അഞ്ചു പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസില്‍ നിലാമഴ പെയ്യിച്ച ആലാപന ശൈലിക്കുടമയായിരുന്നു പി ജയചന്ദ്രന്‍. മധുരസംഗീതാലാപനം കൊണ്ട് മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വം. പണത്തിനും അംഗീകാരങ്ങള്‍ക്കും പുറകേ പായുന്ന കലാകാരന്മാര്‍ക്കിടയിലെ അപൂര്‍വതയായും അദ്ദേഹം വേറിട്ടുനിന്നു. 1958 ല്‍ കേരളത്തില്‍ ആദ്യമായി യുവജനോത്സവം നടക്കുമ്പോള്‍ ജയചന്ദ്രന് മൃദംഗത്തില്‍ ഒന്നാം സമ്മാനവും ലളിത സംഗീതത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ഒപ്പം യേശുദാസ് ലളിതസംഗീതത്തിനും ശാസ്ത്രീയ സംഗീതത്തിനും ഒന്നാം സമ്മാനം നേടുകയും ചെയ്തു. പിന്നീട് രണ്ടുപേരും ലോകം അറിയപ്പെടുന്ന സിനിമാ പിന്നണി ഗായകരായി. ശാസ്ത്രീയ സംഗീതം പഠിക്കാതെ ആയിരക്കണക്കായ അതിമനോഹര ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ ജയചന്ദ്രന്‍ ആലപിച്ചു. ഇതിന് കടപ്പെട്ടിരിക്കുന്നത് പ്രധാനമായും ദേവരാജന്‍, വി ദക്ഷിണാമൂര്‍ത്തി, എം എസ് വിശ്വനാഥന്‍, രാഘവന്‍ മാസ്റ്റര്‍, എം കെ അര്‍ജുനന്‍, പി ബി ശ്രീനിവാസന്‍ ഇവരോടെല്ലാമാണെന്ന് ജനയുഗം ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ജയചന്ദ്രന്‍ പറഞ്ഞിരുന്നു.
1965ല്‍ ജോലി തേടി മദ്രാസില്‍ എത്തി. അമ്മാവനൊപ്പമായിരുന്നു താമസം. ആ സമയത്ത് ഇന്ത്യ–പാക് യുദ്ധഫണ്ടിലേക്കുള്ള സാമ്പത്തിക സമാഹരണത്തിന് നടന്ന ഒരു ഗാനമേളയില്‍ പാടാന്‍ അവസരം കിട്ടി. യേശുദാസിന് പങ്കെടുക്കാന്‍ കഴിയാതിരുന്നതുകൊണ്ടായിരുന്നു ഈ അവസരം. എം ബി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു ഗാനമേള. അവിടെ പാടിയ പാട്ടുകള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവസരം കിട്ടി. വിന്‍സന്റ് മാസ്റ്റര്‍, ആര്‍ എസ് പ്രഭു, ശോഭന പരമേശ്വരന്‍ നായര്‍ എന്നിവരുമായി പരിചയപ്പെടുന്നത് അങ്ങനെയാണ്. ചിദംബരനാഥായിരുന്നു സംഗീത സംവിധായകന്‍.
ഒരു മുല്ലപ്പൂ മാലയുമായ് നീന്തി നീന്തി വന്നേ, ഒന്നാം കടലില്‍ മുങ്ങാംകുഴിയിട്ടൊന്നാം തിരമാല, ഒന്നാം തിരമാല… ഇതായിരുന്നു ആദ്യ ഗാനം. ഇതിനുശേഷം വിന്‍സന്റ് മാസ്റ്ററായിരുന്നു ദേവരാജന് മുന്നില്‍ എത്തിച്ചത്. ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഉത്തരം നല്‍കിയെങ്കിലും പറഞ്ഞുവിട്ടില്ല. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘കളിത്തോഴന്‍’ എന്ന സിനിമയില്‍ താരുണ്യം തന്നുടെ താമരപ്പൂവനത്തില്‍ എന്ന പാട്ടു പാടുവാന്‍ അവസരമൊരുങ്ങി. മാത്രമല്ല, അതില്‍ രണ്ടാമതൊരു ഗാനംകൂടി പാടിപ്പിക്കുകയും ചെയ്തു. ദിവസങ്ങളെടുത്തുള്ള പരിശീലനത്തിനുശേഷമായിരുന്നു റെക്കോഡിങ്.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനുമാസ ചന്ദ്രിക വന്നു.. ഇതായിരുന്നു രണ്ടാമത്തെ പാട്ട്. ആ പാട്ട് സൂപ്പര്‍ ഹിറ്റായി. പിന്നീട് ദേവരാജന്‍ കൂട്ടുകെട്ടില്‍ ഏറെ സൂപ്പര്‍ ഹിറ്റുകള്‍ പിറന്നു. പി ഭാസ്കരന്‍, വയലാര്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി ഇവരെല്ലാം ഇതിന്റെ ഭാഗമായിരുന്നു. നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും, മധുചന്ദ്രികയുടെ ചായത്തളികയില്‍ മഴവില്‍പ്പൂമ്പൊടി ചാലിച്ചു, കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു, ഇഷ്ട പ്രാണേശ്വരീ, കല്ലോലിനീ വനകല്ലോലിനീ, സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍, രൂപവതി നിന്‍ രുചിരാധരമൊരു രാഗപുഷ്പമായ് വിടര്‍ന്നു എന്നിങ്ങനെ മലയാളി ഇപ്പോഴും മൂളുന്ന നിരവധി ഗാനങ്ങള്‍ ബാക്കിവച്ചാണ് ഭാവഗായകന്റെ വിടവാങ്ങല്‍.
