1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024

സുപ്രീം കോടതിയുടെ രണ്ട് സുപ്രധാന വിധികൾ

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
March 5, 2023 4:30 am

രാജ്യത്തിന്റെ പരമോന്നത നീതിപീഠം ഇക്കഴിഞ്ഞ ആഴ്ചയിൽ നടത്തിയ രണ്ട് വിധി പ്രസ്താവങ്ങൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു. ഡൽഹിയിലെ ഒരു ബിജെപി നേതാവ് നൽകിയ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചത് ”രാജ്യം കത്തിയെരിയുന്നത് കാണാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്” എന്നാണ്. മറ്റൊന്ന് നിഷ്പക്ഷവും നീതിപൂർവവുമായി പ്രവർത്തിക്കേണ്ടുന്ന തെരഞ്ഞെടുപ്പു കമ്മിഷൻ കേന്ദ്ര ഗവണ്‍മെന്റിന്റെ കൈകളിൽ വെറും പാവയാകുന്നതിലുള്ള ആശങ്ക പങ്കുവച്ചുകൊണ്ട് കമ്മിഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ഒരു താല്‍ക്കാലിക കൊളീജിയം സിസ്റ്റം രൂപീകരിച്ചുകൊണ്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രസ്താവവുമാണ്. രണ്ടു ജഡ്ജ്മെന്റുകളിലും കേരളീയനായ ജസ്റ്റിസ് കെ എം ജോസഫിന്റെ കയ്യൊപ്പ് ചാർത്തപ്പെട്ടിട്ടുണ്ട് എന്നത് സന്തോഷദായകവുമാണ്. ഇന്ത്യയെ ആക്രമിച്ച് കീഴ്പ്പെടുത്തിയും അല്ലാതെയും ഇവിടെ സാമ്രാജ്യം സ്ഥാപിച്ച മുസ്ലിം ഭരണാധികാരികളുടെ പേരിൽ അറിയപ്പെടുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾക്ക് പകരം പുതിയ പേരുകൾ നൽകണമെന്നതായിരുന്നു ബിജെപി നേതാവ് അശ്വനികുമാർ ഉപാദ്ധ്യായ സുപ്രീം കോടതിയിൽ ഹർജിയിലൂടെ ആവശ്യപ്പെട്ടത്. രാജ്യഭരണം നടത്തുന്ന ബിജെപിയുടെ നേതാവിനെ ”ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും സാഹോദര്യവും സൗഹാർദവുമാണ് ജനതയെ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നും ഒരു രാജ്യത്തിന്റെയും ഭൂതകാലം വരുംതലമുറയെ വേട്ടയാടരുതെന്നും” ബെഞ്ച് ഓർമ്മിപ്പിച്ചു.

മതാന്ധതയ്ക്ക് ഇടമില്ലാത്ത ജീവിത രീതിയാണ് ഹിന്ദുമതത്തിനുള്ളതെന്നും ഹൈന്ദവതത്വ ശാസ്ത്രത്തെക്കുറിച്ച് അറിയുവാൻ ഡോ. എസ് രാധാകൃഷ്ണന്റെ പുസ്തകങ്ങൾ വായിച്ചു പഠിക്കാനും പ്രധാനമന്ത്രി മോഡിയുടെ പാർട്ടിനേതാവിനോട് സുപ്രീം കോടതി ഉപദേശിച്ചു. കണക്കിന് കിട്ടിക്കഴിഞ്ഞപ്പോൾ ഹർജി പിൻവലിയ്ക്കാൻ ബിജെപി നേതാവ് സുപ്രീം കോടതിയിൽ തയ്യാറായി. പക്ഷെ കോടതി പറഞ്ഞു, നിങ്ങൾ ഈ ഹർജി പിൻവലിയ്ക്കേണ്ടതില്ല, ഞങ്ങൾ ഇത് തള്ളുകയാണെന്ന്. മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ ഔറംഗാബാദിന്റെ പേരുമാറ്റി ”ഛത്രപതി സാംബാജി നഗർ” എന്നു നാമകരണം ചെയ്യുകയും ”ഒസ്മാനാബാദി”ന്റെ പേര് ”ധാരാശിവ” എന്നു മാറ്റുകയും ചെയ്തത് ഏതാനും ദിവസങ്ങൾക്കുമുമ്പ് മാത്രമാണ്. ഉത്തർപ്രദേശിലെ അലഹബാദ് ഇപ്പോൾ ”പ്രയാഗ്‌രാജ്” ആണ്. ഒരു മതത്തെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള ബിജെപിയുടെ കരുനീക്കങ്ങൾ മനസിലാക്കിയ നീതിപീഠം ഇന്ത്യൻ മതേതരത്വവും ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വവും ഭരണാധികാരികളെ സൗമ്യമായ ഭാഷയിൽ ഓർമ്മപ്പെടുത്തുകയായിരുന്നു.


