27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 24, 2024
July 22, 2024
July 18, 2024
July 18, 2024
July 17, 2024
July 12, 2024
July 5, 2024
July 4, 2024
July 3, 2024

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ അടയിരിക്കരുത്; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി 
തടഞ്ഞുവയ്ക്കുന്നത് അവസാനിപ്പിച്ച് സമവായത്തില്‍ തീരുമാനമെടുക്കണം
ജനപ്രതിനിധികളല്ലെന്ന് തിരിച്ചറിയണം 
Janayugom Webdesk
ന്യൂഡല്‍ഹി
November 6, 2023 10:45 pm

മോഡി സര്‍ക്കാരിനു കീഴിലെ ഗവർണർ രാജിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കുന്നതില്‍ പരമോന്നത കോടതിയിൽ കേസുകൾ എത്തുന്നതുവരെ കാത്തിരിക്കാതെ ഗവർണർമാർ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഗവർണർമാർ ആത്മപരിശോധന നടത്തണം. തങ്ങൾ ജനപ്രതിനിധികളല്ലെന്ന് തിരിച്ചറിയണമെന്നും കോടതി പറഞ്ഞു. ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

കേരളം, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ ഗവർണർ ഒപ്പിടാതെ വൈകിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹര്‍ജി നല്‍കിയിരിക്കുന്നത്. പഞ്ചാബില്‍ അഞ്ചും തമിഴ്‌നാട്ടില്‍ 12 ബില്ലുകളുമാണ് ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാതെ പിടിച്ചുവച്ചിരിക്കുന്നത്. ബിൽ സംബന്ധിച്ച് പഞ്ചാബ് ഗവർണർ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ചയോടെ നൽകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഇതിനുപിന്നാലെയാണ് ബിൽ ഒപ്പിടുന്നതിലുള്ള ഗവർണർമാരുടെ നിലപാടിനെതിരെ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് വിമർശനമുണ്ടായത്. വിഷയത്തിൽ മുഖ്യമന്ത്രിയും ഗവർണറും സംസാരിച്ച് തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിരീക്ഷണം അനുകൂലം

ഭരണഘടനാ അനുച്ഛേദം 200 പ്രകാരം നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ അനുമതി നല്‍കുകയോ തിരിച്ചയക്കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയോ ചെയ്യാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ബില്ലുകളില്‍ നടപടികളൊന്നും സ്വീകരിക്കാതെ അനന്തമായി വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഇന്നലെ ഉണ്ടായത്. ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നതിനാല്‍ സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുന്നു. ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനം എടുക്കുന്നത് സംബന്ധിച്ച് സമയക്രമം അനുച്ഛേദത്തില്‍ നിര്‍വചിച്ചിട്ടില്ലെന്ന വിഷയവും കേരളത്തിന്റെ ഹര്‍ജിയില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.

കേരളത്തിനുവേണ്ടി ഹാജരായത് മുന്‍ എജി

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെ കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹാജരായത് മുൻ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. പഞ്ചാബിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേരളത്തിന്റെ ഹര്‍ജിയും പരാമര്‍ശിക്കുകയായിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വര്‍ഷത്തോളം ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയതായി കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഹര്‍ജി സമര്‍പ്പിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ‘സുപ്രീം കോടതിയില്‍ നേരിടാം’ എന്ന് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നതായും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഫയലില്‍ സ്വീകരിച്ചതാണെന്നും വെള്ളിയാഴ്ച പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Eng­lish Sum­ma­ry: Supreme Court strong­ly crit­i­cized Gov­er­nor Raj
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.