ഭാവഗംഭീരമായ ശബ്ദസൗകുമാര്യം
അസുരവിത്ത് എന്ന സിനിമയിലാണ് രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ആദ്യമായി ജയചന്ദ്രന്‍ പാടിയത്. തുടര്‍ന്ന് ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തില്‍ ‘കരിമുകില്‍ കാട്ടിലെ… രജനിതന്‍ വീട്ടിലെ’ എന്ന പാട്ടെത്തി. ഇത് വലിയ ഹിറ്റായി മാറി. ‘ഭാര്യമാര്‍ സൂക്ഷിക്കുക’ എന്ന ചിത്രത്തിലാണ് ആദ്യമായി ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ പാടുന്നത്. ‘മരുഭൂമിയില്‍ മലര്‍വിരിയുകയോ എന്‍ മനസിലെ മോഹം വിടരുകയോ’ എന്ന പാട്ട് വേഗത്തില്‍ ഹിറ്റായി മാറി. ‘അശ്വതീനക്ഷത്രമേ എന്‍ അഭിരാമസങ്കല്പമേ’, ഹര്‍ഷ ബാഷ്പം തൂകി, വര്‍ഷ പഞ്ചമി വന്നു, സന്ധ്യക്കെന്തിനു സിന്ദൂരം തുടങ്ങി നൂറുകണക്കിന് ഗാനങ്ങളാണ് സ്വാമിയോടൊപ്പം ചെയ്തത്.
ശ്രീകുമാരന്‍ തമ്പി എഴുതി ബാബുരാജ് ഈണമിട്ട ‘അമ്മയല്ലാതൊരു ദൈവമുണ്ടോ, അതിലും വലിയൊരു കോവിലുണ്ടോ’ എന്ന പാട്ട് ജനങ്ങളാകെ പാടി. ദേവരാജന്‍ മാസ്റ്റര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പാട്ടുപാടിയിട്ടുള്ളത് എം കെ അര്‍ജുനന്റെ സംഗീതത്തിലാണ്. പി ഭാസ്കരന്‍, ശ്രീകുമാരന്‍ തമ്പി ഇവര്‍ എഴുതിയ ഗാനങ്ങള്‍ നിരവധിയായിരുന്നു. ‘റെസ്റ്റ് ഹൗസ്’ എന്ന സിനിമയിലാണ് അര്‍ജുനന്‍ മാസ്റ്ററുമായി ആദ്യം സന്ധിക്കുന്നത്. ‘യമുനേ… യമുനേ… പ്രേമ യമുനേ… യദുകുല രതിദേവനെവിടെ’ ‘മുത്തുകിലുങ്ങി മണിമുത്തുകിലുങ്ങി’, ‘മല്ലികപ്പൂവിന്‍ മധുരഗന്ധം നിന്റെ മന്ദസ്മിതം പോലുമൊരു മധുരം’ ഇങ്ങനെ എത്രയെത്ര ഗാനങ്ങള്‍.
മലയാളവും തമിഴും ഒരുപോലെ
മലയാളവും തമിഴും ഭാവഗായകന് ഒരുപോലെയായിരുന്നു. തമിഴ് നല്ല ഒഴുക്കോടെ എഴുതാനും വായിക്കാനും പാടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു, തമിഴ്‌നാട്ടിലെ ധാരാളം പേര്‍ ആദ്യകാലത്ത് വിശ്വസിച്ചിരുന്നത് ഇദ്ദേഹം തമിഴ്‌നാട്ടുകാരന്‍ ആണെന്നായിരുന്നു. എം എസ് വിശ്വനാഥന്‍ മുഖേനയാണ് തമിഴില്‍ എത്തിയത്. ഈ കൂട്ടുകെട്ടില്‍ പിറന്ന പല പാട്ടുകളും ആന്ധ്രയിലും കര്‍ണാടകയിലും വരെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ദക്ഷിണേന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഗായകനായി. തമിഴില്‍ ആയിരത്തിലധികം പാട്ടുകള്‍ ആലപിച്ചു. തെലുങ്കിലും കന്നടയിലുമായി ഇരുന്നൂറില്‍ അധികം പാട്ടുകള്‍. 1984ല്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ ‘രാസാത്തി ഒന്നെ കാണാതെ നെഞ്ചം.… കാറ്റാടി പോലാട്ത്’ എന്ന പാട്ട് ഇന്ത്യക്കകത്ത് മാത്രമല്ല, പുറത്തും ഹിറ്റായി മാറി. 1994ല്‍ എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ പാടിയ ‘കട്രാഴം കാട്ടുവഴി’ എന്ന പാട്ടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡിനും അര്‍ഹനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.