പിക്കുകയും ചെയ്യുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര സംവാദത്തിന്റെ അഭാവം സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുക ഫാസിസ്റ്റുകളുടെ കൈപ്പിടിയിലായിരിക്കും. കോളേജ് ലൈബ്രറിയിൽ കണ്ടെത്തിയ പുസ്തകം ഹിന്ദുവിരുദ്ധമാണെന്ന പേരിൽ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി ഇന്നലെ ഉയർത്തിയ ചോദ്യം ജനാധിപത്യ ഇന്ത്യയുടെ നേർക്കാഴ്ചയിലേക്ക് വിരൽചൂണ്ടുന്നു.
‘‘നിങ്ങൾ കാര്യമായിട്ടാണോ ഈ പറയുന്നത്? ’’ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മധ്യപ്രദേശ് സർക്കാരിനോട് ആശ്ചര്യത്തോടെയാണ് ആരാഞ്ഞത്. മധ്യപ്രദേശ് ഇൻഡോറിലെ സർക്കാർ ലോ കോളജ് പ്രിൻസിപ്പൽ ഡോ. ഇനാമുർ റഹ്‍മാനാണ് ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്. ‘കളക്ടീവ് വയലൻസ് ആന്റ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം’ എന്ന പുസ്തകം കോളജ് ലെെബ്രറിയിൽ സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് അദ്ദേഹം കോടതിയിലെത്തിയത്. ‘‘അദ്ദേഹം ഒരു കോളജ് പ്രിൻസിപ്പലാണ്. എന്തിനാണ് നിങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്? ലൈബ്രറിയിൽ കണ്ട ഒരു പുസ്തകത്തിൽ വർഗീയ പരാമർശങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമല്ലേ? 2014 ൽ വാങ്ങിയ പുസ്തകമാണ്. എന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് നിങ്ങൾ കാര്യമായിട്ടാണോ ഈ പറയുന്നത്? നിങ്ങൾക്ക് ഉത്തരവ് ചോദ്യം ചെയ്യണമെങ്കിൽ ആവാം. അത് അപ്പോൾ കൈകാര്യം ചെയ്തുകൊള്ളാം’’- എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഡോ. ഫർഹത്ത് ഖാൻ എഴുതിയ കളക്ടീവ് വയലൻസ് ആന്റ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം എന്ന പുസ്തകം ഹിന്ദു സമൂഹത്തിന് എതിരാണെന്ന് സംഘ്പരിവാർ സംഘടനയാണ് ആരോപിച്ചത്. ഈ പുസ്തകം റഫറൻസിന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നെന്ന് ആരോപിച്ച് ഡോ. റഹ്‍മാനെ ഡിസംബറിൽ എബിവിപിക്കാർ തടഞ്ഞുവച്ചിരുന്നു. ‘കളക്ടീവ് വയലൻസ് ആന്റ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം എന്ന കോഴ്സുണ്ട്. ഇതിന് നിർദിഷ്ട സിലബസ് ഇല്ലാത്തതിനാൽ, വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള പുസ്തകം തെരഞ്ഞെടുക്കാമെന്ന് ഡോ. റഹ്‌മാൻ വിശദീകരിച്ചിരുന്നു. എന്നിട്ടും മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം ആരംഭിക്കുകയും പ്രിൻസിപ്പലിനും പുസ്തകത്തിന്റെ രചയിതാവിനും പ്രസാധകനുമെതിരെ പൊലീസ് കേസെടുക്കുകയുമായിരുന്നു. ആ കേസിലാണ് പ്രിൻസിപ്പൽ മുൻകൂർ ജാമ്യം തേടിയത്. എബിവിപിയുടെ ആരോപണത്തിന്റെ പേരിൽ ഇതേ കോളജിലെ നാല് മുസ്ലിങ്ങളടക്കം ആറ് അധ്യാപകരെ സസ്പെന്റ് ചെയ്തിട്ടുമുണ്ട്.
പുസ്തകം വാങ്ങുന്ന പ്രക്രിയയിലോ പ്രസിദ്ധീകരണത്തിലോ വിപണനത്തിലോ ഹർജിക്കാരന് പങ്കില്ലെന്നും കേസിൽ അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഇനാമുർ റഹ്‍മാന്റെ അറസ്റ്റ് തടഞ്ഞിരുന്നു. മുൻകൂർ ജാമ്യം തേടി മധ്യപ്രദേശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് പ്രിൻസിപ്പൽ നേരത്തെ സുപ്രീം കോടതിയിലെത്തിയത്. ഇപ്പോൾ മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഹർജി തീർപ്പാക്കാൻ തുടങ്ങുമ്പോഴാണ് സുപ്രീം കോടതിയുടെ രൂക്ഷമായ വിമർശനമുണ്ടായത്. മുൻകൂർ ജാമ്യം ചോദ്യം ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നു എന്നുകൂടി ഹർജി തള്ളുമ്പോൾ രേഖപ്പെടുത്തണമെന്ന് സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് ‘അത് അപ്പോൾ കൈകാര്യം ചെയ്തുകൊള്ളാം’-എന്ന് നീതിപീഠം മുന്നറിയിപ്പ് നൽകിയത്. മുഖംമൂടി ധരിച്ച അക്രമികൾ കാമ്പസിനുള്ളിൽക്കടന്ന് വിദ്യാർത്ഥികളെ മർദിക്കുക, ഹോസ്റ്റൽ മുറികളുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറുക, പൊലീസുകാർ ഒന്നുകിൽ നോക്കിനിൽക്കുക അല്ലെങ്കിൽ അക്രമികളെ സഹായിക്കുക ഇതൊക്കെയാണ് ഇപ്പോള്‍ നാട്ടിൽ നടക്കുന്നത്. പലതിനെക്കുറിച്ചും വാചാലനാകുന്ന പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാറില്ല. മതത്തെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തിയാണ് ജനാധിപത്യം ഇന്ത്യയിൽ വേരുറപ്പിച്ചത്. മതത്തെ രാഷ്ട്രീയത്തിന്റെ പ്രധാന കണ്ണിയാക്കിമാറ്റിയാണ് സംഘ്പരിവാര്‍ അധികാരം തേടുന്നത്. ചരിത്രം തങ്ങള്‍ക്കു വേണ്ടിയുള്ള കെട്ടുകഥകളാക്കിമാറ്റാനും നിയമവും നീതിയും തങ്ങളുടെ ചൊല്‍പ്പടിയിലൊതുക്കാനും തീവ്രശ്രമം നടത്തുന്ന ഫാസിസത്തിന്റെ കാലത്ത് സുപ്രീം കോടതിയുടെ ചോദ്യം നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.