ഇതുകൂടി വായിക്കൂ: സുപ്രീം കോടതിയുടെ സുപ്രധാന വിധി


വ്യാഴാഴ്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഒരു ചരിത്രവിധിയാണ് പുറപ്പെടുവിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324(2)ൽ പറഞ്ഞിരിക്കുന്നത്, ”പാർലമെന്റ് ഈ ആവശ്യത്തിനായി നിർമ്മിക്കുന്ന നിയമത്തിന്റെ വ്യവസ്ഥകൾക്കനുസരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെയും പ്രസിഡന്റ് നിയമിക്കേണ്ടതാണ്” എന്നാണ്. ആർട്ടിക്കിളി 324(5)ന്റെ ഒരു വ്യവസ്ഥയിൽ ചീഫ് ഇലക്ഷൻ കമ്മിഷണറെ (മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ) നീക്കം ചെയ്യേണ്ടുന്നത് സുപ്രീം കോടതിയിലെ ഒരു ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ നടപടി ക്രമത്തിൽക്കൂടി ആയിരിക്കണം എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. തന്റെ കാലാവധി തീരുന്നതുവരെയും നിർഭയമായി ചുമതല നിർവഹിക്കുവാൻ കമ്മിഷണർമാർക്ക് കഴിയണം. ജനാധിപത്യ സംവിധാനത്തിൽ നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പിന് ഇത് അനിവാര്യവുമാണ്. ഭരണഘടനാ നിർമ്മാണസഭയുടെ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ടി ”സ്വതന്ത്ര തെരഞ്ഞെടുപ്പ്” എന്നത് മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തണമെന്നുള്ള ചർച്ച സജീവമായിരുന്നു. ഡ്രാഫ്ടിങ് കമ്മിറ്റി അതിനു പകരം ഒരു പ്രത്യേക പാർട്ട് (പാർട്ട് XV) തന്നെ ഭരണഘടനയിൽ എഴുതി ചേർക്കുകയാണ് ചെയ്തത്. ഭരണഘടനയിലെവിടെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റു കമ്മിഷണർമാരുടെയും നിയമനരീതിയോ അതിനുള്ള നടപടി ക്രമങ്ങളോ മാർഗ നിർദേശങ്ങളോ പറഞ്ഞിട്ടില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും മറ്റു ജഡ്ജിമാരുടേയും നിയമനത്തിലെന്നപോലെ പ്രസിഡന്റാണ് നിയമിക്കേണ്ടത് എന്നു മാത്രമെ പറയുന്നുള്ളൂ. സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനായി പ്രസിഡന്റിന് യുക്തമെന്നു തോന്നുന്ന മറ്റു ജഡ്ജിമാരുമായി ചർച്ച ചെയ്ത് നിയമിക്കാമെന്ന് പറയുന്നതിലെ അവ്യക്തതയാണ് കൊളീജിയം സമ്പ്രദായത്തിലേക്ക് നയിച്ചത്.

ഇവിടെയും 324(2)ൽ പറയുന്ന നിയമ നിർമ്മാണം പാർലമെന്റ് നടത്താതെയിരിക്കുന്നിടത്തോളം കാലം കേന്ദ്ര ഗവണ്‍മെന്റ് ശുപാർശ ചെയ്യുന്നവരെ നിയമിക്കുകയെന്ന കടമ മാത്രമേ പ്രസിഡന്റിനു നിർവഹിക്കാനുള്ളൂ. അതുകൊണ്ടാണ് പാർലമെന്റ് ഇതിനായി ഒരു നിയമം നിർമ്മിച്ച് പ്രാവർത്തികമാക്കുന്നതുവരെ ഒരു താല്‍ക്കാലിക സംവിധാനത്തിനു കോടതി രൂപം കൊടുത്തത്. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കമ്മിറ്റി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ വേണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാൻ എന്നാണ് കോടതിയുടെ ഉത്തരവ്. ലോക്‌സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവില്ലെങ്കിൽ പാർലമെന്റിൽ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ താളത്തിനൊത്ത് തുള്ളുന്ന തെരഞ്ഞെടുപ്പ് കമ്മിഷണർമാർ സ്വതന്ത്ര തെരഞ്ഞെടുപ്പ് എന്ന കാഴ്ചപ്പാടിന് കളങ്കമാണ്. ഇനിയുമൊരു ടി എൻ ശേഷൻ വരട്ടെ എന്നു കാത്തിരിക്കുന്നതും ജനാധിപത്യത്തിന് ഭൂഷണമല്ല. മഹാരാഷ്ട്രയിലെ ശിവസേനയുടെ പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിനു നൽകിയ തെരഞ്ഞെടുപ്പു കമ്മിഷന്റെ വിധി പക്ഷപാതിത്വം നിറഞ്ഞതാണെന്ന് പരക്കെ ആരോപിക്കപ്പെടുന്നു. വിവിധ കൂറുമാറ്റ നിയമങ്ങൾ പോലും വെറും നോക്കുകുത്തികളായി മാറുന്നു.


ഇതുകൂടി വായിക്കൂ: പ്രധാനമന്ത്രി വിമര്‍ശനത്തിന് അതീതനല്ല


ജനാധിപത്യത്തിന്റെ നിലനില്പിന് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് സമ്പ്രദായം അനിവാര്യമാണ്. ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും സ്വാധീനം ഈ ജനാധിപത്യ പ്രക്രിയയെ മലീമസപ്പെടുത്തുന്നുണ്ട്. അതിനോടൊപ്പം നിഷ്പക്ഷമായി പ്രവർത്തിക്കാത്ത ഒരു തെരഞ്ഞെടുപ്പ് കമ്മിഷൻ കൂടി ഉണ്ടായാലോ? ഇപ്പോൾ തന്നെ ഹാക്കർമാർ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. വ്യാപകമായി ഇവിഎം ഉപയോഗിക്കുന്ന ഇന്ത്യയിൽ യഥാർത്ഥ ജനവിധി അട്ടിമറിയ്ക്കപ്പെടാനുള്ള സാധ്യത വളരെ വലുതാണ്. ഈ യാഥാർത്ഥ്യമെല്ലാം കണ്ണു തുറന്നു കാണാനും മനസിലാക്കാനും കഴിയുന്ന തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയുടെ ഇടപെടലിൽക്കൂടി ഉണ്ടാവുന്നെങ്കിൽ അത് തികച്ചും സ്വാഗതാർഹമാണ്.

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.